ADVERTISEMENT

ഒരു ഭാഗത്ത് റഷ്യ– യുക്രെയ്ൻ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ തന്റെ ദാദാഗിരി പൂർവാധികം ഭംഗിയോടെ മുന്നോട്ടു കൊണ്ടുപോകുകയാണ് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. മേയ് 21 ദക്ഷിണ കൊറിയയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വരാനിരിക്കെ, അതിനു മുൻപായി ആണവ പരീക്ഷണം നടത്താനാണു ഉത്തര കൊറിയയുടെ തീരുമാനമെന്ന് നിരീക്ഷകർ പറയുന്നു. 

 

ഉത്തരകൊറിയയിലെ കുപ്രസിദ്ധമായ പുങ്യി റി ആണവ പരീക്ഷണ സൈറ്റ് വീണ്ടും സജീവമായെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉടനടി ആണവ പരീക്ഷണം നടത്താൻ ഉദ്ദേശമിട്ടാണ് ഇതെന്നാണു വിലയിരുത്തൽ. ആളുകളും വാഹനങ്ങളും ഇങ്ങോട്ടേക്കു വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. 2006, 2009, 2013, 2016, 2017 വർഷങ്ങളിൽ ആറു തവണ ഇവിടെ ആണവപരീക്ഷണം നടന്നിരുന്നു. ഇനിയും പരീക്ഷണം നടത്തരുതെന്ന രാജ്യാന്തര ആവശ്യത്തെത്തുടർന്ന് പുങ്യി റി ടെസ്റ്റ് സൈറ്റ് ഉത്തരകൊറിയ അടച്ചുപൂട്ടിയിരുന്നു. ഇനിയും ഇവിടെ പരീക്ഷണം നടന്നാൽ ഇവിടെ നടക്കുന്ന ഏഴാമത്തെ പരീക്ഷണം ആകുമിത്. അഞ്ചു വർഷത്തിന്റെ ഇടവേളയ്ക്കു ശേഷം ഉത്തരകൊറിയ നടത്തുന്ന ഏഴാമത്തെ പരീക്ഷണവും.

 

അമേരിക്കൻ പ്രസിഡന്റുമാർ ദക്ഷിണ കൊറിയയിൽ വരുമ്പോൾ ആണപപ്രതിസന്ധിയുണ്ടാക്കുന്ന പതിവ് ഉത്തരകൊറിയ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 2014ൽ ബറാക് ഒബാമ ദക്ഷിണ കൊറിയയിൽ എത്തിയപ്പോൾ ആണവ പരീക്ഷണം നടത്താൻ ഉത്തര കൊറിയ മുതിർന്നിരുന്നു. 2016ൽ ഒരു ലോക ഉച്ചകോടിക്കു ശേഷം ദക്ഷിണ കൊറിയയിൽ നിന്ന് ഒബാമ മടങ്ങിയപ്പോൾ ഉത്തര കൊറിയ ആണവപരീക്ഷണം നടത്തി ലോകത്തെ ഞെട്ടിക്കുകയും ചെയ്തു.

 

∙ പുതിയ പ്രസിഡന്റിന് ബാലിസ്റ്റിക് സമ്മാനം

 

ഇതിനിടെ കഴിഞ്ഞ ദിവസം ഉത്തരകൊറിയ മുങ്ങിക്കപ്പലിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ വെളിപ്പെടുത്തി. രാജ്യത്ത് കപ്പൽ നിർമാണശാലയുള്ള കിഴക്കൻ തുറമുഖ നഗരമായ സിൻപോയിൽ നിന്നാണ് കഴിഞ്ഞ ദിവസം പരീക്ഷണം നടത്തിയത്. ഹ്രസ്വദൂര മിസൈൽ 600 കിലോമീറ്റർ സഞ്ചരിച്ചു.

 

ദക്ഷിണ കൊറിയയിൽ നിയുക്ത പ്രസിഡന്റ് യൂൺ സോക് യൂളിന്റെ സ്ഥാനാരോഹണം പത്തിനു നടക്കാനിരിക്കെയാണ് പ്രകോപനം സൃഷ്ടിച്ച് പരീക്ഷണം. മുങ്ങിക്കപ്പലിൽ നിന്നുള്ള രണ്ടാമത്തെ മിസൈൽ പരീക്ഷണമാണ് ഉത്തരകൊറിയ ഇപ്പോൾ നടത്തിയത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആദ്യത്തേത്. മിസൈൽ വിക്ഷേപണ ശേഷിയുള്ള ഏക മുങ്ങിക്കപ്പലായ 8.24 യോങ്ങുങ്ങാണ് ഇതിനായി ഉപയോഗിച്ചത്.

 

ഉത്തര കൊറിയ ഈ വർഷം 15 മിസൈൽ പരീക്ഷണങ്ങൾ നടത്തി. യുഎസ് വരെയെത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലായ ഹ്വാസോങ് 17ന്റെ പരീക്ഷണവും ഇതിൽ ഉൾപ്പെടും.

 

∙ നടപ്പാക്കുന്നത് സമ്മർദ്ദതന്ത്രമോ?

 

യുക്രെയ്ൻ–റഷ്യ യുദ്ധത്തെത്തുടർന്ന് യുഎൻ രക്ഷാസമിതിയുടെ പ്രവർത്തനത്തിൽ ഭിന്നിപ്പും പ്രതിസന്ധികളും ഉടലെടുത്തിട്ടുണ്ടെന്നും ഇതു മുതലാക്കാനുള്ള ശ്രമമാണ് ഉത്തര കൊറിയയുടെ അടിക്കടിയുള്ള ആയുധ പരീക്ഷണങ്ങളെന്നും നിരീക്ഷകർ പറയുന്നു. ആണവ വിസ്ഫോടനങ്ങൾ ഉൾപ്പെടെയുള്ള പരീക്ഷണങ്ങൾ വഴി അമേരിക്കയുടെ മേൽ സമ്മർദ്ദമേറ്റുകയും തങ്ങളെ ചൂഴ്ന്നു നിൽക്കുന്ന ഉപരോധങ്ങൾ മാറ്റാൻ പ്രേരിപ്പിക്കുകയുമാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു.

 

English Summary: North Korea Likely To Conduct Nuclear Test Before Joe Biden's Visit To Seoul: South Korea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT