ADVERTISEMENT

റഷ്യ കരിങ്കടലിലെ അവരുടെ നാവിക കേന്ദ്രം സംരക്ഷിക്കാനായി ഡോൾഫിനുകളെ നിയോഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. 2014ൽ യുക്രെയ്നിൽ നിന്നും പിടിച്ചെടുത്ത ക്രൈമിയയിലെ സെവാസ്റ്റോപോൾ തുറമുഖമാണ് കരിങ്കടലിലെ റഷ്യയുടെ പ്രധാന നാവിക കേന്ദ്രം. ഇതിനെ അന്തർവാഹിനികളും മറ്റുമുപയോഗിച്ച് സമുദ്രാന്തര ആക്രമണത്തിലൂടെ എതിരാളികൾ ലക്ഷ്യം വയ്ക്കാതിരിക്കാനാണ് ഡോൾഫിനുകളെ ഇവിടെയെത്തിച്ചതെന്ന് ഉപഗ്രഹചിത്രങ്ങൾ വിലയിരുത്തിയുള്ള റിപ്പോർട്ടിൽ യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.‌

 

ഫെബ്രുവരിയിലാണ് ഡോൾഫിനുകളെ ഇവിടെയെത്തിച്ചതെന്നും റിപ്പോർട്ട് പറയുന്നു. ഡോൾഫിനുകളെ ഉപേക്ഷിച്ച് നാവികസംരക്ഷണം ഒരുക്കുന്ന പദ്ധതികൾ റഷ്യയ്ക്ക് മുൻപ് തന്നെയുണ്ടെന്ന് ആരോപണമുണ്ട്. സെവാസ്റ്റൊപോൾ റഷ്യയ്ക്ക് വളരെ പ്രാധാന്യമുള്ള മേഖലയാണ്. റഷ്യൻ നാവികസേനയുടെ ഒട്ടേറെക്കപ്പലുകൾ ഇവിടെ നങ്കൂരമിട്ടിട്ടുണ്ട്. കടലിനടിയിലൂടെ ഇവ ആക്രമിക്കപ്പെടുക എന്നത് റഷ്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. 

 

യുഎസുമായി കിടമത്സരം നിലനിന്ന ശീതയുദ്ധ കാലഘട്ടത്തിലാണ് ഡോൾഫിനുകളെ പരിശീലിപ്പിച്ചുള്ള പ്രതിരോധപദ്ധതിക്ക് സോവിയറ്റ് യൂണിയൻ തുടക്കമിട്ടത്. 2012ൽ സെവാസ്റ്റൊപോൾ പ്രോഗ്രാം എന്ന പേരിൽ യുക്രെയ്നാണ് ക്രൈമിയയ്ക്ക് സമീപം ഇതു തുടങ്ങിയത്. 2014ൽ റഷ്യ ക്രൈമിയ പിടിച്ചതോടെ പദ്ധതിയും അവരുടെ കൈവശമായി. ഡോൾഫിനുകൾക്ക് മൈനുകളും മറ്റും കണ്ടുപിടിക്കാനുള്ള കഴിവാണ് ഇക്കാര്യത്തിൽ നിർണായകമാകുന്നത്. ഡോൾഫിനുകളെ മാത്രമല്ല, ബെലൂഗ തിമിംഗലങ്ങളെയും റഷ്യൻ നാവികസേന ഉപയോഗിക്കുന്നുണ്ടെന്ന് അഭ്യൂഹമുണ്ട്.‌

 

മറ്റു രാജ്യങ്ങളുടെ സേനകളും ഡോൾഫിനുകളെയും കടൽജീവികളെയും പ്രതിരോധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനു ചരിത്രമുണ്ട്. തങ്ങളുടെ നാവിക വിഭാഗം അംഗങ്ങൾക്കെതിരെ ഇസ്രയേൽ പ്രത്യേക പരിശീലനം നേടിയ കൊലയാളി ഡോൾഫിനുകളെ ഉപയോഗിച്ചെന്ന് ഹമാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പ്രത്യേക യുദ്ധ ആയുധങ്ങൾ ഘടിപ്പിക്കപ്പെട്ടതായിരുന്നത്രേ ഈ ഡോൾഫിനുകൾ.

 

ഇസ്രയേൽ ജീവികളെ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുന്നെന്ന് നേരത്തെയും ആരോപണങ്ങളുണ്ടായിട്ടുണ്ട്. 2010ൽ ഈജിപ്തിലെ തെക്കൻ സിനായ് മേഖലയുടെ ഗവർണറായിരുന്ന മുഹമ്മദ് അബ്ദേൽ ഫാദി, ഇസ്രേയേലിന്റെ ശ്രമഫലമായാണ് ഈജിപ്തിലെ ഷറം എൽ ഷെയ്ഖ് മേഖലയിൽ വലിയ തോതിൽ സ്രാവുകളുടെ ആക്രമണം നടക്കുന്നതെന്ന് ആരോപിച്ചു. ഈജിഷ്യൻ വിനോദസഞ്ചാരമേഖലയെ തകർക്കാനാണ് ഇതിലൂടെ ഇസ്രയേൽ ശ്രമിക്കുന്നതെന്നും ഫാദി ആരോപണമുന്നയിച്ചു. ഇസ്രയേൽ ചാരസംഘടനയായ മൊസാദാണ് ഇതിനു പിന്നിലെന്നായിരുന്നു വാദം.

 

യുഎസ് നേവി അറുപതുകൾ മുതൽ മറൈൻ ആനിമൽസ് പ്രോഗ്രാം നടപ്പിലാക്കിയിട്ടുണ്ട്. ബോട്ടിൽ നോസ് ഡോൾഫിനുകൾ എന്ന ജീവികളെ ഉപയോഗിച്ച് കടൽബോംബുകളും ശത്രുനീന്തൽക്കാരെയും കണ്ടെത്തുകയായിരുന്നു പ്രധാന ദൗത്യം. കലിഫോർണിയയിലെ കടൽസിംഹങ്ങളെ ഉപയോഗിച്ച് ബോംബ് നിർവീര്യമാക്കാനും യുഎസ് നേവി ശ്രമിച്ചിരുന്നു. വിയറ്റ്‌നാം യുദ്ധ സമയത്ത് നീന്തിയെത്തുന്ന എതിരാളികളെ ആക്രമിക്കാൻ ഡോൾഫിനുകളെ ഉപയോഗിച്ചെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും യുഎസ് നേവി ഇതു നിഷേധിക്കുകയാണ് ഉണ്ടായത്.

 

English Summary: Russia deploys trained dolphins at Black Sea naval base, satellite images show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com