ADVERTISEMENT

ലോകശ്രദ്ധ നേടുകയാണ് മേയ് 9 എന്ന തീയതി. യുക്രെയ്ൻ–റഷ്യ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ അൽപം ഭയത്തോടെയും ആശങ്കയോടുമാണ് മേയ് 9 എന്ന തീയതിയെ വ്ലാഡിമിർ പുട്ടിൻ അടക്കമുള്ള റഷ്യൻ നേതാക്കൾ നോക്കി കാണുന്നത്.

മേയ് 9 റഷ്യയുടെ വിക്ടറി ഡേ അഥവാ വിജയദിനമാണ്. രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് യൂണിയൻ നാത്‌സി പടയെ പരാജയപ്പെടുത്തിയതിന്റെ വാർഷികം. സോവിയറ്റ് യൂണിയനിൽ ഈ വാർഷികം ചെറുതായി ആചരിച്ചിരുന്നു. സോവിയറ്റ് യൂണിയൻ തകർന്ന ശേഷം ഈ തീയതിക്ക് പ്രസക്തി നഷ്ടപ്പെട്ടതായി തോന്നിയെങ്കിലും 2008 മുതൽ വ്ലാഡിമിർ പുട്ടിൻ ഈ ദിനം വളരെ ആഘോഷപൂർവം ആചരിച്ചുതുടങ്ങി. യൂറോപ്പിനെ നാത്സി ഭീകരതയിൽ നിന്നു മോചിപ്പിച്ച രാജ്യമാണ് റഷ്യ എന്ന സന്ദേശം നൽകാനും തങ്ങളുടെ സൈനിക കരുത്തിന്റെ പ്രദർശനം രാജകീയമായ രീതിയിൽ അവതരിപ്പിക്കാനും ഈ ദിനത്തിലെ വിക്ടറി ഡേ പരേഡ് പുട്ടിൻ ഉപയോഗിച്ചു തുടങ്ങി.

 

2.7 കോടി സോവിയറ്റ് പൗരൻമാരാണ് രണ്ടാം ലോകയുദ്ധത്തിൽ മരിച്ചത്. മറ്റേതൊരു രാജ്യത്തേക്കാളും ആൾനാശം സോവിയറ്റ് യൂണിയനാണ് രണ്ടാം ലോകയുദ്ധത്തിൽ നേരിട്ടത്. അതിനാൽ തന്നെ റഷ്യയിൽ മാത്രമല്ല, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയ്നുൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലും വൈകാരികമായ ഓർമകൾ ഈ ദിനത്തെക്കൊണ്ടുണ്ട്.

 

ഇത്രകാലം തന്റെ പ്രൗഢിയും കരുത്തും ശക്ത സന്ദേശങ്ങളും പുറത്തുകാട്ടാൻ ഗംഭീരമായി ഉപയോഗിച്ച ഈ ദിനം വ്ലാഡിമിർ പുട്ടിനെ ഇപ്പോൾ ചെറുതായി പേടിപ്പിക്കുന്നുണ്ടോയെന്ന് പാശ്ചാത്യ യുദ്ധ, രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നു. അതിന് ഒരേയൊരു കാരണമാണുള്ളത്. യുക്രെയ്ൻ യുദ്ധം.

 

2014ൽ ക്രൈമിയ പിടിച്ചടക്കിയ യുദ്ധത്തിനു ശേഷം വിക്ടറി ഡേ പരേഡിൽ വ്ലാഡിമിർ പുട്ടിൻ സൂര്യനെപ്പോലെ കത്തിജ്വലിച്ചു. ഫാസിസത്തിന്റെ പിടിയിൽ നിന്നു തങ്ങളുടെ അയൽരാജ്യങ്ങളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ആദ്യപടിയാണു ക്രൈമിയയിലെ വിജയമെന്ന് പുട്ടിൻ ഹർഷാരവം മുഴക്കി നിന്ന റഷ്യക്കാരോട് വിളിച്ചുപറഞ്ഞു. എട്ടു വർഷങ്ങൾക്കിപ്പുറം കീവ് തങ്ങൾ പിടിച്ചടക്കിയെന്നും റഷ്യയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി നിന്ന ഭരണകൂടങ്ങളിലൊന്ന് നിലംപതിച്ചെന്നും പറയാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു.

russian-army-

 

എന്നാൽ റഷ്യയുടെ യുക്രെയ്ൻ യുദ്ധം 75 ദിനങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപിത റഷ്യങ്ങൾ നേടിയിട്ടില്ല. ഉയർത്തിക്കാട്ടാൻ തരത്തിലുള്ള ഒരു സൈനികവിജയവും വിക്ടറി ഡേയ്ക്കു മുൻപ് റഷ്യ കൈവരിച്ചിട്ടില്ലെന്ന് പാശ്ചാത്യ നിരീക്ഷകർ പറയുന്നു. മരിയുപ്പോൾ നഗരം കീഴടക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ മുന്നിലുള്ളത്. അതെങ്കിലും കൈവരിക്കാൻ റഷ്യ ഇന്നും നാളെയുമായി കിണഞ്ഞു ശ്രമിക്കുമെന്ന് ഉറപ്പാണെന്നും നിരീക്ഷകർ പറയുന്നു. ജനങ്ങളുടെ മുൻപിൽ ഒരു കണക്ക് അവതരണത്തിലാണ് അദ്ദേഹം പോകുന്നത്.യുദ്ധത്തിന്റെ കണക്ക്. അതിൽ കൈയടിക്കാൻ പാകത്തിൽ എന്തെങ്കിലുമില്ലെങ്കിൽ അതു തനിക്ക് കുറച്ചിലാകുമെന്ന ബോധ്യം പുട്ടിനുണ്ട്. മരിയുപ്പോൾ വീണാൽ പുതിയകാല നാത്‌സികളെന്നു തങ്ങൾ വിശേഷിപ്പിക്കുന്ന ആസോവ് ബറ്റാലിയന്റെ ആസ്ഥാനം കീഴടക്കിയെന്നു പുട്ടിനു ജനങ്ങളോടു പറയാം. അതുവഴി 1945ലെയും ഇപ്പോഴത്തെയും നിലകൾ തമ്മിൽ ഒരു തുലനമാകാം.

 

ഇത്തവണയും തങ്ങളുട വിപുലമായ ആയുധശേഖരം ജനങ്ങൾക്കു മുന്നിൽ റഷ്യ അണിനിരത്തുമെന്നാണു പ്രതീക്ഷ. 2015ൽ അർമാറ്റ ടി–14 ടാങ്ക് ആയിരുന്നു ജനശ്രദ്ധ നേടിയത്. എന്നാൽ 7 വർഷങ്ങൾക്കിപ്പുറം യുക്രെയ്നിലെ യുദ്ധഭൂമിയിൽ ഈ ടാങ്ക് ഇറങ്ങിയതേയില്ല. ഇതിൽ കുറഞ്ഞ ഒരുപാടു ടാങ്കുകൾ കാണുകയും ചെയ്തു. ആയിരത്തിലധികം റഷ്യൻ ടാങ്കുകൾ തങ്ങൾ തകർത്തെന്ന് യുക്രെയ്ൻ പറയുകയും ചെയ്തു.

 

യുദ്ധം പ്രമാണിച്ച് ഇത്തവണ സൈനികരുടെയും ആയുധങ്ങളുടെയും എണ്ണത്തിൽ കുറവ് വരുമെന്നാണു പ്രതീക്ഷ. എങ്കിലും പതിനായിരത്തിലധികം ട്രൂപ്പുകളും 129 ആയുധങ്ങളും അണിനിരക്കും. 77 യുദ്ധവിമാനങ്ങളും അത്ര തന്നെ ഹെലിക്കോപ്റ്ററുകളും  എയർഷോയിൽ പങ്കെടുക്കും. യുദ്ധത്തിന്റെ തുടക്കം മുതൽ തന്നെ ദുരൂഹത ഉയർത്തി നിന്ന  Z ചിഹ്നത്തിന്റെ ഫോർമേഷനിലാകും വ്യോമവാഹനങ്ങൾ പറക്കുക എന്നും അഭ്യൂഹമുണ്ട്.

റഷ്യൻ കവചിത വാഹനങ്ങളിലും ടാങ്കുകളിലും യുദ്ധവിമാനങ്ങളിലുമൊക്കെ ഈ ചിഹ്നം കണ്ടിരുന്നു.ഇത്തവണ ലോകനേതാക്കളൊന്നും അതിഥികളായി മോസ്കോയിലെ പരേഡ് വേദിയിലെത്തുന്നില്ലെന്നതും ശ്രദ്ധേയം. പരേഡ് ദിനത്തിൽ വ്ലാഡിമിർ പുട്ടിൻ എന്താണു പറയാൻ പോകുന്നതെന്നതിന് ശ്രദ്ധയോടെ കാതോർക്കുകയാണ് ലോകം. യുക്രെയ്ന്റെ ഭാവിയെ നിർണയിക്കുന്ന കാര്യങ്ങൾ അദ്ദേഹം പറയുമെന്നാണു പല വിദഗ്ധരുടെയും പ്രതീക്ഷ.

 

English Summary: Russia may declare war on Ukraine on May 9 – and use it as a reason to double down on attacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT