ADVERTISEMENT

സൈനികര്‍ക്ക് തോളില്‍ വച്ച് വിക്ഷേപിക്കാന്‍ കഴിയുന്ന വിമാനവേധ മിസൈലുകള്‍ യുക്രെയ്ന് കൈമാറി നോര്‍വെ. മിസ്ട്രല്‍ മാന്‍ പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് സിസ്റ്റം അഥവാ MANPADS യുക്രെയ്‌നിലേക്ക് കയറ്റി അയച്ചുവെന്ന് നോര്‍വീജിയന്‍ പ്രതിരോധമന്ത്രി ബയേണ്‍ അരിഡ് ഗ്രാം അറിയിച്ചു. നോര്‍വെയുടെ നാവിക സേന വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഈ മിസൈലുകള്‍ യുക്രെയ്‌നും വലിയ തോതില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയും നോര്‍വെ പ്രതിരോധമന്ത്രി പ്രകടിപ്പിച്ചു. 

 

ഏതാണ്ട് 100 മിസ്ട്രല്‍ മിസൈലുകളും ലോഞ്ചറുകളും നോര്‍വെ യുക്രെയ്‌ന് കൈമാറിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. നേരത്തേ 4,000 എം 72 ലൈറ്റ് ആന്റി ആര്‍മര്‍ ആയുധങ്ങളും ഹെല്‍മെറ്റുകളും ജാക്കറ്റുകളും നോര്‍വെ യുക്രെയ്‌ന് നല്‍കിയിരുന്നു. യൂറോപ്യന്‍ മിസൈല്‍ കണ്‍സോര്‍ഷ്യമായ എംബിഡിഎ നിര്‍മിക്കുന്ന, കരയില്‍നിന്നു വായുവിലേക്ക് തൊടുക്കാന്‍ കഴിയുന്ന മിസൈലാണ് മിസ്ട്രല്‍ മിസൈല്‍. പരമാവധി 2.5 മാക് വരെ വേഗത്തില്‍ വരുന്ന മിസ്ട്രല്‍ മിസൈലിനെ പ്രതിരോധിക്കുക പോര്‍വിമാനങ്ങള്‍ക്ക് വെല്ലുവിളിയാണ്. പൈലറ്റില്ലാ വിമാനങ്ങളെയും ഹെലിക്കോപ്റ്ററുകളെയും ലക്ഷ്യം വയ്ക്കാന്‍ ഈ മിസൈലുകള്‍ക്കാവും.

 

ഏറ്റവും പുതിയ തലമുറയിലെ മിസ്ട്രല്‍ മിസൈലുകളെ രാത്രിയും പകലും ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കാനാവും. എന്നാല്‍ നിലവില്‍ യുക്രെയ്‌ന് ലഭിച്ചിട്ടുള്ള മിസൈലുകളില്‍ ഈ സവിശേഷത ഇല്ലെന്നാണ് കരുതുന്നത്. ഇക്കാര്യം കണക്കിലെടുത്ത് റഷ്യന്‍ വ്യോമസേനയുടെ ഓപറേഷനുകള്‍ ഭൂരിഭാഗവും രാത്രിയാക്കി മാറ്റിയിട്ടുമുണ്ട്.

 

നോര്‍വീജിയന്‍ നാവികസേനയുടെ പ്രധാന ആയുധങ്ങളിലൊന്നാണ് ഈ വിമാനവേധ മിസൈല്‍. രണ്ട് മിസൈലുകള്‍ തൊടുക്കാനാവുന്ന ലോഞ്ചറുകളാണ് നോര്‍വെ ഇവയ്ക്കായി ഉപയോഗിക്കുന്നത്. ഇത്തരം ലോഞ്ചറുകള്‍ യുക്രെയ്‌ന് കൈമാറിയിട്ടില്ലെന്നും സൂചനയുണ്ട്. രണ്ട് പേര്‍ ചേര്‍ന്നാണ് ഈ മിസൈലുകള്‍ സജ്ജമാക്കുന്നതും തൊടുക്കുന്നതും. ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള രീതിയില്‍ ഒരുക്കിയ ശേഷം ഒരാള്‍ തൊടുക്കുകയും അടുത്തയാള്‍ ലക്ഷ്യം ഭേദിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന സ്‌പോട്ടറായി പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. 

 

റഷ്യയുടെ ആക്രമണം ആരംഭിച്ച ശേഷം പല രാജ്യങ്ങളും യുക്രെയ്‌ന് ഒന്നോ രണ്ടോ സൈനികര്‍ ചേര്‍ന്ന് തൊടുക്കാന്‍ കഴിയുന്ന മാൻപാഡ്സ് (MANPADS) നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ നിര്‍മിത സ്റ്റിങ്ങറും പോളണ്ടില്‍ നിന്നുള്ള പിറോണുമാണ് ഇതില്‍ പ്രധാനം. ബ്രിട്ടന്റെ സ്റ്റാര്‍സ്‌ട്രെക്ക് മാന്‍പാഡ്‌സും മാര്‍ച്ച് അവസാനം യുക്രെയ്‌നിലെത്തുമെന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. റഷ്യന്‍ വ്യോമസേനയ്ക്ക് ഈ മാന്‍പാഡുകള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

 

English Summary: Norway Has Sent Its Mistral Anti-Aircraft Missiles To Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT