ADVERTISEMENT

യുക്രെയ്ൻ പിടിച്ചടക്കാൻ വ്ലാഡിമിർ പുട്ടിന്റെ റോബട്ട് സൈന്യം വരുന്നെന്നു വാർത്ത. ടാങ്കുകളും കവചിത വാഹനങ്ങളും മുതൽ സ്പെറ്റ്നാസ് ട്രൂപ്പുകളും വൻകിട ഹൈപ്പർസോണിക് മിസൈലുകളും വരെയിറക്കിയിട്ടും യുക്രെയ്നിൽ വിചാരിച്ചതുപോലെ മുന്നേറ്റമുണ്ടാക്കാൻ കഴിയാതായതോടെ റഷ്യ അതിനൂതന റോബട് സേനയെ ഇറക്കിയേക്കുമെന്ന് ഒരു ബ്രിട്ടിഷ് മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. റഷ്യൻ മിലിട്ടറി വിദഗ്ധനായ വിക്ടർ മുറാഖോവ്സ്കിയെ ഉദ്ധരിച്ചാണ് വാർത്ത.
റോബട്ടിക് യുദ്ധസംവിധാനങ്ങളിൽ റഷ്യ പിന്നിലാണെന്നത് തെറ്റിദ്ധാരണയാണെന്നും സ്വയം നിയന്ത്രിതവാഹനങ്ങളിലും ആയുധങ്ങളും അടക്കം റഷ്യയ്ക്കുണ്ടെന്നും മുറാഖോവ്സ്കി പറയുന്നു. റെഡ് ആർമിയെ ഉദാഹരിച്ചാണ് മുറാഖോവ്സ്കിയുടെ വാദം.

സോവിയറ്റ് യൂണിയന്റെ സൈന്യമായിരുന്ന റെഡ് ആർമിയുടെ പിന്തുടർച്ചക്കാരാണ് ഇന്നത്തെ റഷ്യൻ സൈന്യമെന്നു മുറാഖോവ്സ്കി പറയുന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന ടാങ്കുകൾ 1930 ൽ റെഡ് ആർമി നിർമിച്ചിരുന്നു. മെഷീൻ ഗണ്ണുകൾ, ഫ്ലെയിംത്രോവറുകൾ തുടങ്ങിയവ അടങ്ങിയ ഈ ടെലിടാങ്കുകളെ രണ്ടു കിലോമീറ്റർ അകലെനിന്നു പോലും നിയന്ത്രിക്കാമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പൈലറ്റില്ലാ വിമാനവും യുഎസ്എസ്ആർ വികസിപ്പിച്ചിരുന്നു. ഡ്രോണുകളുടെ ആദിമരൂപമായിരുന്നു ഇവ. നിലവിൽ ഡ്രോണുകളുടെ കാര്യത്തിൽ റഷ്യ പിന്നാക്കമാണെങ്കിലും കര, സമുദ്ര റോബട്ടുകളുടെ കാര്യത്തിൽ റഷ്യ ഒരുപാട് മുന്നേറിയിട്ടുണ്ട്. മനുഷ്യ ഇടപെടലില്ലാതെ യുദ്ധം ചെയ്യുന്ന റോബട്ടുകളാണ് ഇത്. സൈനികർക്ക് ജീവാപായം വന്നേക്കാവുന്ന മാരകമായ സാഹചര്യങ്ങളിൽ ഇവയ്ക്ക് തങ്ങളുടെ കരുത്ത് കാണിക്കാൻ സാധിക്കുമെന്നും മുറഖോവ്സ്കി അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റഷ്യയും സഖ്യകക്ഷിയായ ബെലാറൂസും ചേർന്ന് സപഡ് 2021 എന്ന പേരിൽ ഒരു സൈനികാഭ്യാസം വടത്തിയിരുന്നു. ഈ അഭ്യാസത്തിൽ സൈനികർക്കൊപ്പം ഗ്രൗണ്ട് റോബട്ടുകളെ അണിനിരത്തിയ റഷ്യ, ഇവയെ ഉപയോഗിച്ച് മിസൈലുകൾ തൊടുക്കുന്നതും ലോകം കണ്ടു. മനുഷ്യ സൈനികരുടെ യുദ്ധമുന്നേറ്റങ്ങൾക്ക് സുരക്ഷയൊരുക്കാനും ഇവയ്ക്കു കഴിഞ്ഞു.

നെറെഖ്ത, ഉറാൻ 9 എന്നീ റോബട്ടുകൾ റഷ്യൻ സൈന്യത്തിനൊപ്പമുണ്ട്. ഉറാൻ 9 തന്നെയാണ് റഷ്യൻ സൈന്യത്തിലെ ഏറ്റവും ഉജ്വലമായ റോബട്ട്. അത്യാധുനിക ആയുധങ്ങളുടെ കൂട്ടത്തിൽപെട്ട റോബട്ടാണ് ഉറാൻ 9, 30 എംഎം ഓട്ടമാറ്റിക് കാനൻ, ടാങ്ക്‌വേധ മിസൈൽ തുടങ്ങിയവയെല്ലാം ഇതിൽ വഹിക്കാം.

ലസ്റ്റോച്ക, പ്ലാറ്റ്ഫോം എം തുടങ്ങിയ റോബട്ടുകളും യുദ്ധാഭ്യാസത്തിൽ അണിനിരന്നിരുന്നു. എന്നാൽ ഉയർന്ന മേഖലകളിൽ പറക്കാവുന്ന ആൾട്ടിയസ് ഡ്രോൺ, ഒക്ഹോട്നിക് ഡ്രോണുകൾ എന്നിവ അന്നത്തെ സൈനികാഭ്യാസത്തിൽ പങ്കെടുത്തിരുന്നില്ല. ഇത്തരം അതിനവീന ആയുധങ്ങൾ യുക്രെയ്നിലെ യുദ്ധഭൂമിയിലേക്ക് റഷ്യ വിന്യസിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

English Summary: Putin's terrifying ‘robot army’ could be unleashed to break Ukraine deadlock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT