ഹമാസിനെ ആക്രമിക്കാനെത്തിയത് ഇസ്രയേലിന്റെ കൊലയാളി ഡോൾഫിനുകൾ: വെളിപ്പെടുത്തൽ

Dolphins
Photo credit: INGIMAGE
SHARE

തങ്ങളുടെ നാവിക വിഭാഗം അംഗങ്ങൾക്കെതിരെ ഇസ്രയേൽ പ്രത്യേക പരിശീലനം നേടിയ കൊലയാളി ഡോൾഫിനുകളെ ഉപയോഗിച്ചെന്ന് ഹമാസിന്റെ വെളിപ്പെടുത്തൽ. പ്രത്യേക യുദ്ധ ആയുധങ്ങൾ ഘടിപ്പിക്കപ്പെട്ട ഡോൾഫിനുകൾ ഗാസാ തീരത്തിനു സമീപമാണ് ഹമാസ് അംഗങ്ങളെ ആക്രമിക്കാനും പിന്തുടരാനും ശ്രമിച്ചതെന്നും അൽ കുദ്‌സ് പുറത്തിറക്കിയ റിപ്പോർട്ടിലുണ്ട്. എപ്പോഴായിരുന്നു ഈ ആക്രമണം നടന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.

എന്തു തരം ആയുധമാണ് ഡോൾഫിനിലുണ്ടായിരുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ 2015ലും സമാനമായ ഒരു ആക്രമണം നടന്നിരുന്നു. അന്ന് ഡോൾഫിനിൽ ക്യാമറയും റിമോട്ട് കൺട്രോൾ കൊണ്ട് നിയന്ത്രിക്കാവുന്ന ഒരായുധവും ഉണ്ടായിരുന്നതായി അൽ കുദ്‌സ് പറയുന്നു. ചാട്ടുളി പോലത്തെ സ്‌ഫോടകവസ്തുക്കൾ പുറന്തള്ളുന്ന ആയുധമായിരുന്നു ഇത്. ഈ ഡോൾഫിന്റെ ആക്രമണം അന്നു ചെറുത്തെന്നും ഡോൾഫിനെ പിടികൂടിയെന്നും ഹമാസ് അവകാശപ്പെട്ടിട്ടുണ്ട്.

വെളിപ്പെടുത്തലിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ശ്രദ്ധ നേടി. മീമുകളിലും ട്രോളുകളിലും പോലും ഡോൾഫിൻ സംഭവം ഇടംനേടിയിട്ടുണ്ട്. ഇസ്രയേൽ ജീവികളെ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുന്നെന്ന് നേരത്തേയും ആരോപണങ്ങളുണ്ടായിട്ടുണ്ട്. 2010ൽ ഈജിപ്തിലെ തെക്കൻ സിനായ് മേഖലയുടെ ഗവർണറായിരുന്ന മുഹമ്മദ് അബ്ദേൽ ഫാദി, ഇസ്രേയേലിന്റെ ശ്രമഫലമായാണ് ഈജിപ്തിലെ ഷറം എൽ ഷെയ്ഖ് മേഖലയിൽ വലിയ തോതിൽ സ്രാവുകളുടെ ആക്രമണം നടക്കുന്നതെന്ന് ആരോപിച്ചു. ഈജിഷ്യൻ വിനോദസഞ്ചാരമേഖലയെ തകർക്കാനാണ് ഇതിലൂടെ ഇസ്രയേൽ ശ്രമിക്കുന്നതെന്നും ഫാദി ആരോപണമുന്നയിച്ചു. ഇസ്രയേൽ ചാരസംഘടനയായ മൊസാദാണ് ഇതിനു പിന്നിലെന്നായിരുന്നു വാദം.

2013ൽ ഇസ്രയേലിനു വേണ്ടി ചാരവൃത്തി നടത്തുന്നെന്ന സംശയത്തിൽ ഒരു പക്ഷിയെ തുർക്കിഷ് അധികൃതർ പിടികൂടുകയും എക്‌സ് റേ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു. എന്നാൽ പരിശോധനയിൽ നിരീക്ഷണ ഉപകരണങ്ങളൊന്നും കണ്ടെത്താത്തതിനെത്തുടർന്ന് ഈ പക്ഷിയെ വിട്ടയച്ചു. ഡോൾഫിനുകളെ ഇറാൻ സേനയും ദൗത്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ജലജീവികളെ വിവിധ സൈന്യങ്ങൾ യുദ്ധാവശ്യങ്ങൾക്കായി നേരത്തേയും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ആക്രണത്തിനല്ല, മറിച്ച് നിരീക്ഷണത്തിനായിരുന്നു ഇത്തരം ശ്രമങ്ങളിൽ കൂടുതലും. റഷ്യ ബെലുഗ എന്നറിയപ്പെടുന്ന തിമിംഗലങ്ങളെ നിരീക്ഷണത്തിനായി ഉപയോഗിച്ചെന്നു നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുഎസ് നേവി അറുപതുകൾ മുതൽ മറൈൻ ആനിമൽസ് പ്രോഗ്രാം നടപ്പിലാക്കിയിട്ടുണ്ട്. ബോട്ടിൽ നോസ് ഡോൾഫിനുകൾ എന്ന ജീവികളെ ഉപയോഗിച്ച് കടൽബോംബുകളും ശത്രുനീന്തൽക്കാരെയും കണ്ടെത്തുകയായിരുന്നു പ്രധാന ദൗത്യം. കലിഫോർണിയയിലെ കടൽസിംഹങ്ങളെ ഉപയോഗിച്ച് ബോംബ് നിർവീര്യമാക്കാനും യുഎസ് നേവി ശ്രമിച്ചിരുന്നു. വിയറ്റ്‌നാം യുദ്ധ സമയത്ത് നീന്തിയെത്തുന്ന എതിരാളികളെ ആക്രമിക്കാൻ ഡോൾഫിനുകളെ ഉപയോഗിച്ചെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും യുഎസ് നേവി ഇതു നിഷേധിക്കുകയാണ് ഉണ്ടായത്.

English Summary: Killer Zionist dolphins? Hamas claims they exist

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS