ADVERTISEMENT

റഷ്യയുടെ അഭിമാനമായ യുദ്ധക്കപ്പൽ മോസ്‌ക്വ കരിങ്കടലിൽ യുക്രെയ്ൻ സേന ആക്രമിച്ച് മുക്കിയതിന് പിന്നിൽ യുഎസിന്‍റെ സഹായമുണ്ടെന്ന് റിപ്പോർട്ട്. മുക്കിയത് യുക്രെയ്ൻ സേനയാണെങ്കിലും കൃത്യമായ കപ്പൽ സ്ഥാനം ഉൾപ്പെടെ നിർണായകമായ വിവരങ്ങൾ നൽകിയത് യുഎസ് ആണെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.

 

റഷ്യൻ മിസൈൽ ക്രൂസർ യുദ്ധക്കപ്പലായ മോസ്‌ക്വ കരിങ്കടലിൽ വച്ച് യുക്രെയ്‌നിന്റെ നെപ്ട്യൂൺ മിസൈലാക്രമണത്തിൽ തകർന്നിരുന്നു. ആസോവ് തീരത്തെ ബെർദ്യാൻസ്ക് തുറമുഖത്ത് തകർത്ത ഓർസ്‌ക് എന്ന കപ്പലിനു ശേഷം രണ്ടാമതൊരു പ്രബല റഷ്യൻ യുദ്ധക്കപ്പലിനെയാണ് യുക്രെയ്ൻ സേന ലക്ഷ്യം വച്ച് തകർത്തത്. തകർന്ന മോസ്ക്വയിൽനിന്ന് അഞ്ഞൂറിലേറെ നാവികരെയാണ് അന്ന് റഷ്യ ഒഴിപ്പിച്ചത്. റഷ്യൻ തുറമുഖത്തേക്കു കപ്പലിനെ കെട്ടിവലിച്ചു കൊണ്ടുപോകുകയും ചെയ്തു.

 

എന്നാൽ, യുക്രെയ്ൻ മിസൈലാക്രമണത്തിലല്ല, കപ്പലിലെ സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണു മോസ്ക്വ തകർതെന്നാണു റഷ്യയുടെ വാദം. കപ്പലിനെന്ത് സംഭവിച്ചു എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. യുക്രെയ്ൻ ആദ്യം തകർത്ത ടാങ്ക് വാഹിനിക്കപ്പലായ ഓർസ്‌ക് പോലെയല്ല മോസ്‌ക്വ. കരിങ്കടലിലെ റഷ്യൻ ആധിപത്യത്തിന്റെ ചിഹ്നമായിരുന്നു ഈ കപ്പൽ. കരിങ്കടലിലെ യുക്രെയ്ൻ ദ്വീപായ സ്‌നേക് ഐലൻഡിലെ നാവിക ദൗത്യത്തിലൂടെയാണ് ഈ കപ്പൽ അടുത്തിടെ വീണ്ടും ശ്രദ്ധ നേടിയത്. ഈ കപ്പലിലെത്തിയ റഷ്യൻ നാവിക സേനാംഗങ്ങൾ സ്‌നേക് ഐലൻഡിൽ നിലയുറപ്പിച്ച യുക്രെയ്ൻ സൈനികരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടതും അവർ ‘പോയി പണിനോക്കൂ’ എന്നു പരുഷമായ ഭാഷയിൽ പ്രതികരിച്ചതും വാർത്തയായിരുന്നു.

 

സോവിയറ്റ് പ്രതാപകാലമായ 70 കളിൽ യുക്രെയ്‌നിലെ തുറമുഖത്താണ് മോസ്‌ക്വ നിർമിച്ചത്. പെരുമ എന്നർഥം വരുന്ന സ്ലാവ എന്നായിരുന്നു ആദ്യത്തെ പേര്. ശീതയുദ്ധം കൊടുമ്പിരി കൊണ്ടുനിന്ന അക്കാലത്ത് യുഎസ് എയർക്രാഫ്റ്റ് കാരിയറുകൾക്ക് ഒരു മറുമരുന്ന് എന്ന നിലയിലാണു സ്ലാവ നിർമിച്ചത്.

 

സോവിയറ്റ് യൂണിയൻ തകർന്ന ശേഷമാണ് മോസ്‌കോയെ സൂചിപ്പിക്കുന്ന മോസ്‌ക്വ എന്ന പേരു കപ്പലിനു നൽകിയത്. വൾക്കൻ കപ്പൽ വേധ മിസൈലുകളും മുങ്ങിക്കപ്പൽ വേധ ടോർപിഡോ ഉൾപ്പെടെയുള്ള ആയുധങ്ങളും വഹിച്ച ഒരു ഉരുക്കുകോട്ടയാണ് ഈ കപ്പൽ. 186 മീറ്റർ നീളമുള്ള മോസ്‌ക്വയിൽ ഒരു ഹെലികോപ്റ്ററും ഉൾപ്പെട്ടിരുന്നു. 12,500 ടണ്ണായിരുന്നു മോസ്‌ക്വയുടെ ഭാരം. റഷ്യയുടെ മൂന്ന് മിസൈൽ ക്രൂസറുകളിൽ ഒന്നായിരുന്നു ഈ കപ്പലെന്നതും ശ്രദ്ധേയം. ഈ ക്ലാസിലെ മറ്റു രണ്ടു കപ്പലുകളായ മാർഷൽ യൂസിനോവും വര്യാഗും കരിങ്കടലിലില്ല.

 

ശക്തമായ പ്രതിരോധ സംവിധാനങ്ങൾ മോസ്‌ക്വയിൽ ഒരുക്കിയിരുന്നു. ത്രിതല എയർ ഡിഫൻസ് സിസ്റ്റമാണ് ഇതിൽ ഏറ്റവും പ്രധാനം. ഈ സംവിധാനമുണ്ടായിട്ടും യുക്രെയ്ൻ മിസൈലുകൾക്ക് എങ്ങനെ മോസ്‌ക്വയെ ആക്രമിക്കാൻ കഴിഞ്ഞുവെന്നതാണ് ആയുധവിദഗ്ധരെ കുഴക്കുന്ന ചോദ്യം. ഇതു കൂടാതെ ഹ്രസ്വദൂര ആക്രമണത്തിനുള്ള മികവുറ്റ സംവിധാനങ്ങളും കപ്പലിലുണ്ട്. ഒരു മിനിറ്റിൽ അയ്യായിരം റൗണ്ടിലേറെ വെടിവയ്ക്കാൻ പര്യാപ്തമാണ് ഈ സംവിധാനങ്ങൾ.

 

മോസ്‌ക്വ യുക്രെയ്‌നിന്റെ മുന്നിലെ കരടായിരുന്നു. ഈ കപ്പലിനെ ആക്രമിച്ചെങ്കിൽ അത് അവർക്ക് തീർച്ചയായും ആത്മവിശ്വാസം കൂട്ടാൻ ഉപകരിക്കുന്ന ഒരു സംഭവമാണെന്ന് രാജ്യാന്തര യുദ്ധനിരീക്ഷകർ പറയുന്നു. യുക്രെയ്‌ന്റെ എയർഫീൽഡുകളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും മിസൈൽ ആക്രമണം നടത്താനായാണു മോസ്‌ക്വ നിയോഗിക്കപ്പെട്ടത്.

 

കരിങ്കടലിൽ എന്നും റഷ്യ ശക്തമായ ആധിപത്യം പുലർത്തിയിരുന്നു. 2014ൽ ക്രൈമിയ പിടിച്ചടക്കിയ കാലം മുതൽ അവർ അവിടത്തെ അപ്രമാദിത്വ ശക്തിയുമായി മാറി. ക്രൈമിയ പിടിച്ചടക്കാനും മോസ്‌ക്വയുടെ നിർണായകമായ സംഭാവനകളുണ്ടായിരുന്നു. 2008ൽ റഷ്യ ജോർജിയയിൽ നടത്തിയ യുദ്ധത്തിലും മോസ്‌ക്വ യുദ്ധമുന്നണിയിലെത്തി. റഷ്യ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന സിറിയൻ ആഭ്യന്തരയുദ്ധത്തിലും എയർ ഡിഫൻസ് സംവിധാനങ്ങളുടെ ഭാഗമായി മോസ്‌ക്വ പങ്കുവഹിച്ചു.

 

English Summary: US intel on Moskva location helped Ukraine attack Russia's prized warship, say sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT