സ്ത്രീകളെ ഇറക്കി ചൈനീസ് ചാരപ്രവർത്തനം, ലോകത്തിന് ഭീഷണിയായി എംഎസ്എസ്

china-spy-girls
Representative image
SHARE

യുകെ പാർലമെന്റിൽ ചൈനീസ് ചാരപ്രവർത്തനം നടന്നെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. ലണ്ടനിലും ബിർമിങ്ങാമിലും നിയമസേവന സ്ഥാപനം നടത്തുന്ന ക്രിസ്റ്റീൻ ലീ എന്ന വനിതയാണ് ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് അധികൃതരുടെ സംശയനിഴലിൽ ആയിരിക്കുന്നത്. ക്രിസ്റ്റീൻ ലീ ചൈനീസ് ചാരസംഘടനയുടെ ഒരു ചാര ഏജന്റാണെന്നാണ് ഉയരുന്ന അഭ്യൂഹം.

ഇതോടൊപ്പം തന്നെ ഇരുമ്പുമറകളിൽ സ്ഥിതി ചെയ്യുന്ന ചൈനീസ് ചാരസ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലോകത്തു വെളിവാകുകയാണ്. യുഎസിന്റെ സിഐഎ, ഇന്ത്യയുടെ റോ, ഇസ്രയേലിന്റെ മൊസാദ്, പാക്കിസ്ഥാന്റെ ഐഎസ്‌ഐ, ബ്രിട്ടന്റെ എംഐ6 തുടങ്ങിയ ഇന്റലിജൻസ് വിഭാഗങ്ങൾ ലോക പൊതുബോധത്തിൽ പ്രശസ്തമാണെങ്കിലും ചൈനയുടെ ചാരസംഘടനകളും ഇന്റലിജൻസ് വൃത്തങ്ങളും ഒരു ലോ പ്രൊഫൈൽ നിലനിർത്തിപ്പോകുകയായിരുന്നു ഇതുവരെ.

ചൈനീസ് ഇന്റലിജൻസ് സർവീസസ് (സിഐഎസ്) എന്ന പൊതുപ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ചൈനീസ് ചാരസ്ഥാപനങ്ങൾ ലോകത്തെ മറ്റ് ചാരസംഘടനകളിൽ നിന്നു തുലോം വ്യത്യസ്തമായ രീതികൾ അവലംബിക്കുന്നവയാണ്. പലവിധ ശ്രോതസ്സുകളിൽ നിന്ന് എത്ര ചെറിയ വിവരങ്ങളും ശേഖരിച്ച് അത് വിളക്കിച്ചേർത്ത് ഇന്റലിജൻസായി രൂപപ്പെടുത്തുക എന്ന ഇവരുടെ പ്രധാന ശൈലി ഒട്ടേറെ വിമർശനങ്ങളും മുൻപ് ക്ഷണിച്ചു വരുത്തിയിരുന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലും ഇത്തരത്തിൽ ഇന്റലിജൻസ് നിലപാടുകൾ രൂപപ്പെടുന്നെന്നായിരുന്നു പ്രധാന ആരോപണം.

സിഐഎസിൽ പ്രധാനമായും സിവിൽ, മിലിട്ടറി വിഭാഗങ്ങളുണ്ട്. ഇന്റലിജൻസ് ബ്യൂറോ ഓഫ് ദ ജോയിന്റ് സ്റ്റാഫാണ് സൈന്യവുായി ബന്ധപ്പെട്ടുള്ള പ്രധാന ഇന്റലിജൻസ് ഏജൻസി. സിവിലിയൻ രീതിയിലുള്ള വിവരശേഖരണം പ്രധാനമായും എംഎസ്എസ് അഥവാ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയാണ് നടത്തുന്നത്. ചൈനയുടെ ചാരവലയത്തിലെ ഏറ്റവും ശക്തമായ കണ്ണി ഇവരാണെന്നു പറയാം. വിദേശരാജ്യങ്ങളിൽ നിന്നും രാജ്യത്തിനുള്ളിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിക്കുന്നത് ഇവരാണ്. ബെയ്ജിങ്ങിലാണ് ആസ്ഥാനമെങ്കിലും ചൈനയിലുടനീളം നഗരങ്ങളിലും പട്ടണങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്. 

ചൈനയുടെ ദേശീയ എംബ്ലത്തിനു പകരം, കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നമായ അരിവാൾ ചുറ്റിക ചിഹ്നമാണ് ഇവരുടെ ലോഗോയിലുള്ളത് എന്നതു സവിശേഷതയാണ്. 1983നു മുൻപ് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്‌മെന്റ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന എംഎസ്എസ് പിന്നീട് പേരിലും പ്രവർത്തനത്തിലും പരിഷ്‌കരിക്കപ്പെടുകയായിരുന്നു.

ചൈനീസ് നിയമത്തിലെ നാലാം ആർട്ടിക്കിൾ എംഎസ്എസിനു ശക്തമായ അധികാരങ്ങൾ നൽകുന്നുണ്ട്. ചാരസംഘടന എന്നതിനപ്പുറം രഹസ്യപ്പൊലീസ് എന്ന നിലയിലും പ്രവർത്തിക്കാൻ എംഎസ്എസിനു അധികാരം നൽകുന്നതാണ് ഈ നിയമങ്ങൾ. ചൈനീസ് സിവിലിയൻമാരെ അറസ്റ്റ് ചെയ്യാനും രഹസ്യത്തടങ്കലിൽ വയ്ക്കാനുമൊക്കെ ഇവർക്കു സാധിക്കും. സിഐഎയും എഫ്ബിഐയും ചേർന്നാൽ എങ്ങനെയിരിക്കും, അങ്ങനെയൊരു സംഘടന എന്നാണ് യുഎസ് നീതിന്യായ വകുപ്പ് എംഎസ്എസിനെ വിശേഷിപ്പിച്ചത്.

ഈ സംഘടനയെപ്പറ്റി എംഎസ്എസിന്റെ മുൻ ഏജന്റായ ലി ഫെംഗ്‌സി നിർണായകമായ വിവരങ്ങൾ 2009ൽ പുറത്തുവിട്ടിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം സുഗമമാക്കുന്നതിനായി ജനതയെ നിയന്ത്രിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ദൗത്യമെന്നും അന്ന് ലി വെളിപ്പെടുത്തിയിരുന്നു.

സൈബർ എസ്പയണേജ് അഥവാ സൈബർ ചാരവൃത്തിയാണ് എംഎസ്എസിന്റെ പ്രധാനപ്പെട്ട ആയുധങ്ങളിലൊന്ന്. നിഗൂഡ സൈബർഗ്രൂപ്പുകളായ ഗോഥിക് പാണ്ടയുടെയൊക്കെ പിന്നിൽ എംഎസ്എസാണെന്ന് 2017ൽ സ്ഥിരീകരിച്ചിരുന്നു. സാമ്പത്തിക ചാരവൃത്തിയും ഇവരുടെ ഇഷ്ടമേഖലയാണെന്ന് ഇടയ്ക്ക് എഫ്ബിഐ വെളിപ്പെടുത്തിയിരുന്നു. യുഎസിൽ മാത്രം മൂവായിരത്തിലധികം കമ്പനികളെ സാമ്പത്തിക ചാരവൃത്തിക്കായി എംഎസ്എസ് ഉപയോഗിക്കുന്നുണ്ടെന്നും എഫ്ബിഐ അന്നു പറഞ്ഞു.

2017ൽ ചൈനീസ് സാംസ്‌കാരിക വകുപ്പ് ഉദ്യോഗസ്ഥർ എന്ന നിലയിൽ എംഎസ്എസ് ഉദ്യോഗസ്ഥർ യുഎസിൽ കടക്കുകയും ചൈന വിട്ട വിമതൻ ഗ്യു വെൻഗ്വിയുമായി ചർച്ച നടത്തി, ചൈനയിലേക്കു തിരിച്ചെത്തി ശിക്ഷ ഏറ്റുവാങ്ങാൻ നിർബന്ധിച്ചു. ഇതു വെൻഗ്വി വിഡിയോ രേഖകൾ സഹിതം എഫ്ബിഐയെ അറിയിച്ചത് വലിയ വിവാദത്തിനു വഴിവച്ചു. തൊട്ടടുത്ത വർഷം എംഎസ്എസുമായി ബന്ധമുള്ള എപിടി 10 എന്ന സൈബർ ചാരകുറ്റവാളി സംഘത്തെ യുഎസ് അറസ്റ്റ് ചെയ്തു.

ഇരുനൂറ്റിയൻപതു എംഎസ്എസ് ചാരൻമാർ യൂറോപ്യൻ യൂണിയന്റെ ആസ്ഥാന തലസ്ഥാനമായ ബ്രസൽസിൽ തമ്പടിച്ചിട്ടുണ്ടെന്ന് യൂറോപ്യൻ എക്‌സ്റ്റേണൽ ആക്ഷൻ സർവീസ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷം, കോവിഡ് വാക്‌സീൻ വികസിപ്പിക്കുന്ന മോഡേണ എന്ന ബയോടെക് കമ്പനിയെ ഹാക്ക് ചെയ്യാൻ എംഎസ്എസ് ശ്രമിച്ചിരുന്നു. താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം സ്ഥാപിക്കുന്നതിനു മുൻപ് 2020 ഡിസംബറിൽ 10 എംഎസ്എസ് ഏജന്റുമാർ കാബുളിൽ അഫ്ഗാൻ അധികൃതരുടെ പിടിയിലായിരുന്നു. ഇത്തരത്തിൽ ലോകത്ത് പല സംഭവങ്ങളിലും എംഎസ്എസിന്റെ പങ്ക് ആരോപിക്കപ്പെട്ടിരുന്നു.

English Summary: Who is Christine Lee? Spy, influence peddler for China or champion of Chinese people in UK?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA