ഇന്ത്യയുടെ ഈ മുങ്ങിക്കപ്പൽ ഇപ്പോഴും രഹസ്യമാണ്, ചിത്രങ്ങൾ പോലും ലഭ്യമല്ല, എസ്–4 നീറ്റിലിറക്കിയെന്നും റിപ്പോർട്ട്

arihant-class-submarine
SHARE

2016ലാണ് ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് അരിഹന്ത് എന്ന മുങ്ങിക്കപ്പല്‍ കമ്മിഷന്‍ ചെയ്തത്. വര്‍ഷം അഞ്ചു കഴിഞ്ഞെങ്കിലും ഇന്നും വ്യക്തമായ ഒരു ചിത്രം പോലും ഈ മുങ്ങിക്കപ്പലിന്റേതായി ലഭ്യമല്ല. ഇന്റര്‍നെറ്റില്‍ കറങ്ങിനടക്കുന്ന പല ചിത്രങ്ങളും വര്‍ഷങ്ങള്‍ പഴക്കമുള്ള മറ്റേതെങ്കിലും മുങ്ങിക്കപ്പലുകളുടേതാണ്. ഇന്ത്യന്‍ മുങ്ങിക്കപ്പലുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രഹസ്യ സ്വഭാവമുള്ള ഒന്നായാണ് ഐഎന്‍എസ് അരിഹന്ത് വിശേഷിപ്പിക്കപ്പെടുന്നത്. 

അരിഹന്ത് ശ്രേണിയില്‍ രണ്ട് മുങ്ങിക്കപ്പലുകളാണ് ഇന്ത്യക്കുള്ളത്. ആദ്യത്തേത് ഐഎന്‍എസ് അരിഹന്ത് (എസ് 2) 2016ല്‍ നീറ്റിലിറക്കി. രണ്ടാമത്തേത് കഴിഞ്ഞ വര്‍ഷം സേനയുടെ ഭാഗമാകുന്ന ഐഎന്‍എസ് അരിഹന്ത് (എസ് 3). ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള മുങ്ങിക്കപ്പലുകളാണിവ. മറ്റു ബാലിസ്റ്റിക് മിസൈല്‍ വാഹക ശേഷിയുള്ള മുങ്ങിക്കപ്പലുകളെ അപേക്ഷിച്ച് വലുപ്പം കുറവാണെന്നതാണ് അരിഹന്തിന്റെ പ്രധാന പ്രത്യേകത. പുതുതായി മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്ന ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങള്‍ പ്രായോഗികത മുന്‍ നിര്‍ത്തി ചെറിയ മുങ്ങിക്കപ്പലുകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. 

ഇതിനിടെ വിശാഖപട്ടണത്തെ കപ്പൽ നിർമാണ കേന്ദ്രത്തിൽ (എസ്‌സിബി) ഇന്ത്യയുടെ മൂന്നാമത്തെ അരിഹന്ത്-ക്ലാസ് (എസ്–4) ആണവോർജ മിസൈൽ മുങ്ങിക്കപ്പൽ രഹസ്യമായി നീറ്റിലിറക്കിയതായി സാറ്റലൈറ്റ് ഇമേജറി ഉറവിടങ്ങളെ ഉദ്ധരിച്ച് യുകെ ആസ്ഥാനമായുള്ള ജെയ്ൻസ് ഡിഫൻസ് വീക്കിലി റിപ്പോർട്ട് ചെയ്തിരുന്നു.

റഷ്യന്‍ നിര്‍മിത കിലൊ ക്ലാസ് മുങ്ങിക്കപ്പലുകളുമായി അരിഹന്തിനുള്ള സാമ്യതയും എടുത്തു പറയേണ്ടതാണ്. മുകള്‍ഭാഗത്തെ സോണാര്‍ ഡോം, മുന്‍ഭാഗം തുടങ്ങിയവയിലെല്ലാം കിലൊ ക്ലാസ് മുങ്ങിക്കപ്പലുകളുമായി അരിഹന്തിനെ വേര്‍തിരിച്ചെടുക്കുക എളുപ്പമല്ല. ഇന്ത്യ 10 കിലൊ ക്ലാസ് മുങ്ങിക്കപ്പലുകളെ വാങ്ങിയിട്ടുണ്ടെന്നതും അരിഹന്തിന് ഒളിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഐഎന്‍എസ് സിന്ധുഘോഷ് എന്ന പേരിലാണ് കിലൊ ക്ലാസ് മുങ്ങിക്കപ്പലുകളെ ഇന്ത്യ ഉപയോഗിക്കുന്നത്. ടോര്‍പെഡോ ട്യൂബിലാണ് അരിഹന്തും കിലൊ ക്ലാസ് മുങ്ങിക്കപ്പലുകളും തമ്മില്‍ പ്രധാന വ്യത്യാസമുള്ളത്. 

മിസൈലുകള്‍ സൂക്ഷിക്കുന്ന ഭാഗവും അരിഹന്തിന്റേത് തനതായവയാണ്. നേര്‍ രേഖയില്‍ നാല് മിസൈലുകള്‍ അരിഹന്തില്‍ സജ്ജീകരിക്കാനാകും. തുടക്കത്തില്‍ കെ 15 സാഗരിക മിസൈലുകള്‍ അരിഹന്തില്‍ ഉപയോഗിക്കാനായിരുന്നു പദ്ധതി. 400 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ 1000 കിലോഗ്രാം എത്തിക്കാന്‍ ശേഷിയുള്ളവയാണ് കെ 15 സാഗരിക മിസൈലുകള്‍. 

ina arihant

കെ 15ന് പകരം കെ 4 മിസൈലുകളാണ് ഇപ്പോള്‍ അരിഹന്തില്‍ ഉള്ളത്. മുങ്ങിക്കപ്പലുകളില്‍ നിന്നും പ്രയോഗിക്കാന്‍ സാധിക്കുന്ന ബാലിസ്റ്റിക് മിസൈലുകളാണ് (SLBM) ഇവ. കെ 15 മിസൈലുകളുടെ ദൂരപരിധിയുടെ ഏതാണ്ട് നാലിരട്ടിയായ 1900 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലേക്ക് എത്താനും കെ 4 മിസൈലുകള്‍ക്ക് സാധിക്കും. വൈകാതെ പുറത്തിറങ്ങുന്ന പുതിയ അരിഹന്ത് മുങ്ങിക്കപ്പലും രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summry: India Quietly Launches Third Arihant-Class Nuclear-Powered Submarine: Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS