ADVERTISEMENT

ജർമനിയിൽ, അടുത്തിടെയായി വളർന്നു വരുന്ന നവ നാത്‌സി ഗ്രൂപ്പുകളെ പൂട്ടാനായി പൊലീസ് സേനയുടെ വൻ വേട്ട. എണ്ണൂറിലധികം പൊലീസുകാരാണ് രാജ്യത്തെ 16ൽ 11 സംസ്ഥാനങ്ങളിൽ രംഗത്തിറങ്ങി വൻ തിരച്ചിൽ നടത്തിയത്. നാല് നവനാത്‌സി സംഘടനാ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

അൻപതിലധികം നവനാത്‌സി സംഘടനാ നേതാക്കളുടെ വീടുകളിൽ തങ്ങൾ തിരച്ചിൽ നടത്തിയതായി പൊലീസ് അറിയിച്ചു. അറ്റോംവാഫൻ ഡിവിഷൻ, കോംബാറ്റ് 18, നോക്കൗട്ട് 51 എന്നീ സംഘടനകളെയാണു പ്രധാനമായും ഉന്നംവച്ചത്. യുഎസിൽ ജനനമെടുത്ത നവനാത്‌സി ഗ്രൂപ്പാണ് അറ്റോംവാഫൻ ഡിവിഷൻ. പ്രത്യേകിച്ച് നേതാക്കൻമാർ വെളിപ്പെടുത്താതെ ഭീകരസെല്ലുകളായി തിരിഞ്ഞാണ് ഇവരുടെ പ്രവർത്തനം. യുഎസിലുള്ള ഈ ഗ്രൂപ്പ് കുറഞ്ഞത് 5 കൊലപാതകങ്ങളെങ്കിലും നടത്തിയിട്ടുണ്ടെന്നാണു പറയപ്പെടുന്നത്. 2018ൽ ഇതിന്റെ അനുബന്ധഗ്രൂപ്പ് ജർമനിയിൽ സ്ഥാപിക്കപ്പെട്ടു. ഇതിന്റെ അംഗങ്ങൾ 2019ൽ രാഷ്ട്രീയക്കാരായ സെം ഓസ്ഡെമിറിനും ക്ലോഡിയ റോഥിനും അപായ സന്ദേശങ്ങൾ അയച്ചത് വലിയ വാർത്തയായിരുന്നു.

 

ജർമനിയിൽ അറ്റോംവാഫൻ ഡിവിഷനെ നയിക്കുന്ന പ്രബലനായ നേതാവ് പണ്ട് ജർമൻ സൈന്യത്തിലുണ്ടായ ആളാണെന്നാണു കരുതപ്പെടുന്നത്. ഇയാൾ ഇപ്പോൾ ജർമൻ സൈന്യത്തിന്റെ പിടിയിലാണ്. മറ്റൊരു പ്രമുഖ നവ നാത്സി സംഘടനയായ കോംബാറ്റ് 18, 1990ൽ ബ്രിട്ടനിലാണ് ഉത്ഭവിച്ചത്. ബ്രിട്ടനിലെ വലതുകക്ഷിയായ ബ്രിട്ടിഷ് നാഷനൽ പാർട്ടിയുടെ പ്രവർത്തകരിൽ ചിലരായിരുന്നു ഇതിലെ അംഗങ്ങൾ. 2000 മുതൽ ഇവരുടെ വിഭാഗങ്ങൾ ജർമനിയിലുമുണ്ട്. നവ നാത്‌സി പരിപാടികളും സംഗീതോൽസവങ്ങളുമൊക്കെ ഇവർ ജർമനിയിൽ നടത്തുന്നുണ്ട്.

 

2007ൽ ഒരു കോംബാറ്റ് 18 അംഗം തുനീസിയൻ വംശജനായ ഒരു യുവാവിനെ ജർമനിയിലെ സൂപ്പർമാർക്കറ്റിൽ വച്ച് വെടിവച്ച് കൊന്നിരുന്നു. എട്ടുവർഷത്തോളം ഇയാൾ ഈ കുറ്റത്തിനു ജയിൽ ശിക്ഷ അനുഭവിച്ചു. കോംബാറ്റ് 18 സംഘടനയെ ജർമനിയിൽ നിരോധിക്കുകയും ചെയ്തു.നോക്കൗട്ട് 51 ഗ്രൂപ്പ് കിഴക്കൻ ജർമൻ പട്ടണമായ ഐസെനാച്ചിൽ ഒരു നാത്‌സി താവളം തന്നെയുണ്ടാക്കാൻ ശ്രമിച്ചു.സർക്കാരിന്റെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ അട്ടിമറിക്കാനും ഇവർ വലിയ ശ്രമങ്ങൾ നടത്തി.  ഇവരെയും പിന്നീട് നിരോധിക്കുകയും ഇതിന്റെ നാല് അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

രണ്ടാം ലോകമഹായുദ്ധത്തോടെ നാത്‌സിസം തകർന്നെങ്കിലും പിൽക്കാലത്ത് യൂറോപ്പിലും അമേരിക്കയിലുമൊക്കെ ചെറിയ നിലകളിലെങ്കിലും ഇതു പുനർജനിച്ചു. ബെൽജിയം, ബൾഗേറിയ, ചെക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഫിൻലൻഡ്,ഗ്രീസ്, അയർലൻഡ്, നെതർലൻഡ്, പോളണ്ട്,ജർമനി, റഷ്യ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ നവനാത്സി പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

 

English Summary: German police raid neo-Nazi cells across country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com