ADVERTISEMENT

ഗോലാൻ കുന്നുകളിൽ ഇസ്രയേലി കുടിയേറ്റം ഇരട്ടിയാക്കാൻ പുതിയ പദ്ധതി ആവിഷ്കരിക്കുന്നതായി ഇസ്രയേൽ പ്രസിഡന്റ് നാഫ്താലി ബെനറ്റ് ഇന്നലെ വ്യക്തമാക്കി. ദശലക്ഷക്കണക്കിനു ഡോളർ ചെലവഴിച്ചാണു കുടിയേറ്റ പദ്ധതി പ്ലാനിടുന്നത്. അരനൂറ്റാണ്ടു മുൻപ് സിറിയയിൽ നിന്നു പിടിച്ചെടുത്ത ഗോലാൻ കുന്നുപ്രദേശത്ത് കൂടുതൽ നിയന്ത്രണം ലഭിക്കാനായാണ് ഇസ്രയേലിന്റെ പദ്ധതി.

 

ഗോലാൻ കുന്നുകൾക്കു മേലുള്ള ഇസ്രയേലിന്റെ നിയന്ത്രണത്തെ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകരിച്ചിരുന്നു. ട്രംപിന്റെ ആ നയത്തിൽ മാറ്റം വരുത്താൻ ഉടൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്ന് ബൈഡൻ ഭരണകൂടവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അനുകൂല അന്തരീക്ഷം ഉപയോഗിക്കാനാണ് ഇസ്രയേലിന്റെ ശ്രമം.

 

30 കോടി യുഎസ് ഡോളർ ഗോലാന്റെ വികസനത്തിനു വേണ്ടി മാത്രം മാറ്റിവയ്ക്കുമെന്ന് ബെനറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം, ഊർജ, സാങ്കേതികസ്ഥാപനങ്ങൾ എന്നിവ ഇവിടെ സ്ഥാപിക്കും. ഇത്തരത്തിൽ ഗോലാൻ കുന്നുകൾ തങ്ങൾക്കു വേണമെന്നുള്ള സിറിയയുടെ ആവശ്യത്തെ മറികടക്കാൻ കഴിയുമെന്നും ഇസ്രയേൽ കണക്കുകൂട്ടുന്നു. സിറിയയിൽ ശിഥിലീകൃതമായിരിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം മൂലം മറ്റു രാജ്യങ്ങൾ, ഗോലാൻ വീണ്ടും സിറിയയുടെ കൈയിലാകുന്നത് ആഗ്രഹിക്കുന്നില്ലെന്നും ഇസ്രയേൽ പറയുന്നു. അരലക്ഷത്തോളം പേരാണു നിലവിൽ ഗോലാൻ കുന്ന് പ്രദേശത്ത് വസിക്കുന്നത്. ഇവരിൽ പകുതിയോളം ജൂതരും മറുപകുതി അറേബ്യൻ ഡ്രൂസ് വംശജരുമാണ്.

 

1967ൽ നടന്ന ആറുദിന യുദ്ധത്തിലാണ് ഇസ്രയേൽ സൈന്യം ഗോലാൻ പ്രദേശം പിടിച്ചടക്കിയത്. ഈജിപ്തിനെയും ജോർദാനെയും യുദ്ധത്തിൽ പരാജയപ്പെടുത്തിയശേഷം സിറിയയുമായി ഉടലെടുത്ത പോരാട്ടത്തിൽ ഗോലാൻ നിർണായകമായി മാറി. ഇസ്രയേൽ എയർഫോഴ്സ്, കരസേനയുടെ എൻജിനീയറിങ് വിഭാഗം എന്നിവർ ഗോലാനിലേക്കു റോഡുകൾ നി‍ർമിക്കുകയും ഇത് ഇസ്രയേലിന്റെ സൈനികനീക്കം സുഗമമാക്കുകയും ചെയ്തു. തുടർന്ന് കവചിത വാഹനങ്ങളുൾപ്പെടെ കരസേന പ്രദേശത്തേക്കു കടന്നു ചെന്നു. യുദ്ധം മൂർച്ഛിച്ചതോടെ ഡ്രൂസ് വംശജരുടെ ചില ഗ്രാമങ്ങളൊഴിച്ച് സിറിയൻ സേനയും ആളുകളും പ്രദേശത്തു നിന്നു പിൻമാറി. തുടർന്ന് സിറിയയുടെ ആവശ്യപ്രകാരം ജൂൺ രണ്ടിനു വെടിനിർത്തൽ നിലവിൽ വന്നു. എഴുപതുകളുടെ അവസാനത്തോടെ മുപ്പതിലധികം ജൂത സെറ്റിൽമെന്റുകൾ മേഖലയിൽ നിലവിൽ വന്നു. 1981ൽ മേഖല തങ്ങളുടെ അധീനതയിലാക്കിയിരിക്കുന്നതായി ഇസ്രയേൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

 

ഇസ്രയേൽ ഗോലാൻ മേഖലയിൽ നിന്നു മാറണമെന്നും പ്രദേശം തിരികെ നൽകണമെന്നുമുള്ളത് സിറിയയുടെ ദീർഘനാളത്തെ ആവശ്യമാണ്. 1991ൽ ഇരുരാജ്യങ്ങളും തമ്മിൽ സ്പെയിനിലെ മഡ്രിഡിൽ നടന്ന ചർച്ചകളിലും ഇതു പ്രധാന ആവശ്യമായിരുന്നു. 2008ൽ തുർക്കിയുടെ മധ്യസ്ഥതയിൽ വീണ്ടും ചർച്ച നടന്നെങ്കിലും തീരുമാനങ്ങളൊന്നുമുണ്ടായില്ല.

 

English Summary: Israel says will ‘double settlements’ in occupied Golan Heights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT