ADVERTISEMENT

റഷ്യയുടെ യുക്രെയ്ൻ യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്കു നീളുമോ ? യുദ്ധത്തിന്റെ ആരംഭം മുതൽ ഉയരുന്ന ഒരു ചോദ്യമാണിത്. പോളണ്ട്, ഫിൻലൻഡ്, സ്വീഡൻ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കാനുള്ള സാധ്യതകൾ രാജ്യാന്തര പ്രതിരോധ ഗവേഷകർ മുന്നോട്ടുവച്ചിരുന്നു. ഏതായാലും ഈ രാജ്യങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത് ഫിൻലൻഡാണ്. കഴിഞ്ഞദിവസം ഫിൻലൻഡ് പ്രസിഡന്റ് സോലി നിനിസ്‌റ്റോ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനെ ഫോണിൽ വിളിക്കുകയും നാറ്റോയിൽ ചേരാനുള്ള തങ്ങളുടെ ആഗ്രഹം അവതരിപ്പിക്കുകയും ചെയ്തു.

 

സ്വാഭാവികമായും റഷ്യ ഈ നീക്കം ഇഷ്ടപ്പെടുന്നില്ല. തങ്ങളുമായി അതിർത്തി പങ്കിടുന്ന തൊട്ടടുത്തുള്ള രാജ്യങ്ങൾ നാറ്റോയിൽ ചേർന്ന് തങ്ങൾക്ക് ഭീഷണി ഉയർത്തിയാൽ ആണവായുധം ഉൾപ്പെടെയുള്ള മാർഗങ്ങൾ ഉപയോഗിക്കാൻ മടിക്കില്ലെന്ന് റഷ്യൻ അധികൃതർ പറഞ്ഞത് മുൻപ് വലിയ ചർച്ചാവിഷയമായിരുന്നു. ഫിൻലൻഡിനൊരു താക്കീതെന്ന നിലയിൽ റഷ്യയിൽ നിന്നു രാജ്യത്തേക്കുള്ള വൈദ്യുതിവിതരണം റഷ്യ നിർത്തിവച്ചിരുന്നു.

 

∙ റഷ്യയിൽ നിന്ന് ഒരു ആണവ ആക്രമണം ഉണ്ടായാൽ...

 

ഫിൻലൻഡ് ഇങ്ങനെയൊരു സാധ്യത നേരത്തെ പരിഗണിച്ചിരുന്നു. ഇത്തരമൊരു ആക്രമണം ഉണ്ടായാൽ ജനങ്ങളെ രക്ഷിക്കാനായി ഒരു വമ്പൻ ഭൂഗർഭനഗരം തലസ്ഥാനനഗരമായ ഹെൽസിങ്കിയുടെ താഴെ ഫിൻലൻഡ് പണിതതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അഞ്ഞൂറിൽ അധികം ബങ്കറുകളുള്ള ഈ അധോനഗരത്തിന് ഒൻപതു ലക്ഷത്തോളം ആളുകളെ സുരക്ഷിതമായി പാർപ്പിക്കാൻ കഴിയുമത്രേ. ഹെൽസിങ്കി നഗരത്തിന്റെ മൊത്തം ജനസംഖ്യയേക്കാൾ കൂടുതൽ ആണ് ഈ സംഖ്യ. ശരത്കാലയുദ്ധത്തിലും രണ്ടാം ലോകയുദ്ധത്തിലും ഫിന്നിഷ് ജനത അനുഭവിച്ച കഷ്ടതകളെക്കുറിച്ചുള്ള ഓർമകളാണ് ഇത്തരമൊരു ബൃഹത് ബങ്കർ പദ്ധതിക്കു തുടക്കമിടാൻ അവരെ പ്രേരിപ്പിച്ചത്. 1960ൽ ആണ് ആദ്യമായി ഇതു പണിതുതുടങ്ങിയത്. പിന്നീട് വന്ന സർക്കാരുകളൊക്കെ പലനയങ്ങളിലും വ്യത്യസ്ത നിലപാട് എടുക്കുന്നവരായിരുന്നെങ്കിലും ഈ സുരക്ഷാബങ്കർ സംവിധാനത്തിന്റെ കാര്യത്തിൽ മാത്രം യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലായിരുന്നു. 90 ലക്ഷം ക്യുബിക്മീറ്ററോളം പാറ തുരന്നാണ് ഈ അധോനഗരം അവർ പൂർത്തീകരിച്ചത്.

 

കഫേ, കാർ പാർക്കിങ് ഏരിയകൾ, പാർപ്പിടസംവിധാനങ്ങൾ, കായികപ്രവൃത്തികൾക്കായുള്ള ഗ്രൗണ്ടുകൾ തുടങ്ങിയവയെല്ലാം ഈ ഭൂഗർഭനഗരത്തിലുണ്ട്. അരലക്ഷം ഡബിൾ ഡക്കർ ബസുകൾ സൂക്ഷിക്കാനുള്ള സ്ഥലം ഇവിടെയുണ്ടെന്നാണ് ഫിന്നിഷ് അധികൃതർ തന്നെ പറയുന്നത്.

 

ഏതെങ്കിലും കാരണവശാൽ ജനങ്ങളെ മൊത്തത്തിൽ ഈ ബങ്കറുകളിലേക്കു മാറ്റേണ്ടിവന്നാൽ അടിയന്തരമായി പുലർത്തേണ്ട നടപടിക്രമങ്ങൾ ഫിൻലൻഡ് നേരത്തെ തയാറാക്കിയിട്ടുണ്ട്. പൊലീസ്, ആരോഗ്യപ്രവർത്തകർ തുടങ്ങിയ അവശ്യവിഭാഗങ്ങൾക്ക് ഇതിന്റെ പരിശീലനവും നൽകിയിട്ടുണ്ട്. യുദ്ധസാധ്യത ഉടലെടുത്താൽ ഈ ബൃഹത് ബങ്കർ സംവിധാനത്തിനൊപ്പം തന്നെ ഫിൻലൻഡിലെ മെട്രോ സ്‌റ്റേഷനുകളും ജനസുരക്ഷയ്ക്കായി ഉപയോഗിക്കാമെന്ന് ഫിൻലൻഡ് അധികൃതർ പറയുന്നു.

ചില നിയമങ്ങളും ഈ ബങ്കറിലുണ്ട്. മദ്യം, ലഹരിമരുന്ന്, ആയുധങ്ങൾ, ചില ഉപകരണങ്ങൾ തുടങ്ങിയവയൊന്നും ഇതിനുള്ളിലേക്കു കൊണ്ടുവരാൻ സാധിക്കില്ല. ആണവായുധമുൾപ്പെടെ റഷ്യയുടെ അതിവിനാശകാരികളായ ആയുധങ്ങളിൽ നിന്നു പ്രാഥമിക സുരക്ഷ ബങ്കറുകൾ നൽകുമെന്ന് ഫിൻലൻഡ് പറയുന്നു. സൈബർ ആക്രമണങ്ങളിൽ നിന്നു ബങ്കറിന്റെ ഐടി സംവിധാനങ്ങൾക്ക് സുരക്ഷ നൽകാനായി പ്രത്യേക ഫയർവാൾ, ആന്റി വൈറസ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

 

English Summary: Vladimir Putin sending nuclear capable missiles towards Finnish border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com