ADVERTISEMENT

ഇറാൻ ആണവായുധം വികസിപ്പിക്കുകയും ഇസ്രയേലിനു മേൽ ഭീഷണി ഉടലെടുക്കുകയും ചെയ്യുന്ന ഒരവസ്ഥ സംജാതമായാൽ, ഇസ്രയേലിലെ ജനതയെ ഒഴിപ്പിക്കാനും സുരക്ഷിതമായി താമസിപ്പിക്കാനും മെഡിറ്ററേനിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ഗ്രീക്ക് ദ്വീപുകൾ വാങ്ങാമെന്ന് ഇസ്രയേലിലെ അറ്റോണിയായ അവ്റി സ്റ്റീനർ ആവശ്യപ്പെട്ടു.

ഇസ്രയേലിലെ കരേൻ കയേമത് ലെസ്രായേൽ ജ്യൂയിഷ് നാഷനൽ ഫണ്ടിന്റെ ഉപസ്ഥാപനമായ ഹെയ്മാനുറ്റയുടെ യോഗത്തിലാണു സ്റ്റീനർ തന്റെ നിർദേശം സമർപ്പിച്ചത്. ഇറാനിൽ നിന്ന് ആണവ മിസൈൽ ആക്രമണങ്ങൾ ഉണ്ടാകുന്ന പക്ഷം ഗ്രീക്ക് ദ്വീപിലേക്ക് ആളുകളെ ഒഴിപ്പിക്കാൻ സാധിക്കുമെന്നും അതുവഴി സുരക്ഷിതമാകാമെന്നും സ്റ്റീനർ പറഞ്ഞു. ഏതെങ്കിലും പ്രകൃതിദുരന്തങ്ങളുണ്ടായാലും പൗരൻമാരെ രക്ഷിച്ചുകൊണ്ട് ദ്വീപുകളിലേക്കു പോകാമെന്നും സ്റ്റീനർ പറഞ്ഞു.

 

എന്നാൽ, ഇസ്രയേൽ മേഖലയ്ക്ക് പുറത്ത് സ്ഥലം വാങ്ങുന്നതു തങ്ങളുടെ പരിധിയിലുള്ള കാര്യമല്ലെന്ന് ജ്യൂയിഷ് നാഷനൽ ഫണ്ട് അറിയിച്ചു. ലോക സയണിസ്റ്റ് കോൺഗ്രസിന്റെ സജീവ അംഗം കൂടിയാണു സ്റ്റീനർ. മെഡിറ്ററേനിയയിലെ ഗ്രീക്ക് ദ്വീപുകൾ ജനവാസം കുറഞ്ഞവയും ഇസ്രയേലുമായി അടുപ്പം പുലർത്തുന്നവയുമാണ്. അതിനാൽ തന്നെ ഇതു വാങ്ങുന്നത് മനുഷ്യത്വം മുൻനിർത്തിയുള്ള ഒരു കച്ചവടമാകുമെന്നാണു സ്റ്റീനറുടെ അഭിപ്രായം.

 

ലോകവേദിയിലെ തങ്ങളുടെ പ്രധാന എതിരാളിയായ ഇറാന്റെ പ്രതിരോധ, സൈനിക വിപുലപ്പെടുത്തലുകൾ ഇസ്രയേൽ ആശങ്കയോടെയാണു കാണുന്നത്. ഇറാന്റെ കൈവശം മൂവായിരത്തിലേറെ ബാലിസ്റ്റിക് മിസൈലുകളുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് ജനറർ കെന്നത്ത് മക്കിൻസി പറഞ്ഞിരുന്നു. ഇവയിൽ പലതും ഇസ്രയേലിൽ എത്താൻ ശേഷിയുള്ളതാണ്. 

ഇറാന്റെ ആണവപദ്ധതി ഊർജോത്പാതനം ലക്ഷ്യമിട്ടുള്ളതാണ്. എന്നാൽ ഇതിന്റെ മറവിൽ ആണവായുധങ്ങൾ വികസിപ്പിക്കുന്നുണ്ടെന്ന് ഇറാന്റെ എതിർപക്ഷത്തു നി‍ൽക്കുന്ന പല രാജ്യങ്ങളും ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇസ്രയേൽ ഇറാന്റെ ആണവനിലയങ്ങളിൽ സൈബർ ആക്രമണങ്ങൾ നടത്തിയതായി വൻ അഭ്യൂഹം ഇടയ്ക്കു പ്രചരിച്ചിരുന്നു. ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് ഇസ്രയേലിലെ ആളുകളിൽ വലിയ ആശങ്കയുമുണ്ട്. ഇതു കൂട്ടുന്ന പരാമർശമാണ് കെന്നത്ത് മക്കിൻസി നടത്തിയത്.

 

മെഡിറ്ററേനിയൻ കടലി‍ൽ ഇറ്റലി, സൈപ്രസ്, ഫ്രാൻസ്, ഗ്രീസ്, സ്പെയി‍ൻ, ക്രൊയേഷ്യ, തുർക്കി, മാൾട്ട, അൽബേനിയ,ലബനൻ, മോണ്ടിനെഗ്രോ, സിറിയ തുടങ്ങിയ രാജ്യങ്ങൾക്കൊക്കെ ദ്വീപുകളുണ്ട്. ഏറ്റവും കൂടുതൽ മെഡിറ്ററേനിയൻ ദ്വീപുകളുള്ളത് ഇറ്റലിക്കും ഗ്രീസിനുമാണ്. മെഡിറ്ററേനിയയിലെ അഞ്ചാമത്തെ ദ്വീപും ചരിത്രപരമായി വൻ പ്രാധാന്യമുള്ളതുമായ ക്രീറ്റ്, എവിയ,  റോഡ്സ് തുടങ്ങിയ പ്രശസ്ത ദ്വീപുകളിൽ പലതും ഗ്രീസിന്റെ ഉടമസ്ഥതയിലാണ്.

 

English Summary: Greek islands can be 'safe haven for Israelis' in case of Iranian nuclear attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com