ADVERTISEMENT

മാരകമായ പ്രഹരശേഷിയുളള, സ്വയം പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ (autonomous weapons) പ്രവര്‍ത്തന സജ്ജമായ വര്‍ഷമായിരുന്നു 2021. എപ്പോള്‍ പ്രവര്‍ത്തിക്കണമെന്ന് മനുഷ്യര്‍ ആവശ്യപ്പെടാതെ, സ്വയം തീരുമാനിക്കാന്‍ സാധിക്കുന്ന യന്ത്രങ്ങളുടെ നിര്‍മാണം സാധ്യമാക്കുന്ന പല പുരോഗതികളും ശാസ്ത്ര ലോകം കൈവരിച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കൂടുതല്‍ മികവാര്‍ന്ന സെന്‍സറുകള്‍, അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപയോഗപ്പെടുത്തി സ്വന്തമായി ആക്രമണം അഴിച്ചുവിടാന്‍ സാധിക്കുന്ന യന്ത്രങ്ങളുടെ നിര്‍മാണത്തിൽ പുരോഗതി കൈവരിച്ചുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകൾ പറയുന്നത്.

 

∙ എന്തു ചെയ്യണമെന്ന് തീരുമാനം എടുക്കാതെ ലോക രാഷ്ട്രങ്ങള്‍

 

ഇത്തരം ആയുധങ്ങളുടെ വികസിപ്പിക്കലിനെക്കുറിച്ച് ഐക്യരാഷ്ട്ര സംഘന നടത്തിയ ‘കണ്‍വെന്‍ഷന്‍ ഓണ്‍ സേര്‍ട്ടണ്‍ കണ്‍വെന്‍ഷണല്‍ വെപ്പണ്‍സ്’ മീറ്റിങ്ങില്‍ 120 രാജ്യങ്ങളാണ് പങ്കെടുത്തത്. ഇത്രയും രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് ഓട്ടോണമസ് ആയുധങ്ങളുടെ വികസിപ്പിക്കല്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന കാര്യത്തെക്കുറിച്ച് ഒരു തീരുമാനത്തിലെത്താനായില്ല. മറിച്ച് ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമെന്ന തീരുമാനമാണ് അവര്‍ കൈക്കൊണ്ടത്. കൊലയാളി റോബോട്ടുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കാതെയാണ് ഈ സമ്മേളനം പിരിഞ്ഞത്. മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകളും റോബോട്ടുകളും ഡ്രോണുകളും മനുഷ്യരുടെ ഇടപെടലില്ലാതെ പറക്കുകയും ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുകയും ചെയ്യാമെന്നാണ് ഈ സങ്കേതിക വിദ്യയെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

 

∙ അത്തരം ആക്രമണം നടന്നു കഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സംഘന

 

സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അമാന്തിക്കരുതെന്ന് വാദിക്കുന്നവര്‍ എടുത്തു കാണിക്കുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ ഒരു റിപ്പോര്‍ട്ടാണ്. തുര്‍ക്കി വികസിപ്പിച്ചെടുത്ത കാര്‍ഗു-2 എന്നു പേരിട്ട ഡ്രോണ്‍ 2020ല്‍ ലിബിയയില്‍ നടന്ന ആഭ്യന്തര കലാപത്തില്‍ ഇടപെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഗവണ്‍മെന്റ് ഓഫ് നാഷണല്‍ അക്കോഡിനു വേണ്ടി വിക്ഷേപിച്ച ഡ്രോണുകള്‍ ലിബിയന്‍ നാഷണല്‍ ആര്‍മി നേതാവ് ജനറല്‍ ഖലിഫ ഹാഫ്തറിന്റെ (Hafter) ആളുകളെ മാത്രം ലക്ഷ്യംവച്ച് മനുഷ്യരുടെ ഇടപെടില്ലാതെ ആക്രമണം നടത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഹാഫ്തറിനെ പിന്തുണയ്ക്കുന്ന ആളുകള്‍ പിന്തിരിഞ്ഞ് ഓടിയെങ്കിലും അവരെ ആളില്ലാ ഡ്രോണുകള്‍ ആക്രമിച്ചു വീഴ്ത്തി എന്നാണ് റിപ്പോര്‍ട്ട്. ഈ ഡ്രോണുകളില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റങ്ങള്‍ക്ക് ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ ഡേറ്റാ കണക്ഷന്‍ ആവശ്യമില്ലെന്നും പറയുന്നു. ഓപ്പറേറ്ററല്ല ഇവയിലുള്ള ആയുധങ്ങളെ നിയന്ത്രിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, ആള്‍ക്കൂട്ടങ്ങള്‍ക്കു നേരെ വെടി ഉതിര്‍ത്ത ശേഷം അതേക്കുറിച്ച് ചിന്തിക്കാതെ അടുത്ത ലക്ഷ്യത്തെ കണ്ടെത്തി ആക്രമിക്കാനുള്ള ശേഷിയായിരുന്നു ഇവയ്ക്ക് ഉണ്ടായിരുന്നതെന്ന് പറയുന്നു.

heron-drone

 

∙ പുതിയ ആഗോള കരാര്‍ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കണമെന്നും വേണ്ടെന്നും

 

രാസ, ജൈവ ആയുധങ്ങളുടെയും കുഴിബോംബുകളുടെയും കാര്യത്തില്‍ ഇന്ന് വിവിധ രാഷ്ട്രങ്ങള്‍ തമ്മില്‍ കരാറുകളുണ്ട്. അവയ്ക്കു സമാനമായ ആഗോള കരാര്‍ ഓട്ടോണമസ് ആയുധങ്ങളുടെ കാര്യത്തിലും ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടത് ബ്രസില്‍, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, സ്വിറ്റ്‌സര്‍ലൻഡ് എന്നീ രാജ്യങ്ങളാണ്. ചില തരത്തിലുള്ള സ്വയം പ്രവര്‍ത്തന ശേഷിയുള്ള ആയുധങ്ങളെ പരിമിതപ്പെടുത്തുന്നതിനെ ജര്‍മനിയും ഫ്രാന്‍സും പിന്തുണയ്ക്കുന്നു. അതേസമയം, ഓട്ടോണമസ് ആയുധങ്ങളുടെ വികസിപ്പിക്കലില്‍ വളരെ കുറച്ചു നിയന്ത്രണങ്ങള്‍ മാത്രം മതിയെന്നാണ് ചൈന പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഇന്ത്യ, അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ മാരക പ്രഹരശേഷിയുള്ള ഓട്ടോണമസ് ആയുധങ്ങളുടെ വികസിപ്പിക്കലില്‍ ഒരു നിയന്ത്രണങ്ങളും വേണ്ടെന്ന നിലാപടാണ് കൈക്കൊണ്ടത്. കാരണം, മറ്റു രാജ്യങ്ങള്‍ക്ക് ഇത്തരം ശേഷി ഉണ്ടാകുകയും തങ്ങള്‍ക്ക് ഉണ്ടാകാതിരിക്കുകയും ചെയ്യുന്നത് പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് അവര്‍ പറയുന്നത്. 

 

∙ സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളെ അഴിച്ചു വിടരുതെന്ന് സംഘടനകള്‍

 

ഇത്തരത്തിലുള്ള ഓട്ടോണമസ് ആയുധങ്ങൾ പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തില്‍ ഒരു സംഘടനയായ സ്‌റ്റോപ് കില്ലര്‍ റോബോട്ട്‌സ് എന്ന സംഘടനയുടെ വക്താവ് ക്ലെയര്‍കോണ്‍ബൊയ് പറയുന്നത് ഇത്തരം യന്ത്രങ്ങളെ നിയന്ത്രിക്കുക എന്നത് വളരെ നിര്‍ണായകമായ ഒരു കാര്യമാണെന്നാണ്. ഇക്കാര്യത്തില്‍ 2013 മുതല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. റെഡ് ക്രോസിന്റെ രാജ്യാന്തര കമ്മറ്റിയും മനുഷ്യരുടെ നിയന്ത്രണമില്ലാതെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മനുഷ്യരുടെ നിയന്ത്രണമോ, വിവേചനബോധമോ ഇല്ലാതെ റോബോട്ടുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും, ഇവ മാനവികവും നിയമപരവും ധാര്‍മികവുമായ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു എന്നുമാണ് റെഡ് ക്രോസിന്റെ നിലപാട്.

 

ഇത്തരം ആയുധങ്ങള്‍ ഒരു രാജ്യം നിർമിക്കണോ എന്ന കാര്യം ആ രാജ്യം സ്വമേധയാ തീരുമാനിക്കട്ടെ എന്ന അഭിപ്രായമാണ് ചില പ്രതിനിധികള്‍ സ്വീകരിച്ചത്. കാരണം, അവരുടെ എതിരാളികള്‍ ഇത്തരം ആയുധങ്ങളുമായി ആക്രമിക്കാന്‍ എത്തിയാല്‍ എന്തു ചെയ്യുമെന്നാണ് അവര്‍ ചോദിക്കുന്നത്. അതേസമയം, സ്വയം ആക്രമിക്കുന്ന ആയുധങ്ങള്‍ക്കു പകരം കംപ്യൂട്ടര്‍ ഉപയോഗിച്ചു നിയന്ത്രിക്കുന്ന ഡ്രോണുകളും മറ്റും ആകാമെന്ന നിലപാടു സ്വീകരിക്കുന്ന രാജ്യങ്ങളും ഉണ്ട്. ഇത്തരം സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നത് നല്ലതായിരിക്കും എന്ന് അമേരിക്കയും സമ്മതിക്കുന്നു. അതേസമയം, യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റൊണിയോ ഗുട്ടെറസ് പറയുന്നത് സ്വയം ആക്രമണം നടത്തുന്ന യന്ത്രങ്ങളുടെ കാര്യത്തില്‍ അതിവേഗം ഒരു തീരുമാനത്തിലെത്തണം എന്നാണ്. ഇത്തരം ആയുധങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഒരു കരാര്‍ ഉണ്ടാക്കണമെന്നും അദ്ദേഹം പറയുന്നു.

 

English Summary: A future with 'killer robots? Global treaty hopes dim as nations meet in Geneva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com