ADVERTISEMENT

സൗദി അറേബ്യയിലെയും യുഎഇയിലെയും നഗരങ്ങൾക്കു നേരെ ഹൂതി വിമതർ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആക്രമണങ്ങളാണ് നടത്തിയത്. ആക്രമണത്തിനായി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായും ഹൂതികള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഹൂതികൾക്ക് ഇത്രയും അത്യാധുനിക മിസൈലുകളും ഡ്രോണുകളും എവിടെ നിന്നാണ് ലഭിക്കുന്നത്? ഹൂതികൾക്ക് പിന്നിൽ വൻ ശക്തി തന്നെയുണ്ടെന്നാണ് സൗദി അറേബ്യ ആരോപിക്കുന്നത്. ഇറാന്റെ സഹായത്തോടെയാണ് ഹൂതികൾ ആക്രമിക്കുന്നതെന്നും ആരോപണമുണ്ട്.

 

അബുദാബി ലക്ഷ്യമാക്കി ഹൂതി വിമതര്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. എന്നാൽ, മിക്ക മിസൈലുകളും ഡ്രോണുകളും യുഎഇയുടെ യുഎസ് നിർമിത വ്യോമ പ്രതിരോധ സംവിധാനം താഡ് തകര്‍ക്കുകയായിരുന്നു. ബുര്‍ഖാന്‍ എന്ന ബാലിസ്റ്റിക് മിസൈലിന്റെ വിവിധ പതിപ്പുകളാണ് ഹൂതി വിമതര്‍ പ്രയോഗിക്കുന്നത്. ഈ ഗണത്തിൽ പെട്ട മിസൈലുകൾ ഇപ്പോഴും ലോകരാഷ്ട്രങ്ങൾ വരെ ഉപയോഗിക്കുന്നുണ്ട്. 

 

ഹൂതികളുടെ ആക്രമണം ഒരുപരിധി വരെ തടയാനാകുന്നുണ്ടെങ്കിലും ബുര്‍ഖാന്‍ എന്ന ബാലിസ്റ്റിക് മിസൈല്‍ അറബ് സഖ്യസേനയുടെ ഉറക്കം കെടുത്തുന്നതാണ്. ആറ് വർഷം മുൻപ് മക്കയിലേക്ക് കുതിച്ചെത്തിയതും ഈ മിസൈലായിരുന്നു. മക്കയില്‍ നിന്നും ഏകദേശം 900 കിലോമീറ്റര്‍ അകലെയുള്ള സഅദ പ്രവിശ്യയില്‍ നിന്നും മക്കയ്ക്ക് 65 കിലോമീറ്റര്‍ അടുത്തുവരെ എത്താന്‍ ഈ മിസൈലിന് സാധിച്ചു. സൗദിയിലെ മിക്ക വിമാനത്താവളങ്ങളും സൈനിക താവളങ്ങളും ഈ മിസൈലിന്റെ പരിധിയിലാണ്. 

 

ഒന്നാം ഗള്‍ഫ് യുദ്ധ കാലത്താണ് സ്കഡ് മിസൈലുകൾ വാർത്തകളിൽ നിറയുന്നത്. മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വജ്രായുധമായിരുന്നു വൻ പ്രഹരശേഷിയുള്ള ഈ സ്കഡ് മിസൈലുകൾ. ഈ മിസൈലുകളിൽ നിന്നു രക്ഷപ്പെടാനായി അക്കാലത്തു കൂടെ നിന്ന അറബ് രാഷ്ട്രങ്ങളെ പ്രതിരോധ ടെക്നോളജി നൽകി സഹായിച്ചതും അമേരിക്കയായിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഇപ്പോൾ സൗദി അറേബ്യ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും തകർക്കുന്നത്.

 

സോവിയറ്റ് കാലത്തെ സ്‌കഡ് മിസൈലുകളും അതിന്റെ പ്രാദേശിക പതിപ്പുകളുമാണ് ഹൂതികളുടെ പക്കലുള്ളത്. ബുര്‍ഖാന്‍ മിസൈലുകള്‍ ഹൂതികളുടെ മിസൈല്‍ റിസര്‍ച്ച് ആൻഡ് ഡവലപ്‌മെന്റ് സെന്റര്‍ വികസിപ്പിച്ചതാണെന്ന് നേരത്തെ സാബാ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള സ്‌കഡ് വിഭാഗത്തില്‍ പെടുന്നതാണ് ബുര്‍ഖാന്‍ മിസൈല്‍. ശീതയുദ്ധകാലത്താണ് സോവിയറ്റ് യൂണിയന്‍ സ്‌കഡ് മിസൈലുകള്‍ നിര്‍മിച്ചത്. 

 

ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകള്‍ പകുതി ദൂരത്തിന് ശേഷം സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ തൊടുത്തുവിട്ടതിന് ശേഷം ബാലിസ്റ്റിക് മിസൈലായ ബുര്‍ഖാനിന്റെ പാതയിലോ ലക്ഷ്യത്തിലോ വ്യത്യാസം വരുത്താനാകില്ല. ഏകദേശം 88 സെന്റിമീറ്റര്‍ വ്യാസവും 12.5 മീറ്റര്‍ നീളവുമുണ്ട് ബുര്‍ഖാന്‍ 1 മിസൈലിന്. ആകെ 8000 കിലോഗ്രാം ഭാരമുള്ള ഈ മിസൈലിന്റെ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന മുനഭാഗത്തിന് മാത്രം 500 കിലോഗ്രാമോളം ഭാരമുണ്ട്. സോവിയറ്റ് യൂണിയന്റെ ആദ്യ തലമുറ സ്‌കഡ് മിസൈലായ ആര്‍ 17നേക്കാള്‍ 2000 കിലോഗ്രാം കൂടുതല്‍ ഭാരമുണ്ട് ബുര്‍ഖാന്‍ 1ന്. സോവിയറ്റ് സ്‌കഡ് മിസൈലുകളെ അടിസ്ഥാനമാതൃകയാക്കി ഹൂതി വിമതര്‍ വികസിപ്പിച്ചെടുത്തതാണ് ബുര്‍ഖാന്‍ 1. 

 

ഹൂതി വിമതര്‍ക്ക് ആളും അര്‍ഥവും നല്‍കി സഹായിക്കുന്നത് ഇറാനും ഹിസ്ബുള്ളയുമാണെന്ന് അറബ് സഖ്യസേന ആരോപിക്കുന്നുണ്ട്. അതേസമയം, ബുര്‍ഖാന്‍ 1, 2 പോലുള്ള മിസൈലുകള്‍ ഹൂതി വിമതരുടെ പക്കലുണ്ടെന്നത് അറബ് സഖ്യസേനയുടെ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഇറാനും യമനും സ്കഡ് മിസൈലുകളുടെ സൂക്ഷിപ്പുകാരാണ്. ഈ ഗണത്തിൽ പെട്ട നിരവധി മിസൈലുകൾ യമനും ഇറാനും റഷ്യയിൽ നിന്നു വാങ്ങിയിട്ടുണ്ട്. ഈ മിസൈലുകൾ പിന്നീട് ഹൂതി വിമതരുടെ കൈവശം എത്തുകയായിരുന്നു. എന്നാൽ ഈ മിസൈൽ ഉപയോഗിക്കാൻ പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സഹായം ലഭിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇറാനിലെ മിസൈൽ സാങ്കേതിക വിദഗ്ധരാണ് ഹൂതികളെ സഹായിക്കുന്നതെന്നും സൂചനയുണ്ട്.

 

English Summary: Yemens Houthis fire missiles, drones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com