ADVERTISEMENT

രണ്ട് ദശാബ്ദങ്ങള്‍ക്ക് മുൻപ് പ്രായോഗികമല്ലെന്ന് കണ്ട് നാസ തള്ളിയ ഹൈപ്പര്‍സോണിക് വിമാനം വിജയകരമായി പരീക്ഷിച്ച് ചൈന. മാക് 4 മുതല്‍ മാക് 8 വരെ വേഗത്തില്‍ (മണിക്കൂറില്‍ 4900-9800 കിലോമീറ്റര്‍) സഞ്ചരിക്കാന്‍ ശേഷിയുള്ള വിമാനത്തിന്റെ ഡിസൈന്‍ ചൈനീസ് വംശജനായ മിങ് ഹാന്‍ ടാങിന്റെ നേതൃത്വത്തിലാണ് നാസയില്‍ അവതരിപ്പിച്ചിരുന്നത്. സാധാരണ ഹൈപ്പര്‍സോണിക് വിമാനങ്ങള്‍ക്ക് മധ്യഭാഗത്താണ് എൻജിനെങ്കില്‍ ടിഎസ്‌വി എക്‌സ് പ്ലെയിന്‍ എന്ന് പേരിട്ടിരുന്ന വിമാനത്തിന് ഇരുവശങ്ങളിലും ചിറകിന് താഴെയായിട്ടായിരുന്നു ഇരട്ട എൻജിനുകളുടെ സ്ഥാനം. 

 

ഉയര്‍ന്ന ചെലവും സാങ്കേതിക പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച് നാസ തള്ളിയ ഹൈപ്പര്‍സോണിക് വിമാനമാണ് ചൈന വിജയകരമായി പരീക്ഷിച്ചിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. നാസയുടെ ഹൈപ്പര്‍സോണിക് പ്രോഗ്രാമിന്റെ ഭാഗമായി 90കളിലാണ് ചൈനീസ് അമേരിക്കൻ വംശജനായ മിങ് ഹാന്‍ ടാങ് ഈ ഹൈപ്പര്‍സോണിക് വിമാനത്തിന്റെ ആശയം അവതരിപ്പിക്കുന്നത്. വേഗം കുറഞ്ഞിരിക്കുമ്പോള്‍ സാധാരണ വിമാനങ്ങളെ പോലെ സഞ്ചരിക്കുകയും ആവശ്യമുള്ളപ്പോള്‍ ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വരെ വേഗത്തിലേക്ക് മാറുകയും ചെയ്യുന്ന വിമാനമായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ശബ്ദത്തേക്കാള്‍ കൂടിയ വേഗത്തിലേക്ക് മാറുമ്പോള്‍ ഇരട്ട എന്‍ജിന്‍ ഹൈപ്പര്‍സോണിക് വിമാനത്തിന്റെ വായുവിലെ ചലനം സങ്കീര്‍ണമാണെന്നായിരുന്നു നാസ ഒടുവില്‍ വിലയിരുത്തിയത്. 

 

2000ത്തിന്റെ തുടക്കത്തില്‍ ഈ പദ്ധതി ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ നാസ ഉപേക്ഷിക്കുകയും ചെയ്തു. ചൈനീസ് ഔദ്യോഗിക മാധ്യമമായ എസ്‌സിഎംപിയുടെ റിപ്പോര്‍ട്ട് പ്രകാരം നാന്‍ജിങ് സര്‍വകലാശാലയിലെ വ്യോമയാന വിദഗ്ധര്‍ ടാങിന്റെ സംഘത്തിലെ അംഗമായിരുന്ന ടാന്‍ ഹുയ്ജുനിന്റെ നേതൃത്വത്തിലാണ് ഇത് യാഥാര്‍ഥ്യമാക്കിയത്. ഈ ഹൈപ്പര്‍സോണിക് വിമാനം വിന്‍ഡ് ടണലില്‍ മാക് 4 മുതല്‍ മാക് 8 വരെ വേഗത്തില്‍ നിരവധി സെക്കൻഡ് വിജയകരമായി പരീക്ഷണ പറക്കല്‍ നടത്താന്‍ ചൈനീസ് സംഘത്തിനായി. സങ്കീര്‍ണമായ സാഹചര്യങ്ങളിലും എൻജിന്‍ പ്രതിസന്ധികളില്ലാതെ പ്രവര്‍ത്തിക്കുന്നതായും ഇവര്‍ കണ്ടെത്തി. 

 

നിലവില്‍ ചൈനയുടെ ഹൈപ്പര്‍സോണിക് വാഹനങ്ങളും ആയുധങ്ങളും മിസൈലിന്റെ സഹായത്തിലാണ് ശബ്ദത്തേക്കാള്‍ വേഗം കൈവരിക്കുന്നത്. ആവശ്യമായ ഉയരത്തില്‍ അതിവേഗത്തിലെത്തിയ ശേഷം ഈ റോക്കറ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും എൻജിന്‍ നിയന്ത്രണം ഏറ്റെടുക്കുകയുമാണ് ചെയ്യുന്നത്. 2035 ആകുമ്പോഴേക്കും പത്ത് യാത്രക്കാരുമായി ഭൂമിയില്‍ എവിടേക്കും ഒരു മണിക്കൂറിനുള്ളില്‍ എത്താന്‍ സാധിക്കുന്ന ഹൈപ്പര്‍സോണിക് വിമാനം നിര്‍മിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

 

English Summary: China building new hypersonic plane based on prototype rejected by Nasa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT