ADVERTISEMENT

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് വാങ്ങുന്ന ആദ്യ രാജ്യമായി ഫിലിപ്പീൻസ്. പ്രതിരോധ വിപണിയിലെ തന്നെ ഏറ്റവും മികച്ച മിസൈലുകളിലൊന്നായ ബ്രഹ്മോസ് തേടി നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്. അറബ് രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാൻ താൽപര്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

 

ബ്രഹ്മോസ് ക്രൂസ് മിസൈൽ വാങ്ങാനുള്ള ഫിലിപ്പീൻസ് തീരുമാനം ആഗോള ആയുധവിപണിയിൽ ഇന്ത്യയ്ക്കു വൻ നേട്ടമാകുമെന്നാണ് റിപ്പോർട്ട്. 3 ബാറ്ററി ബ്രഹ്മോസ് മിസൈലുകളാണു ഫിലിപ്പീൻസ് ആവശ്യപ്പെട്ടതെന്നറിയുന്നു. ഒരു ബാറ്ററിയിൽ 4 മുതൽ 6 വരെ മിസൈലുകളാണുള്ളത്. 37.49 കോടി ഡോളറിന്റെ (ഏകദേശം 2774 കോടി രൂപ) ഇടപാടാണ്. ഫിലിപ്പീൻസിന്റെ തീരപ്രതിരോധ റെജിമെന്റാണു മിസൈൽ വിന്യസിക്കുക. ചൈനയാണു ഫിലിപ്പീൻസിനു പ്രധാന സുരക്ഷാഭീഷണി ഉയർത്തുന്നത്. വിയറ്റ്നാം, ചിലെ എന്നീ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാൻ താൽപര്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

 

ഇതാദ്യമായാണു തന്ത്രപരമായി വൻ മൂല്യമുള്ള ഒരായുധം ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. 42 രാജ്യങ്ങൾക്ക് ഇന്ത്യ ആയുധങ്ങൾ കയറ്റുമതി ചെയ്ത് 8500 കോടി രൂപയോളം കഴിഞ്ഞവർഷം നേടിയെങ്കിലും അവയെല്ലാം റൈഫിൾ, ടോർപിഡോ വെടിക്കോപ്പ്, ഷെല്ലുകൾ തുടങ്ങിയ ലഘു ആയുധങ്ങളും വൻ ആയുധങ്ങളുടെ സ്പെയർ പാർട്സും പാരഷൂട്ട് തുടങ്ങിയ സാമഗ്രികളുമാണ്. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് വികസിപ്പിച്ച ധ്രുവ് ഹെലികോപ്റ്ററാണു നേരത്തേ നടത്തിയ ഒരു വൻ സൈനിക സാമഗ്രി കയറ്റുമതി.

 

ഖത്തർ, യുഎഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതായി നേരത്തെ ഫിനാൻഷ്യൽ എക്സ്പ്രസ് ഓൺ‌ലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. ചർച്ചകൾ ഇപ്പോഴും നടക്കുകകയാണ്. കോവിഡ്-19 മൂലമുള്ള ആഗോള പ്രതിസന്ധി കാരണം ചർച്ചകൾ നിർത്തിവച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

 

സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ കരയും കടൽ അധിഷ്ഠിത പതിപ്പുകൾ വിൽക്കുന്നതിനായി തായ്‌ലൻഡ്, ഇന്തൊനീഷ്യ, വിയറ്റ്നാം എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇന്തോ-റഷ്യൻ ബ്രഹ്മോസ് സംവിധാനം സ്വന്തമാക്കുന്ന ആദ്യ രാജ്യമായി ഫിലിപ്പൈൻസ് മാറി കഴിഞ്ഞു.

 

ആയുധ സംവിധാനം നിർമിക്കുന്ന ബ്രഹ്മോസ് എയ്‌റോസ്‌പേസ് ടീം നേരത്തെ തന്നെ മനില സന്ദർശിച്ചിരുന്നു. ഫിലിപ്പൈൻസ് സൈന്യത്തിന്റെ ആദ്യത്തെ ലാൻഡ് ബേസ്ഡ് മിസൈൽ സിസ്റ്റം ബാറ്ററി ഇന്ത്യയുടെ ബ്രഹ്മോസുമായി സജ്ജമാക്കാൻ മനില ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

 

ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകൾ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്കരിച്ച് തയാറാക്കുകയായിരുന്നു. ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) പരിഷ്കരിച്ച വിമാനം 2015 ഫെബ്രുവരിയിലാണു വ്യോമസേനയ്ക്കു കൈമാറിയത്. വീണ്ടും ഒരു വർഷത്തെ പരീക്ഷണങ്ങൾക്കും ജോലികൾക്കുമൊടുവിലാണു സുഖോയ് 30-ബ്രഹ്മോസ് സംയോജനം പൂർത്തിയായത്. 

 

വ്യക്തമായി കാണാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളിൽ പോലും ആക്രമണം നടത്താൻ കഴിയുമെന്നതാണു ബ്രഹ്മോസ്–സുഖോയ് സംയോജനത്തിന്റെ ഗുണം. ഇന്ത്യയും റഷ്യയും ചേർന്നാണു ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത്. മണിക്കൂറിൽ 3,200 കിലോമീറ്ററാണു വേഗം. ഭാരം 2500 കിലോ. കരയിൽനിന്നും കടലിൽനിന്നും തൊടുക്കാം. 290 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകൾ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും. എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂർണമായും തകർക്കാനും കഴിയും.

 

കൂടുതൽ പരിധിയിൽ പ്രയോഗിക്കാൻ ശേഷിയുളള ബ്രഹ്മോസ് മിസൈലുകളും ഇന്ത്യ നിര്‍മിക്കുന്നുണ്ട്. 2017 ജൂണില്‍ ഇന്ത്യയ്ക്ക് മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെയ്ഷിമിൽ ‍(എംടിസിആര്‍) അംഗത്വം ലഭിച്ചതാണ് ബ്രഹ്മോസിന്റെ പരിധി വര്‍ധിപ്പിക്കുന്നത് സാധ്യമാക്കിയത്. ചൈനയുടെ ശക്തമായ ഇടപ്പെടല്‍ മറികടന്നാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്. ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ടുള്ള 34 രാജ്യങ്ങളുടെ കൂട്ടായ്മയാണ് എംടിസിആര്‍. 500 കിലോഗ്രാം വരെ ഭാരമുള്ളതും 300 കിലോമീറ്റര്‍ വരെ പരിധിയുള്ളതുമായ മിസൈലുകളും ഡ്രോണുകളും പരിശോധിക്കുകയും സാങ്കേതിക വിദ്യകള്‍ പരസ്പരം കൈമാറുകയും ചെയ്യുന്നതിന് എംടിസിആര്‍ അംഗരാജ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നു.

 

എംടിസിആറില്‍ അംഗമല്ലാത്ത രാജ്യങ്ങളിലേക്ക് 300 കിലോമീറ്ററില്‍ കൂടുതല്‍ പരിധിയുള്ള മിസൈലുകള്‍ കൈമാറുന്നതിന് വിലക്കുണ്ടായിരുന്നു. റഷ്യ നേരത്തെ തന്നെ എംടിസിആറില്‍ അംഗമായിരുന്നു. ഇക്കാരണത്താല്‍ ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ പരിധി 300 കിലോമീറ്ററില്‍ കുറയുകയായിരുന്നു. ഈ പ്രതിബന്ധമാണ് അംഗത്വം ലഭിച്ചതോടെ ഇന്ത്യ തന്ത്രപരമായി മറികടന്നത്. എംടിസിആറില്‍ അംഗമായതോടെ ഇന്ത്യയ്ക്കും റഷ്യക്കും സംയുക്തമായി ബ്രഹ്മോസിന്റെ വില്‍പന നടത്താനാൻ സാധിച്ചു.

 

ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകള്‍ പകുതി ദൂരത്തിന് ശേഷം സഞ്ചരിക്കുന്നത്. അതേസമയം ക്രൂസ് മിസൈലുകള്‍ തുടക്കം മുതല്‍ ലക്ഷ്യസ്ഥാനം വരെ ഇന്ധനം ഉപയോഗിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ കൃത്യത കൂടുതലാണ്. ആളില്ലാ വിമാനം പോലെ ലക്ഷ്യ സ്ഥാനം വരെ ബ്രഹ്മോസിനെ നിയന്ത്രിക്കാനാകും. ഉദാഹരണത്തിന് മലമടക്കുകളിലെ ദുഷ്‌കര ലക്ഷ്യസ്ഥാനങ്ങള്‍ പോലും പ്രകൃതിയുടെ പ്രതിബന്ധങ്ങള്‍ മറികടന്ന് ബ്രഹ്മോസിന് കൃത്യമായി തകര്‍ക്കും. 

 

∙ ബ്രഹ്മോസിനെ കുറിച്ച്

 

1. ഡിആർഡിഒയും (ഇന്ത്യ) എൻപിഒഎമ്മും (റഷ്യ) ചേർന്ന് ബ്രഹ്മോസ് ഏറോസ്പേസ് സ്ഥാപിച്ചു. 

2. 1998 ഫെബ്രുവരിയിൽ ബ്രഹ്മോസ് ഏറോസ്പേസ് സ്ഥാപിച്ചു. 

3. ബ്രഹ്മപുത്ര, മോസ്ക്‌വ നദികളുടെ പേരുകള്‍ കൂട്ടിച്ചേർത്താണ് ബ്രഹ്മോസ് പേരുവന്നത്. 

4. കര, വായു, കപ്പൽ, മുങ്ങിക്കപ്പൽ എന്നിവിടങ്ങളിൽ നിന്നു വിക്ഷേപിക്കാൻ ശേഷിയുള്ളതാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ. ( മാക് 3 യാണ് വേഗം) 

5. ബ്രഹ്മോസിന്റെ ഫ്ലൈറ്റ് റെയ്ഞ്ച് 290 കിലോമീറ്ററാണ്. 

6. 200 മുതൽ 300 കിലോഗ്രാം വരെ വഹിച്ചു സഞ്ചരിക്കാൻ ബ്രഹ്മോസിനു കഴിയും.

7. ബ്രഹ്മോസിന്റെ ആദ്യ പതിപ്പ് പരീക്ഷിച്ചത് 2005 ൽ ഐഎൻഎസ് രജപുതിൽ നിന്ന്. 

8. 2007ൽ കരയിൽ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു. 

9. വെള്ളത്തിനടിയിൽ നിന്നും വിക്ഷേപിക്കാൻ കഴിയും. 

10. 2015 ൽ കടലിൽ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു.

11. 2017ൽ അത്യാധുനിക പോർവിമാനം സുഖോയ്–30 യിൽ നിന്നും ബ്രഹ്മോസ് പരീക്ഷിച്ചു. 

12. ബ്രഹ്മോസ് ഹൈപ്പർസോണിക് പതിപ്പിന്റെ പുതിയ പരീക്ഷണങ്ങൾക്കു പിന്നാലെയാണ് ഇന്ത്യയും റഷ്യയും.

 

English Summary: Philippines Gives $374 Million Contract To BrahMos Aerospace To Supply Missiles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com