താലിബാന്റെ പരിശീലനം പാളി: ഹെലിക്കോപ്റ്റർ താഴെ വീണ് പൈലറ്റുമാർക്ക് പരുക്ക്

taliban-helicopter-crash
Representative Image
SHARE

പരിശീലനപ്പറക്കലിനിടെ താലിബാന്റെ കൈവശമുള്ള സൈനിക ഹെലിക്കോപ്റ്ററായ എംഡി 530 തകർന്നു വീണു. അഫ്ഗാന്റെ തെക്കൻ പ്രവിശ്യയായ കാണ്ടഹാറിലായിരുന്നു സംഭവം. നിരീക്ഷണ ക്യാമറകളും ഓട്ടമാറ്റിക് മെഷീൻ ഗണ്ണുകളുമൊക്കെ ഘടിപ്പിച്ചിട്ടുള്ള ഈ ഹെലിക്കോപ്റ്ററിന് ഏകദേശം ഏഴരക്കോടി രൂപയോളം വില വരും. സാങ്കേതികത്തകരാറുകൾ മൂലമാണ് ഹെലിക്കോപ്റ്റർ തകർന്നതെന്നും ഇതിലുണ്ടായിരുന്ന രണ്ട് താലിബാൻ പൈലറ്റുമാർക്ക് പരുക്കുണ്ടെന്നും അതിലൊരാളുടെ നില ഗുരുതരമാണെന്നും താലിബാൻ വക്താവ് ഇനായത്തുല്ല ഖവാരസ്മി അറിയിച്ചതായി അഫ്ഗാൻ മാധ്യമം ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഹെലിക്കോപ്റ്റർ തകർന്നു വീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇതിനിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാണ്ടഹാറിലെ മൈവാനിൽ പ്രളയ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഹെലിക്കോപ്റ്ററാണെന്നായിരുന്നു ആദ്യം ഉയർന്ന അഭ്യൂഹം. പിന്നീടാണു  സൈനിക പരിശീലനത്തിൽ ഏർപ്പെട്ട ഹെലിക്കോപ്റ്ററാണെന്ന വിവരം വെളിവായത്. അപകടത്തിൽ ഹെലിക്കോപ്റ്റർ പൂർണമായും തകർന്നിട്ടുണ്ട്.

യുഎസിലെ ഹ്യൂഗസ്, മക്ഡൊനൽ ഡഗ്ലസ് തുടങ്ങിയ വൈമാനിക കമ്പനികൾ വികസിപ്പിച്ച ലൈറ്റ് യൂട്ടിലിറ്റി ശ്രേണിയിൽ ഉൾപ്പെടുന്ന ഹെലിക്കോപ്റ്ററാണു എംഡി 350. 1967 മുതൽ ഇത് ഉപയോഗിച്ചു വരുന്നു. 1985ൽ ഉത്തര കൊറിയ ഇത്തരം 87 ഹെലിക്കോപ്റ്ററുകൾ അമേരിക്കൻ അധികൃതരെ മറച്ചുകൊണ്ടു വാങ്ങിച്ചത് വൻ വിവാദത്തിനു വഴിയൊരുക്കിയിരുന്നു. യുഎസ് ആയുധ വ്യാപാര ഉപരോധം ഉത്തര കൊറിയയ്ക്കു മേൽ ഏർപ്പെടുത്തിയ കാലത്തായിരുന്നു ഈ കച്ചവടം. ബെൽജിയം, കൊളംബിയ, ഇക്വഡോർ, ഇറ്റലി, യുഎസിലെ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികൾ തുടങ്ങിയവർ ഈ ഹെലിക്കോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്.

അഫ്ഗാൻ പിടിച്ചടക്കലിനു ശേഷം യുഎസിന്റേതുൾപ്പെടെ ധാരാളം എയർക്രാഫ്റ്റുകളും ഹെലിക്കോപ്റ്ററുകളും താലിബാന്റെ കൈവശമെത്തിയിരുന്നു. താലിബാൻ ആധിപത്യത്തിനു മുൻപ് അഫ്ഗാൻ സൈന്യത്തിന് യുഎസ് നൽകിയവയാണ് ഇവയിലധികവും. ഏകദേശം 83 ബില്യൻ യുഎസ് ഡോളർ മൂല്യമുള്ള ആയുധങ്ങളും അമേരിക്കൻ വാഹനങ്ങളുമാണ് ഈ വിധത്തിൽ കിട്ടിയതെന്നായിരുന്നു റിപ്പോർട്ടുകൾ. മുൻപ് അഫ്ഗാൻ സേനയിലുണ്ടായിരുന്ന താലിബാൻ അംഗങ്ങൾ ഇത്തരം ആയുധങ്ങളും വാഹനങ്ങളും സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നും ഇതിൽ പരിചയമുള്ളവരെ ഇവ പ്രവർത്തിപ്പിക്കാൻ നിയോഗിക്കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുഎസ് നിർമിത ആയുധങ്ങൾ അഫ്ഗാൻ നഗരങ്ങളിലെ ലോക്കൽ ആയുധക്കടകളിൽ പോലും കിട്ടുമെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

English Summary: Afghanistan: Taliban Pilots Crash MD-530 Helicopter In Kandahar's Southern Sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA