ADVERTISEMENT

കരിങ്കടലിനു മുകളില്‍ നാറ്റോയുടെ നിരീക്ഷണ പറക്കലുകള്‍ 2020നെ അപേക്ഷിച്ച് 2021ല്‍ 60 ശതമാനം വര്‍ധിച്ചുവെന്ന് റഷ്യന്‍ സൈന്യം കഴിഞ്ഞയാഴ്ചയാണ് അറിയിച്ചത്. നാറ്റോ സഖ്യകക്ഷികളുടെ മേഖലയിലെ സൈനികാഭ്യാസങ്ങള്‍ 2020ല്‍ എട്ടെണ്ണമായിരുന്നെങ്കില്‍ പോയവര്‍ഷം അത് 15 ആയി കുതിച്ചുയര്‍ന്നുവെന്നും റഷ്യ ചൂണ്ടിക്കാണിച്ചിരുന്നു. കരിങ്കടല്‍ മേഖലയില്‍ റഷ്യക്ക് നേരെ ഒരു ആക്രമണത്തിന് അമേരിക്കയും സഖ്യകക്ഷികളും മുതിര്‍ന്നാല്‍ വന്‍ തിരിച്ചടിയായിരിക്കും ഫലമെന്ന് ചൈനീസ് പോര്‍ട്ടലായ സോഹു മുന്നറിയിപ്പ് നല്‍കുന്നു. 

 

'കിഴക്കന്‍ യൂറോപ്പില്‍ സമീപഭാവിയില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് കരുതുന്നത്. കൂടുതല്‍ എഫ്–35 നിരീക്ഷണ വിമാനങ്ങളെ നാറ്റോ മേഖലയില്‍ വിന്യസിക്കാനും സാധ്യത കൂടുതലാണ്. ഇതിനോട് റഷ്യ പ്രതികരിക്കില്ലെന്ന് കരുതാനാവില്ല. റഷ്യന്‍ വ്യോമാതിര്‍ത്തി എഫ്–35 ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിക്കാണ് സാധ്യത' എന്നും സോഹു റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

റഷ്യയുടെ എസ്–300, എസ്–400 വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കും നിരീക്ഷണ വിമാനങ്ങള്‍ക്കും ഭീഷണിയാവുക. ഏറ്റവും പുതിയ എസ്–500 മിസൈല്‍ പ്രതിരോധ സംവിധാനവും റഷ്യ മേഖലയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുക്രെയിനെ ചൊല്ലി അമേരിക്കയും റഷ്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാണ്. കരിങ്കടലിലെ പടക്കപ്പലുകളില്‍ നിന്നും മുങ്ങിക്കപ്പലുകളില്‍ നിന്നും മിസൈല്‍ ആക്രമണം നടത്താന്‍ അമേരിക്കക്കാവും. ഇത് ഉക്രെയിന്‍ അതിര്‍ത്തിയിലുള്ള റഷ്യന്‍ സൈന്യത്തിന് വലിയ നാശമാവും വരുത്തുക എന്നാണ് കരുതപ്പെടുന്നത്. വിവിധ എഫ്–35 വിമാനങ്ങളും നീക്കത്തില്‍ നിര്‍ണായകമാവും. 

 

യുക്രെയ്‌നെ ലക്ഷ്യം വയ്ക്കുന്ന അമേരിക്കന്‍ മിസൈലുകള്‍ക്കും പോര്‍വിമാനങ്ങള്‍ക്കുമുള്ള റഷ്യന്‍ മറുപടി വിപുലമായ വ്യോമ പ്രതിരോധ സംവിധാനമാണ്. 71 എസ്–400 വ്യോമ പ്രതിരോധ സംവിധാനങ്ങളും എസ് 300ന്റെ 125 ബറ്റാലിയനും റഷ്യക്കുണ്ട്. എസ്–300, എസ്–400 എന്നിവ സംയുക്തമായി ഉപയോഗിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചെന്ന് കഴിഞ്ഞ ഒക്ടോബറില്‍ റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇങ്ങനെ ചെയ്താല്‍ ഹ്രസ്വദൂരങ്ങളില്‍ മിസൈല്‍ പ്രതിരോധം കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്നാണ് റഷ്യ കരുതുന്നത്. 1980കളുടെ അവസാനത്തില്‍ റഷ്യ വികസിപ്പിച്ചെടുത്ത എസ്–300 മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ഇപ്പോഴും റഷ്യന്‍ യുദ്ധതന്ത്രങ്ങളില്‍ വലിയ പ്രാധാന്യമുണ്ട്. കാലാകാലങ്ങളില്‍ ഈ വ്യോമ പ്രതിസോധ സംവിധാനം ദൂരപരിധി വികസിപ്പിക്കുകയും കൂടുതല്‍ കാര്യക്ഷമത നേടുകയും ചെയ്തു. 

 

റഷ്യ യുക്രെയ്‌നെ കീഴ്‌പെടുത്താന്‍ ശ്രമിക്കുമെന്ന അഭ്യൂഹങ്ങളാണ് അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുന്നത്. അതേസമയം, യുക്രെയ്ന്‍ അധിനിവേശം നടത്തില്ലെന്നാണ് റഷ്യ ആവര്‍ത്തിക്കുന്നത്. റൊമാനിയയിലും പോളണ്ടിലും അമേരിക്ക വിന്യസിച്ചിരിക്കുന്ന എംകെ 41 ലോഞ്ചറുകള്‍ ഉപയോഗിച്ച് റഷ്യക്ക് നേരെ ആണവാക്രമണം നടത്താന്‍ കഴിയുമെന്ന് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുണ്ടായിരുന്നു. യുക്രെയ്‌നില്‍ അമേരിക്ക റഷ്യയെ ലക്ഷ്യമാക്കി മിസൈല്‍ സജ്ജീകരിച്ചാല്‍ ലക്ഷ്യത്തിലെത്താനുള്ള സമയം വീണ്ടും കുറയുമെന്ന കാര്യം റഷ്യന്‍ പ്രസിഡന്റ് പുടിന്‍ തന്നെ ഓര്‍മിപ്പിച്ചിരുന്നു.

 

നാറ്റോ കക്ഷികളും റഷ്യയുമായി പരസ്പരം ആക്രമിക്കില്ലെന്ന കരാറിലെത്താന്‍ ഡിസംബര്‍ പകുതി മുതല്‍ റഷ്യന്‍ വിദേശ കാര്യ മന്ത്രാലയം ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പരസ്പരം മിസൈലുകള്‍ വിന്യസിക്കില്ലെന്നും സൈന്യത്തെ അണി നിരത്തില്ലെന്നും ഈ സന്ധി കരാര്‍ വ്യക്തമാക്കുന്നു. ജനുവരിന് 10ന് ജനീവയില്‍ റഷ്യയും അമേരിക്കയും തമ്മില്‍ ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കും. യുക്രെയിനെ ചൊല്ലിയുള്ള അമേരിക്കന്‍-റഷ്യന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള പോംവഴികള്‍ ഈ ചര്‍ച്ചകളില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷ.

 

English Summary: US Would Get ‘Big Surprise’ If It Tried F-35 Raid Against Russia in Black Sea, Chinese Media Says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com