ADVERTISEMENT

എല്ലാ യുദ്ധങ്ങളും ജയിക്കുന്നതും നയിക്കുന്നതും പലകാരണങ്ങളാലാണ്. സേനകളുടെയും യുദ്ധത്തിൽ ഏർപ്പെടുന്ന ജനതകളുടെയും ആത്മവീര്യം യുദ്ധഗതിയിൽ നിർണായകമായ ഘടകമാണ്. പ്രസിദ്ധമായ എനിമി അറ്റ് ദ ഗേറ്റ്‌സ് എന്ന ചിത്രത്തിൽ നാത്സികൾക്കെതിരായ പോരാട്ടത്തിൽ സേനയുടെ അത്മവീര്യം ഉയർത്താനായി ഒരു നായകൻ വരേണ്ടതിന്‌റെ ആവശ്യം കമ്മിസാർ ഡാനിലോവ് നികിത ക്രൂഷ്‌ചേവിനോട് പറയുന്നതായി കാണാം. വസിലി സൈറ്റ്‌സേവ് എന്ന പിൽക്കാലത്തു വിഖ്യാതനായി മാറിയ സ്‌നൈപ്പറിനാണ് നായകനാകാനുള്ള ആ യോഗം വന്നു ചേരുന്നത്. വസിലി സൈറ്റ്‌സേവ് എന്ന ചിഹ്നം ജനമനസ്സുകളിൽ ഇടം പിടിച്ചശേഷം യുദ്ധഗതി സോവിയറ്റ് സേനയ്ക്ക് അനുകൂലമായി മാറുന്നത് എനിമി അറ്റ് ദ ഗേറ്റ്‌സ് കാണിക്കുന്നു.

യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിലും ഇത്തരത്തിൽ ഒട്ടേറെ നായകരുണ്ടായി. യുക്രെയ്ൻ ജനതയ്ക്കു പ്രതീക്ഷ പകർന്നവർ. ഇവരിൽ ഏറ്റവും പ്രശസ്തൻ കീവിലെ പ്രേതം തന്നെ. സ്വയം വെളിപ്പെടുത്താതെ അജ്ഞാതനായി മറഞ്ഞു നിന്ന ഈ സൈനികൻ റഷ്യയുടെ നാൽപതോളം യുദ്ധവിമാനങ്ങളെ വെടിവച്ചിട്ടെന്നാണു പ്രചരണം. കഴിഞ്ഞ ദിവസം റഷ്യൻ വ്യോമസേനാ വിമാനവുമായി നടന്ന പോരാട്ടത്തിൽ യുക്രെയ്‌നിലെ പ്രേതം ഉപയോഗിച്ച മിഗ് 29 വിമാനം തകർക്കപ്പെട്ടു. അദ്ദേഹം വീരചരമമടഞ്ഞു.

 

ഇതെത്തുടർന്ന് കീവിലെ പ്രേതം ആരാണെന്നുള്ള വിവരങ്ങളും പുറത്തുവന്നു. മേജർ സ്റ്റീഫൻ താരബാൽക എന്ന യുക്രെയ്‌ന്‌റെ എയർഫോഴ്‌സ് സൈനികനാണ് ഗോസ്റ്റ്. 29 വയസ്സുള്ള അദ്ദേഹം ഇതുവരെ യുക്രെയ്‌ന്റെ ദേശീയ ഹീറോയായി നിന്നെങ്കിൽ മരണം അദ്ദേഹത്തെ യുക്രെയ്‌ന്‌റെ കാവൽമാലാഖയാക്കി മാറ്റിയിരിക്കുന്നെന്ന് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു.

 

പടിഞ്ഞാറൻ യുക്രെയ്‌നിലെ കൊരോലിവ്കയിലുള്ള ഒരു മധ്യവർത്തി കുടുംബത്തിലായിരുന്നു താരബാൽക ജനിച്ചത്.  ഹർകീവ് ദേശീയ വ്യോമസേനാ സർവകലാശാലയിൽ നിന്നു ബിരുദവും പരിശീലനവും നേടിയ ശേഷമാണ് അദ്ദേഹം വ്യോമസേനയിൽ ചേർന്നത്. കുട്ടിക്കാലം മുതൽ വ്യോമസേനയിലും യുദ്ധവിമാനങ്ങളിലും താൽപര്യമുണ്ടായിരുന്ന താരബാൽക ഭാവിയിൽ ഒരു വൈമാനികനും സൈനികനുമാകാനാണ് ആഗ്രഹിച്ചത്. ആ ആഗ്രഹം നടക്കുക തന്നെ ചെയ്തു.

 

പിന്നീട് എയർഫോഴ്‌സ് സ്‌റ്റേഷനുകളിലായിരുന്നു ജീവിതമെങ്കിലും തന്‌റെ കുടുംബവുമായും കൊരോലിവ്കയിലെ നാട്ടുകാരുമായും അടുത്ത ബന്ധം താരബാൽക പുലർത്തിയിരുന്നു. ഒഴിവുകിട്ടുമ്പോഴൊക്കെ യുദ്ധവിമാനം പറപ്പിച്ച് നാട്ടിൽ വരുമായിരുന്നെന്നും നാട്ടുകാർക്കായി ആകാശത്ത് ഏയ്‌റോബാറ്റിക് ട്രിക്കുകൾ നടത്തുമായിരുന്നെന്നും താരബാൽക്കയുടെ അമ്മ നതാലിയ പറയുന്നു.

 

യുദ്ധത്തിന്റെ ആദ്യദിനത്തിൽ തന്നെ താരബാൽക 6 റഷ്യൻ യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് യുക്രെയ്ൻ അധികൃതർ തന്നെയാണ് കീവിലെ പ്രേതം എന്ന പേര് നൽകിയത്. യുക്രെയ്ൻ ജനതയ്ക്ക് പ്രത്യാശയുടെയും അതിജീവനത്തിന്‌റെയും പ്രതീക്ഷയായി കീവിലെ പ്രേതം താമസിയാതെ മാറി. എന്നാൽ യുക്രെയ്ൻ സർക്കാർ വ്യാജമായി നിർമിച്ച കഥാപാത്രമാണ് കീവിലെ പ്രേതം എന്നും ആരോപണങ്ങളുണ്ടായിരുന്നു. 

മരണം സ്ഥിരീകരിച്ചതോടെ അതു പൊളിഞ്ഞു. എന്നാൽ ആകാശത്തു നിന്ന് ശത്രുക്കളെ ആക്രമിക്കാനെത്തുന്ന കീവിലെ പ്രേതം എന്ന സങ്കൽപം ഇതോടെ യുക്രെയ്ൻകാർക്കിടയിൽ മറയുകയാണ്.

 

യുക്രെയ്‌ന്‌റെ പരമോന്നത സൈനിക ബഹുമതിയായ ഓർഡർ ഓഫ് ഗോൾഡൻ സ്റ്റാർ മേജർ താരബാൽക്കയ്ക്കു മരണാനന്തരം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്‌റെ ഹെൽമെറ്റും ഗോഗിളുകളും ലണ്ടനിൽ ലേലത്തിൽ വയ്ക്കും.

 

English Summary: "Ghost Of Kyiv" Dies In Battle After Shooting Down 40 Russian Jets, Identity Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT