ഹൈടെക് സുരക്ഷ, ബ്ലൂ ബുക്ക്, എസ്പിജി, ബുള്ളറ്റ് പ്രൂഫ് കാർ... പ്രധാനമന്ത്രിയുടെ യാത്ര ഇങ്ങനെ

SPG-modi
SHARE

ചുറ്റും ഹൈടെക് സംവിധാനങ്ങൾ, ബ്ലൂ ബുക്ക് നിർദേശങ്ങൾ, എസ്പിജി സുരക്ഷ, ബുള്ളറ്റ് പ്രൂഫ് കാറുകൾ... എല്ലാം ഉണ്ടായിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബ് സന്ദർശനത്തിനിടെ റോഡിൽ കുടുങ്ങിയത് വലിയ ചർച്ചയായിട്ടുണ്ട്. ഇതോടൊപ്പം പ്രാദേശിക പൊലീസ് സുരക്ഷ, രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് ഇവയൊക്കെ ഉണ്ടായിട്ടും, രാജ്യത്ത് ഏറ്റവും കനത്ത സുരക്ഷയുള്ള പ്രധാനമന്ത്രിയാണ് വഴിയിൽ കുടുങ്ങിയത്.

∙ എന്താണ് ബ്ലൂ ബുക്ക്

പഞ്ചാബിലെ സുരക്ഷാ വീഴ്ചയ്ക്കു പിന്നാലെ, ബ്ലൂ ബുക്കിലെ നിർദേശങ്ങൾ പഞ്ചാബ് സർക്കാർ അവഗണിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബ്ലൂ ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. യാത്രയ്ക്കിടെ നടപ്പിലാക്കേണ്ട പ്ലാൻ എ, ബി എല്ലാം വിശദമായി ബ്ലൂ ബുക്കിൽ യാത്രയ്ക്ക് മുൻപേ വ്യക്തമായി രേഖപ്പെടുത്തും. അവ അനുസരിച്ചാണ് യാത്ര തുടരുക. എന്നാൽ, ബ്ലൂ ബുക്കിലെ സുരക്ഷാ നിർദേശങ്ങൾ പഞ്ചാബ് പൊലീസ് നടപ്പിലാക്കേണ്ട കാര്യങ്ങൾ അവഗണിച്ചു എന്നാണ് ആരോപണം. പ്രതിഷേധക്കാരെ കുറിച്ച് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് ഉണ്ടായിട്ടും പ്രധാനമന്ത്രിയുടെ ഫിറോസ്പുർ സന്ദർശനത്തിന് ഒരു ബദൽ റൂട്ട് മുൻകൂട്ടി തയാക്കാൻ പൊലീസ് തയാറായില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ ആരോപിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിവിഐപികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ബ്ലൂ ബുക്ക് തയാറാക്കുന്നത്. സന്ദർശനത്തിനു മൂന്നു ദിവസം മുൻപുതന്നെ യാത്രയുടെ വിവരങ്ങൾ ബ്ലൂ ബുക്കിൽ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. പുറപ്പെടുന്നതു മുതൽ തിരിച്ചെത്തുന്നതു വരെയുള്ള എല്ലാ വിവരങ്ങളും അതിൽ കൃത്യ സമയം ഉൾപ്പെടെ രേഖപ്പെടുത്തിയിട്ടുണ്ടാകും. രാജ്യത്തെവിടെയും പ്രധാനമന്ത്രി സന്ദർശനം നടത്തുമ്പോൾ അവിടത്തെ പ്രാദേശിക രഹസ്യാന്വേഷണ ഏജൻസികളാണ് ബ്ലൂ ബുക്കിലേക്ക് വേണ്ട തന്ത്രപ്രധാന വിവരങ്ങൾ നൽകുന്നത്.

∙ പ്രധാനമന്ത്രിക്കു കര്‍ശന സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻപില്ലാത്ത തരത്തില്‍ സുരക്ഷാ കവചം ഒരുക്കണമെന്ന് നേരത്തേതന്നെ ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. പ്രധാനമന്ത്രി കനത്ത ഭീഷണി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കേന്ദ്ര മന്ത്രിമാര്‍ക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ പോലും സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) ക്ലിയറന്‍സില്ലാതെ അദ്ദേഹത്തിന്റെ അടുത്തെത്താന്‍ പോലും അനുമതിയില്ല.

∙ ഹൈടെക് സുരക്ഷ

പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികള്‍, താമസിക്കുന്ന സ്ഥലം, സഞ്ചരിക്കുന്ന പാതകള്‍ എന്നിവിടങ്ങളില്‍ എസ്പിജി രാജ്യത്തെ ഏറ്റവും മികച്ച സുരക്ഷയാണ് ഒരുക്കുന്നത്. വൻ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിക്ക് ഹൈടെക് സുരക്ഷ തന്നെയാണ് എസ്പിജി നൽകുന്നത്.

∙ യാത്ര ബുള്ളറ്റ് പ്രൂഫ് കാറിൽ

പ്രധാനമന്ത്രിക്ക് യാത്ര ചെയ്യുന്നതിനായി ബുള്ളറ്റ് പ്രൂഫ്കാറുകളും സുരക്ഷയ്ക്കായി ചുരുങ്ങിയത് 40 അംഗങ്ങളെങ്കിലുമുള്ള എസ്പിജി സംഘത്തെയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം, പുതിയ നിർദേശ പ്രകാരം എസ്പിജി അംഗങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് പുതിയ ബുള്ളറ്റ് പ്രൂഫ് കാർ മെയ്ബ 650 ഗാർഡ് വാങ്ങിയത്.

Modi-car

∙ സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്

പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ, അവരുടെ അടുത്ത കുടുംബാംഗങ്ങൾ എന്നിവരുടെ സുരക്ഷയ്ക്കായി രൂപം കൊടുത്ത പ്രത്യേക സായുധ സുരക്ഷാസേനയാണ് സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG). ബെൽജിയം നിർമിത എഫ്എൻ ഹെർസ്റ്റൽ എഫ്200, എഫ്എൻ ഹെർസ്റ്റൽ ഫൈവ്–സെവൻ, ഗ്ലോക്ക് 17, ഗ്ലോക്ക് 19, എഫ്എൻ ഹെർസ്റ്റൽ പി90 എന്നീ തോക്കുകളാണ് എസ്പിജി ഉപയോഗിക്കുന്നത്.

spg

∙ ഹൈടെക് വാഹനവ്യൂഹം

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ബുള്ളറ്റ് പ്രൂഫ് സുരക്ഷയുള്ള മെയ്ബ 650 ഗാർഡ്, ബിഎംഡബ്ല്യു 7 സീരീസ് സെഡാൻ, റേഞ്ച് റോവർ, ബിഎംഡബ്ല്യു എക്സ്5, ടൊയോട്ട ഫോർച്യൂണർ, ബെൻസ് ആംബുലൻസ് എന്നിവയുണ്ട്.

∙ എന്താകും ആ ബ്രീഫ്കെയ്സിലുള്ളത്?

പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘത്തിൽ ഒരു ബ്രീഫ്കെയ്സ് എപ്പോഴുമുണ്ട്. ഇതിൽ ന്യൂക്ലിയാർ വെപ്പൺ കോഡുകളാണെന്ന് ചിലർ, അത്യാവശ്യ മരുന്നുകളാവുമെന്ന് മറ്റു ചിലർ. എന്നാൽ സുരക്ഷാ രംഗത്തെ വിദഗ്ധർ പറയുന്നത് അതൊരു ബാലിസ്റ്റിക് സ്യൂട്ട്കേസാണെന്നാണ്. ഇതിനു മറുവാദവുമുണ്ട്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക സീലുകളും ലെറ്റർപാഡുകളുമാണ് അതെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു. ഇത് സംബന്ധിച്ച് സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പലപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. വിദേശരാജ്യങ്ങളിലും വിവിഐപികളുടെ സുരക്ഷാ സംഘത്തിൽ പലരും ഇത്തരം ബ്രീഫ്കെയ്സുകളുമായി നടക്കുന്നത് കാണാം.

∙ എന്താണ് ബാലിസ്റ്റിക് സ്യൂട്ട്കേസ്?

SPG

ഭാരക്കുറവുള്ളതും അതേസമയം വെടിയുണ്ടകളെ തടുക്കുന്ന ശക്തമായ ഷീൽഡായി തുറക്കാവുന്നതുമായ സ്യൂട്ട്കേസുകളാണ് ബാലിസ്റ്റിക് സ്യൂട്ട്കേസുകൾ. പല ആയുധനിർമാണ കമ്പനികളും ഇത്തരം സ്യൂട്ട്കേസുകൾ കെവ്‌ലാർ (ബുള്ളറ്റ് പ്രൂഫ് നിർമാണത്തിനുപയോഗിക്കുന്ന) പോലെയുള്ള വസ്തുക്കൾ നിർമിച്ചിട്ടുണ്ട്. അപകടകരമായ സാഹചര്യങ്ങളെ നേരിടാനുള്ളതാണ് ഈ സ്യൂട്ട്കേസുകൾ. ആക്രമണമുണ്ടായാൽ ഒരു ബട്ടണമർത്തിയാൽ സെക്കൻഡുകള്‍ക്കുള്ളിൽ മടക്കുകൾ നിവർന്ന് ബുള്ളറ്റുകളിൽനിന്നും മറ്റും എന്‍ഐജി ലെവൽ 3 സുരക്ഷ ഈ സ്യൂട്ട്കേസ് ഉറപ്പുവരുത്തും. വിവിഐപിയെ വാഹനത്തിനുള്ളിൽ കയറ്റുകയോ സുരക്ഷിത സ്ഥാനത്തെത്തിക്കുകയോ ചെയ്യുന്നതിനൊപ്പം ഈ ബ്രീഫ്കെയ്സിലെ അറകൾക്കുള്ളിൽ ആയുധങ്ങൾ ഒളിപ്പിക്കുകയും ആവശ്യാനുസരണം പുറത്തെടുക്കുകയും ചെയ്യാം.

പ്രധാനമന്ത്രിക്കും മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും, അവർ എവിടെ ആയിരുന്നാലും സുരക്ഷ ഒരുക്കുന്ന ചുമതല എസ്പിജിക്കാണ്. മികച്ച പരിശീലനവും അത്യാധുനിക ആയുധങ്ങളുമുള്ള ഈ വിഭാഗം രാജ്യത്തെ ഏറ്റവും മികച്ച സുരക്ഷാ സേനയാണ്. ആയുധങ്ങളുപയോഗിച്ച് തിരിച്ചുള്ള ആക്രമണത്തിനൊപ്പം വിവിഐപികളെ സംരക്ഷിക്കുകയെന്ന ദൗത്യം നിറവേറ്റാനുള്ള സന്നാഹങ്ങളെല്ലാം എസ്പിജിയുടെ കൈവശമുണ്ട്.

എന്നാൽ 1988ലെ എസ്പിജി ആക്ട് പ്രകാരം എസ്പിജിയുടെ സുരക്ഷാ കാര്യങ്ങളും രഹസ്യങ്ങളും അതിലെ ഉദ്യോഗസ്ഥർ പരസ്യമാക്കുന്നത് തടഞ്ഞിരിക്കുന്നതിനാൽ ഔദ്യോഗികമായി സുരക്ഷാ രഹസ്യങ്ങളൊന്നും തന്നെ സൈനികർ പുറത്തുപറയാറില്ല. ഇതിനാൽത്തന്നെ ആ ബ്രീഫ്കെയ്സ് കാണുന്നവരിലെല്ലാം കൗതുകമുണർത്തിക്കൊണ്ടിരിക്കും.

English Summary: From SPG to 'Blue Book' rules: About how the prime minister is protected from threats

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA