യൂറോപ്പിൽ പടരുന്ന കുരങ്ങുപനി റഷ്യയുടെ ജൈവായുധമോ? അഭ്യൂഹം

monkeypox
SHARE

യൂറോപ്പിലും യുഎസ്, കാനഡ, ഓസ്ട്രേലിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും വ്യാപിക്കുന്ന കുരങ്ങുപനി റഷ്യയുടെ ജൈവായുധമോ എന്ന് സംശയിച്ച് വിവിധ മാധ്യമ റിപ്പോർട്ടുകൾ. പ്രധാനമായും ചില പാശ്ചാത്യ– യൂറോപ്യൻ വാർത്താമാധ്യമങ്ങളാണ് ഇത്തരം റിപ്പോർട്ടുകളുമായി എത്തിയിരിക്കുന്നത്. മുൻ റഷ്യൻ ആർമി കേണലും സോവിയറ്റ് യൂണിയന്റെ ജൈവായുധ വികസന പ്രോഗ്രാമിന്റെ ഡപ്യൂട്ടി ചീഫുമായിരുന്ന കെൻ അലിബെക്കുമായുള്ള പഴയ ചില ഇന്റർവ്യൂകളും മറ്റും അഭ്യൂഹത്തിനു തെളിവായി നിരത്തുന്നു.

കുരങ്ങുപനി (മങ്കിപോക്സ്) സ്ഥീരികരിച്ച കേസുകളുടെ എണ്ണം ലോകമാകെ 100 കടന്നിട്ടുണ്ട്. രോഗമുണ്ടെന്ന് സംശയിക്കുന്ന നൂറുപേരോളം നിരീക്ഷണത്തിലുമാണ്. ബ്രിട്ടൻ, സ്പെയ്ൻ, പോർച്ചുഗൽ, ഇറ്റലി, ബൽജിയം, ജർമനി, ഫ്രാൻസ്, യുഎസ്, ഓസ്ട്രേലിയ, കാനഡ, സ്വീഡൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന അടിയന്തര മീറ്റിങ് കഴിഞ്ഞദിവസം വിളിക്കുകയും ചെയ്തിരുന്നു.

സോവിയറ്റ് യൂണിയൻ 1991ൽ തകർന്നശേഷവും കെൻ അലിബെക്ക് റഷ്യയുടെ ജൈവായുധ പദ്ധതിയിൽ തുടർന്നിരുന്നു. 40 ലാബുകളിലായി 32,000 ജീവനക്കാരുമായുള്ള ഒരു ബൃഹത്പദ്ധതിയായിരുന്നു ഇതെന്ന് അലിബെക്ക് പറയുന്നു. പിന്നീട് അദ്ദേഹം നാടുവിട്ട് യുഎസിലെത്തി.

വസൂരി വൈറസുമായി ബന്ധപ്പെട്ടായിരുന്നു സോവിയറ്റ് യൂണിയന്റെ ആദ്യകാല ജൈവായുധ പദ്ധതികളെന്ന് അലിബെക്ക് പറയുന്നു. എന്നാൽ പിൽക്കാലത്ത് വസൂരി വൈദ്യശാസ്ത്രത്തിനു നിയന്ത്രണവിധേയമായതോടെ ഈ പ്രോഗ്രാം നിർത്തേണ്ടി വന്നു. പകരം എന്തെല്ലാം വൈറസുകളെ ഉപയോഗിക്കാമെന്ന അന്വേഷണം കുരങ്ങുപനിക്ക് കാരണമാകുന്ന മങ്കിപോക്സ് വൈറസിലേക്കും എത്തിച്ചെന്ന് അലിബെക്ക് സാക്ഷ്യപ്പെടുത്തിയിരുന്നു. മങ്കിപോക്സ് വൈറസുകളെ ജൈവായുധമാക്കാൻ സാധിക്കുമോ എന്നുള്ള ആശങ്ക യുഎൻ സ്പെഷൽ കമ്മിഷൻ മുൻ വിദഗ്ധനായ ജൊനാഥൻ ടക്കറും പങ്കുവച്ചിരുന്നു.

1970ൽ ആഫ്രിക്കയിലെ കോംഗോയിലാണ് മനുഷ്യരിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ 11 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2003ൽ ആദ്യമായി ആഫ്രിക്കയ്ക്കു പുറത്ത് രോഗം റിപ്പോർട്ട് ചെയ്തു. യുഎസിലായിരുന്നു ഇത്. സാധാരണ ഈ രോഗം കാണപ്പെടാറുള്ളത് ആഫ്രിക്കയുടെ മധ്യ, പടിഞ്ഞാറൻ മേഖലകളിലെ മഴക്കാടുകളിലാണ്.
വസൂരി വൈറസുകൾ ഉൾപ്പെടുന്ന പോക്സ്‌വൈറിഡെ കുടുംബത്തിൽ ഉൾപ്പെട്ട മങ്കിപോക്സ് വൈറസുകളാണ് ഈ രോഗം പടർത്തുന്നത്.

2 പ്രധാന വകഭേദങ്ങൾ ഈ രോഗത്തിനുണ്ട്. ഇതിൽ വീര്യം കൂടിയ കോംഗോ വകഭേദത്തിന്റെ മരണനിരക്ക് 10% വരെയാണ്. വീര്യം കുറഞ്ഞ പശ്ചിമ ആഫ്രിക്കൻ വകഭേദം മരണനിരക്ക് 1%. രോഗബാധിതരായ ആളുകൾ, മൃഗങ്ങൾ എന്നിവരുമായി അടുത്തു സമ്പർക്കം പുലർത്തുന്നതാണ് രോഗവ്യാപനത്തിനു കാരണമാകുന്നത്. അണ്ണാൻ, എലി, കുരങ്ങ് തുടങ്ങിയവയാണു പ്രധാന രോഗവാഹകർമുറിവുകൾ, ശരീരസ്രവങ്ങൾ, ശ്വസനവായു, വൈറസ് കയറിക്കൂടിയ വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ വഴി രോഗം പടരാം.

കടുത്ത തലവേദന, പനി, ഗ്രന്ഥിവീക്കം, പുറംവേദന, കുളിര്, ശരീരത്തിൽ പാടുകൾ, തളർച്ച, പേശീവേദന എന്നിവയാണു പ്രധാനലക്ഷണങ്ങൾ. 2 – 4 ആഴ്ച ലക്ഷണങ്ങൾ നീണ്ടു നിൽക്കും. ചിലപ്പോൾ ഗുരുതരസ്വഭാവം കൈവരിച്ചേക്കാം. വൈറസ് ബാധിച്ച് 5 –21 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ കാണിക്കാം.

bio-weapon

English Summary: Russia was planning to use monkeypox as bioweapon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA