ADVERTISEMENT

യുക്രെയ്ന്റെ തെക്കൻ മേഖലയിൽ കരിങ്കടൽ തീരത്തുള്ള തുറമുഖ നഗരമായ മരിയുപ്പോൾ പിടിച്ചടക്കാൻ തീവ്രയുദ്ധത്തിൽ ഏർപെട്ടിരിക്കുകയാണ് റഷ്യ. ക്രൈമിയയെയും വിമതമേഖലയായ ഡോൺബാസിനെയും ഭാവിയിൽ ബന്ധിപ്പിക്കാനുപകരിക്കുന്ന ‘ഇടനാഴിയുടെ’ നിർണായക ഭാഗമെന്ന നിലയിൽ മരിയുപ്പോളിന് വലിയ സ്ഥാനമാണ് റഷ്യ നൽകുന്നത്. രണ്ടാം ലോകയുദ്ധത്തിൽ നാത്സികളെ തോൽപിച്ചതിന്റെ വാർഷികം ആഘോഷിക്കുന്ന മേയ് ഒൻപതിനു മുൻപ് മരിയുപ്പോൾ പിടിച്ചടക്കാനാണു റഷ്യൻ സേനയ്ക്ക് ക്രെംലിനിൽ നിന്നുള്ള നിർദേശമെന്ന് അഭ്യൂഹമുണ്ട്.

 

ഈ നഗരം വീഴുന്നതിനു തൊട്ടുമുൻപുള്ള തീവ്രപ്രതിരോധമാണ് യുക്രെയ്ന്റെ ഭാഗത്തു നിന്നു നടക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു. ഇതിന്റെ പ്രധാന വേദിയായി മരിയുപ്പോളിൽ സ്ഥിതി ചെയ്യുന്ന അസോവ്സ്റ്റാൽ സ്റ്റീൽപ്ലാന്റ് കെട്ടിടവും കോംപൗണ്ടും മാറിയിരിക്കുകയാണ്.

 

മൂന്നു ദിനമായി ഇവിടെ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇതു പാലിക്കപ്പെടുന്നില്ലെന്നും അസോവ്സ്റ്റാൽ കോംപ്ലക്സിൽ ഗംഭീരയുദ്ധം തുടരുകയാണെന്നും യുക്രെയ്ൻ സേനാ കമാൻഡർമാർ പരാതിപ്പെടുന്നു. രണ്ടായിരത്തോളം യുക്രെയ്ൻ പോരാളികളും നൂറുകണക്കിന് സാധാരണക്കാരും ഈ സ്റ്റീൽപ്ലാന്റിലുണ്ട്. യുക്രെയ്ൻ നാഷനൽ ഗാർഡിന്റെ ഭാഗമായ, നാത്‌സി ആഭിമുഖ്യത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വിമർശിച്ച ആസോവ് ബറ്റാലിയൻ റെജിമെന്റിലെ അംഗങ്ങളും ഇതിനുള്ളിലെ പോരാളികളുടെ കൂട്ടത്തിലുണ്ട്. ആസോവ് ബറ്റാലിയന്റെ ആസ്ഥാനവും ശക്തികേന്ദ്രവുമാണ് മരിയുപോൾ. സ്റ്റീൽപ്ലാന്റിനുള്ളിലുള്ള സൈനികരും അല്ലാത്തവരുമായവർ വളരെ കഷ്ടസ്ഥിതി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും രക്ഷിക്കാൻ വേണ്ടത് ചെയ്യണമെന്നും യുക്രെയ്നിലെ ഒരു വാർത്താ ചാനലിലൂടെ ആസോവ് റെജിമെന്റ് ഡപ്യൂട്ടി കമാൻഡർ ക്യാപ്റ്റൻ സ്വിയാറ്റോസ്‌ലാവ് പലാമർ അപേക്ഷിച്ചു.

 

ആക്രമണം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനാൽ പ്ലാന്റിനുള്ളിൽ അഭയം പ്രാപിച്ചിരിക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കാനും കഴിയാത്ത അവസ്ഥയാണ്. കുട്ടികളുൾപ്പെടെ അഭയാർഥികളായുള്ളതിനാൽ സ്ഥിതിഗതികൾ ആശങ്കാജനകമാണ്. സ്റ്റീൽപ്ലാന്റിന്റെ ഭൂപടം ലഭിച്ച റഷ്യൻ സേന സ്റ്റീൽ പ്ലാന്റിനുള്ളിൽ കടന്നു കയറിയതായി യുക്രെയ്ൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവായ ആന്റൺ ഗെരാഷെങ്കോ പറഞ്ഞു. ഫാക്ടറിയിലേക്കു പോകുന്ന ഭൂഗർഭ ടണലുകൾ ഉപയോഗിച്ചാണു റഷ്യൻ മുന്നേറ്റമെന്നും യുക്രെയ്ൻ ആരോപിച്ചു.

 

ഇതിനിടെ മരിയുപ്പോളിൽ റഷ്യൻ അനുകൂല വിമതർ ആധിപത്യം സ്ഥാപിച്ചതായും നഗരനിയന്ത്രണം ഏറ്റെടുത്തതായും റിപ്പോർട്ടുകളുണ്ട്. റോഡ് സൈനുകളും സ്ഥലനാമങ്ങളുമൊക്കെ യുക്രെയ്നിയൻ ഭാഷയിൽ നിന്നും ഇംഗ്ലിഷ് ഭാഷയിൽ നിന്നും മാറ്റി റഷ്യൻ ഭാഷയിലാക്കിയെന്നും പറയപ്പെടുന്നു. എത്രയും വേഗം സ്റ്റീൽ പ്ലാന്റിനുള്ളിൽ കുടുങ്ങിയവരെ മോചിപ്പിക്കാൻ വേണ്ടത് ചെയ്യണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിട്ടുണ്ട്.

 

യുദ്ധത്തിനു മുൻപ് നാലുലക്ഷത്തോളം ജനസംഖ്യയുണ്ടായിരുന്ന മരിയുപ്പോൾ നഗരത്തിൽ ഇന്ന് ഒരു ലക്ഷത്തിൽ താഴെ താമസക്കാർ മാത്രമാണുള്ളത്. നഗരം കൈവിട്ടാൽ യുക്രെയ്ന് കനത്ത അടിയായിരിക്കും സംഭവിക്കുക. കരിങ്കടലിൽ തങ്ങൾക്ക് യാതൊരു സ്വാധീനവുമില്ലാത്ത അവസ്ഥ ഇതുവഴി യുക്രെയ്നെ തേടിയെത്തും.

 

English Summary: Ukraine War: Fighters Make Last Stand At Mariupol Steel Plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT