പറക്കലിനിടെ തയ്‌വാന്റെ അത്യാധുനിക യുദ്ധവിമാനം കാണാതായി – കണ്ടെത്താനായി തിരച്ചിൽ

taiwan-f-16
SHARE

പറക്കൽ പരിശീലനത്തിനിടെ തയ്‌വാൻ വ്യോമസേനയുടെ അത്യാധുനിക എഫ് 16 വൈപ്പർ ഫൈറ്റർ ജെറ്റ് യുദ്ധവിമാനം കാണാതായി. കടലിനു മുകളിലൂടെ പറന്ന വിമാനവും തെക്കുപടിഞ്ഞാറൻ തയ്‌വാനിലെ എയർബേസുമായുള്ള ബന്ധം തുടക്കം മുതൽ നിലനിന്നിരുന്നെങ്കിലും ഇടയ്ക്കെപ്പോഴോ മുറിഞ്ഞു. ഒറ്റ പൈലറ്റ് മാത്രമുള്ള വിമാനത്തിനെ ക്യാപ്റ്റൻ ഷെൻ യി എന്ന തായ്‌വാൻ വ്യോമസേനാ ഉദ്യോഗസ്ഥനാണ് നിയന്ത്രിച്ചിരുന്നത്. ഇദ്ദേഹത്തെക്കുറിച്ചും യാതൊരു വിവരവുമില്ല.

ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് വിമാനം അപ്രത്യക്ഷമായതെന്ന് തയ്‌വാൻ വ്യോമസേനാ അധികൃതർ അറിയിച്ചു. എന്നാൽ, വിമാനം തയ്‌വാനിലെ ഡോങ്ഷി ടൗൺഷിപ്പിനു സമീപമുള്ള തീരക്കടലിൽ തകർന്നു വീണതായി ദൃക്സാക്ഷികളുടെ റിപ്പോർട്ടുണ്ട്. ഇക്കാര്യം തയ്‌വാന്റെ പ്രസിഡൻഷ്യൽ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം കണ്ടെത്താനായി തയ്‌വാൻ വ്യോമസേന, തീരസംരക്ഷണ സേന, നാവിക സേന എന്നിവർ ശക്തമായ തിരച്ചിൽ തുടങ്ങിയതായും പ്രസിഡൻഷ്യൽ ഓഫിസ് അറിയിച്ചു.

1998 മുതൽ ഇതുവരെയുള്ള കാലഘട്ടത്തിൽ പുതിയ സംഭവത്തിൽ ഉൾപ്പെടെ എട്ട് എഫ് 16 വിമാനങ്ങൾ തയ്‌വാൻ വ്യോമസേനയുടേതായി തകർന്നിട്ടുണ്ടെന്നാണു കണക്ക്. ഇതിൽ ആറെണ്ണത്തിലും പൈലറ്റുമാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ചൈനയിൽ നിന്നുള്ള ആക്രമണ ഭീഷണി ശക്തമായതോടെ തങ്ങളുടെ വ്യോമസേനയുടെ മൂർച്ച കൂട്ടുന്നതിന്റെ ഭാഗമായി 141 എഫ് 16 വിമാനങ്ങൾ 4000 കോടി ഡോളർ ചെലവിൽ തയ്‌വാൻ നവീകരിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നവീകരിക്കപ്പെട്ട വിമാനമാണ് ഇപ്പോൾ കാണാതായിരിക്കുന്നത്.

അടുത്തിടെ ഉയർന്ന ചൈനീസ് അധിനിവേശ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചൈനയുടെ വ്യോമസേനാ വിമാനങ്ങൾ തുടർച്ചയായി തയ്‌വാന്റെ വ്യോമാതിർത്തി ലംഘിക്കുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തിൽ ഇന്റർസെപ്ഷൻ നടപടികൾക്കായി തയ്‌വാന്റെ വ്യോമസേന നിതാന്ത ജാഗ്രതയിലാണ്. ഡിസംബർ അഞ്ചിനു യുദ്ധസമാനമായ സാഹചര്യങ്ങൾ പുനസൃഷ്ടിച്ച് എലിഫെന്റ് വോക്ക് എന്ന സൈനികാഭ്യാസം നടത്തിയത് ശ്രദ്ധേയമായിരുന്നു. എന്നാൽ ഇത്തരം നടപടികളുടെ ഭാഗമായല്ല ഇപ്പോൾ വിമാനം പറന്നതെന്നും വീണതെന്നും തയ്‌വാൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നവംബറിൽ 64 പുതിയ എഫ് 16 ജെറ്റുകൾ തയ്‌വാൻ വാങ്ങിയിരുന്നു. തയ്‌വാൻ വ്യോമസേനയുടെ ആക്രമണ കുന്തമുന ഈ ജെറ്റുകൾ അടങ്ങിയ സ്ക്വാഡ്രനിലാണ്. ഇത്തരം 66 പുതിയ ജെറ്റുകൾ കൂടി അടുത്ത വർഷം വാങ്ങാൻ തയ്‌വാനു പദ്ധതിയുണ്ട്. അത്യാധുനിക ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങൾ, കൂടുതൽ ശക്തമായ പ്രതിരോധ കവചം, കൃത്യതയാർന്ന ജിപിഎസ് സംവിധാനം, കൂടുതൽ ആയുധങ്ങളും ഇന്ധനവും വഹിക്കാൻ കെൽപു നൽകുന്ന കരുത്തുറ്റ ലാൻഡിങ് ഗീയർ, സ്ലാം ഇആർ എന്നീ മിസൈലുകൾ എന്നിവയുൾപ്പെടുന്നതാണ് തയ്‌വാന്റെ എഫ് 16 ജെറ്റ് വിമാനങ്ങൾ.

English Summary: Taiwan grounds entire F-16 fleet after upgraded jet crashes into sea

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS