ADVERTISEMENT

കിഴക്കൻ യൂറോപ്യൻ മേഖലയിൽ ഇനിയും ശാന്തി പുലരാതെ യുക്രെയ്ൻ റഷ്യ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ നേരെ എതിർദിശയിലെ പസിഫിക് മേഖല അശാന്തിയിലാണ്. തെക്കൻ ചൈനാക്കടലിൽ യുദ്ധമേഘങ്ങൾ ഉരുണ്ട്കൂടുകയാണ്. ഏതുനിമിഷവും ചൈനയുടെ ആക്രമണം നടക്കുമെന്ന ആശങ്കയിൽ ദ്വീപരാജ്യമായ തയ്‌വാൻ ദിനരാത്രങ്ങൾ തള്ളിനീക്കുന്നു.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഓഡിയോ ക്ലിപ്പിലൂടെ തയ്‌വാനിൽ നടപ്പാക്കാൻ ചൈന ഉദ്ദേശിക്കുന്ന യുദ്ധ പദ്ധതിയുടെ വിവരങ്ങളും വെളിപ്പെട്ടിരിക്കുകയാണെന്നു നിരീക്ഷകർ പറയുന്നു. 

 

ചൈനീസ് വംശജയും മനുഷ്യാവകാശ പ്രവർത്തകയുമായ ജെന്നിഫർ ഴെങ്ങാണ് ക്ലിപ് പുറത്തുവിട്ടിരിക്കുന്നത്. 57 മിനിറ്റുള്ള ക്ലിപ്പിലെ സംഭാഷണങ്ങൾ ചൈനയിലെ ഭരണാധികാരികളായ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വവും ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി ഉന്നത കമാൻഡർമാരുമായിട്ടുള്ളതാണ്. ഷി ചിൻപിങ്ങിന്റെ നിർദേശപ്രകാരം നടത്തിയ ഒരു കൂടിക്കാഴ്ചയിലെ സംഭാഷണങ്ങളാണ് ഇതെന്ന് അഭ്യൂഹമുയർന്നിട്ടുണ്ട്.

taiwan-china

 

ചൈനയിൽ നിന്നു സ്വാതന്ത്ര്യം എന്ന വാദമുയർത്തുന്ന തയ്‌വാനീസ് ശക്തികളെ നിഷ്കരുണം കീഴടക്കണമെന്നും യുദ്ധം തുടങ്ങാൻ മടിക്കരുതെന്നും ക്ലിപ്പിൽ പറയുന്നു. ദേശീയ സ്വാതന്ത്ര്യവും സമഗ്രതയും സംരക്ഷിക്കണമെന്ന വാദവും ക്ലിപ്പിലുണ്ട്. ഷി ചിൻപിങ്ങിന്റെ ആഹ്വാനങ്ങളിൽ ഒന്നാണിത്.

പ്രതീകാത്മക ചിത്രം (Image - Shutterstock / Phillip Tayler)
പ്രതീകാത്മക ചിത്രം (Image - Shutterstock / Phillip Tayler)

 

ജനങ്ങളെയും സൈനികരെയും ഉൾപ്പെടുത്തിയുള്ള സംയുക്ത സേന–ജനകീയ കമാൻഡ് രൂപീകരിക്കുമെന്നും മീറ്റിങ്ങിൽ നിർദേശമുയർന്നിരുന്നു. ഡ്രോണുകൾ, ബോട്ടുകൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ ഉണ്ടാക്കാൻ ചുമതലപ്പെടുത്തിയ കമ്പനികളെക്കുറിച്ചും പരാമർശങ്ങളുയർന്നു. ഷൂഹായ് ഓർബിറ്റ, ഷെൻസെൻ എയ്റോസ്പേസ്, ഫോഷൻ ഡെലിയ, ജി ഹുവ ലബോറട്ടറി എന്നീ കമ്പനികൾ യുദ്ധാവശ്യങ്ങൾക്കായി ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് നിയന്ത്രിക്കുന്നതിനെക്കുറിച്ചും വെളിപ്പെടുത്തലുണ്ടായി. ഇതിനായി മാത്രം 16 ശക്തമായ ഉപഗ്രഹങ്ങൾ താഴ്ന്ന ഭ്രമണപഥത്തിൽ വിന്യസിച്ചിട്ടുണ്ട്. ഉയർന്ന റസല്യൂഷനുള്ള ചിത്രങ്ങൾ എടുക്കുന്നതും എതിരാളിയുടെ നീക്കങ്ങൾ മണത്തറിയുന്നതുമൊക്കെയാണ് ഉപഗ്രഹങ്ങൾക്കു നൽകിയിരിക്കുന്ന ദൗത്യങ്ങൾ.

 

ഒന്നരലക്ഷം സൈന്യം, 953 യുദ്ധക്കപ്പലുകൾ, 1653 ഓട്ടമാറ്റിക് യുദ്ധോപകരണങ്ങൾ എന്നിവ അണിനിരത്തുമെന്ന് ചർച്ചയിൽ വെളിപ്പെടുത്തലുണ്ട്. പുതുതായി 20 എയർപോർട്ടുകളും ഡോക്കുകളും 6 കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങളും ധാന്യ കലവറകളും ആശുപത്രികളും 14 അടിയന്തര സഹായ കേന്ദ്രങ്ങളും അസംഖ്യം ഊർജ, ഇന്ധന സ്റ്റേഷനുകളും തയാറാക്കാൻ തെക്കൻ യുദ്ധമേഖലയായ ഗ്വാങ്ഡോങ് പ്രവിശ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിച്ചവരും സന്നദ്ധസേനാംഗങ്ങളും ഉൾപ്പെടെ പതിനയ്യായിരത്തോളം സൈനികാംഗങ്ങളെ സമാഹരിക്കാനും ഗ്വാങ്ഡോങ് പ്രവിശ്യയുടെ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ടോക്കിയോയിൽ നടന്ന ക്വാഡ് ഉച്ചകോടിക്കിടെ, തയ്‌വാൻ ആക്രമിക്കപ്പെടുന്നപക്ഷം സൈനിക പിന്തുണ നൽകാനും യുഎസ് തയാറാകുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചത് പ്രശ്നത്തെ വീണ്ടും രാജ്യാന്തരശ്രദ്ധയിലേക്കു കൊണ്ടുവന്നിരുന്നു. തങ്ങളിൽ നിന്നു വേർപിരിഞ്ഞ എന്നാൽ ഉടനെ കൂട്ടിച്ചേർക്കപ്പെടാൻ പോകുന്ന പ്രവിശ്യയായിട്ടാണു ചൈന തയ്‌വാനെ കാണുന്നത്. എന്നാൽ സ്വതന്ത്ര പരമാധികാര രാജ്യമായാണു തയ്‌വാൻ സ്വയം വിശേഷിപ്പിക്കുന്നത്.

 

English Summary: China and Taiwan: A really simple guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT