ADVERTISEMENT

2028 ആകുമ്പോഴേക്കും ഹൈപ്പര്‍സോണിക് കപ്പല്‍വേധ ക്രൂസ് മിസൈല്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ നാവികസേന. ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള പ്രതിരോധ വെല്ലുവിളികളെ മറികടക്കാന്‍ ഹാലോ (Hypersonic Air-Launched Offensive Anti-Surface Warfare missile) എന്ന് പേരിട്ടിരിക്കുന്ന ഈ മിസൈല്‍ ആവശ്യമാണെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. ഈ സാമ്പത്തിക വര്‍ഷം തന്നെ ഹാലോ പദ്ധതിക്കായുള്ള പണം ബജറ്റില്‍ അനുവദിക്കണമെന്ന് കാണിച്ച് യുഎസ് നാവികസേന അപേക്ഷ നല്‍കി കഴിഞ്ഞുവെന്ന് ദ ഡ്രൈവ് ഡോട്ട് കോം റിപ്പോര്‍ട്ടു ചെയ്യുന്നു.

 

ഒഫൻസീവ് ആന്റി–സർഫേസ് വാർഫെയർ ഇൻക്രിമെന്റ് 2 (OASuW Inc 2) എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് ഹാലോ എന്ന പേരില്‍ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. എതിരാളികളില്‍ നിന്നുള്ള പ്രതിരോധ വെല്ലുവിളി നേരിടാന്‍ ഹാലോ 2028 ആകുമ്പോഴേക്കും യാഥാര്‍ഥ്യമാകേണ്ടതുണ്ടെന്ന് പദ്ധതിയെ ബജറ്റില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷയില്‍ പറയുന്നുണ്ട്. 92.5 മില്യണ്‍ ഡോളറാണ് (ഏകദേശം 709 കോടി രൂപ) ഈ മിസൈല്‍ നിര്‍മാണ പദ്ധതിക്കായി 2022-23 സാമ്പത്തിക വര്‍ഷം അനുവദിക്കേണ്ടത്. മിസൈലിനു വേണ്ട സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക, പ്രാഥമികഘട്ട പരീക്ഷണങ്ങള്‍ തുടങ്ങിയവക്കുവേണ്ടിയാവും ഈ പണം ചെലവാക്കുക. 

 

അതേസമയം, ഹാലോ മിസൈലിന്റെ കൂടുതല്‍ വിശദാംശങ്ങളും ശേഷിയുമൊന്നും അപേക്ഷയില്‍ വിശദമായി പറഞ്ഞിട്ടില്ല. അമേരിക്കന്‍ സൈന്യത്തിനായി എയര്‍ബ്രീത്തിങ് ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ നിര്‍മിക്കാനുള്ള വേറെയും പദ്ധതികള്‍ ഇപ്പോള്‍തന്നെ സജീവമായുണ്ട്. അമേരിക്ക- ഓസ്‌ട്രേലിയ സഹകരണത്തിലുള്ള F/A-18E/F ഡിസൈൻ ഇതിലൊന്നാണ്. ഡിഫെന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സിയുടെ (DARPA) ഹൈപ്പര്‍സോണിക് എയര്‍ബ്രീത്തിങ് വെപണ്‍ കണ്‍സെപ്റ്റുമായി (HAWC) യുഎസ് വ്യോമസേനയാണ് സഹകരിക്കുന്നത്. 2027 ആകുമ്പോഴേക്കും ഈ പദ്ധതി വഴി നിര്‍മിക്കുന്ന ആയുധങ്ങള്‍ സേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

 

കപ്പല്‍വേധ ഹൈപ്പര്‍സോണിക് മിസൈലാണ് അമേരിക്കന്‍ നാവികസേനയുടെ പ്രധാന ആവശ്യം. അപ്പോഴും ഭാവിയില്‍ കരയിലെ ലക്ഷ്യങ്ങള്‍ ഭേദിക്കുന്ന ഹാലോ മിസൈല്‍ കൂടി നിര്‍മിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഭാവിയിലെ യുദ്ധസാഹചര്യങ്ങളില്‍ വിദൂരത്തുള്ള പടക്കപ്പലുകളെ പോലും എളുപ്പം തകര്‍ക്കാവുന്ന മികച്ച മിസൈലാണ് ഹാലോ കൊണ്ട് യുഎസ് നാവികസേന ലക്ഷ്യമിടുന്നത്. 

 

ഈ ദശാബ്ദത്തില്‍ അമേരിക്കന്‍ സൈന്യം നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന ഹൈപ്പര്‍സോണിക് (ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗം) മിസൈലുകളില്‍ ഒന്ന് മാത്രമാണ് ഹാലോ. 2025 യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇന്റര്‍മീഡിയറ്റ് റേഞ്ച് കണ്‍വെന്‍ഷനല്‍ പ്രോംപ്റ്റ് സ്‌ട്രൈക്ക് മിസൈല്‍ 2027ല്‍ പൂര്‍ത്തിയാവുന്ന സ്റ്റാന്‍ഡേഡ് മിസൈല്‍ 6 (എസ്എം 6) എന്നിവയാണ് മറ്റു രണ്ട് പദ്ധതികള്‍. ഇവയെല്ലാം പ്രതീക്ഷിക്കുന്ന സമയത്ത് പൂര്‍ത്തിയായാല്‍ ഈ ദശാബ്ദം അവസാനിക്കുമ്പോഴേക്കും മൂന്ന് ഹൈപ്പര്‍സോണിക് മിസൈലുകള്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമാവും.

 

English Summary: Hypersonic Anti-Ship Cruise Missile Has To Be Ready By 2028 Navy Says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com