ADVERTISEMENT

യുദ്ധഫണ്ടിലേക്ക് 40 ഡോളർ സംഭാവന ചെയ്യൂ. റഷ്യ തൊടുത്ത ആർട്ടിലറി ഷെല്ലിലോ പൊട്ടിച്ചിതറിയ ഗ്രനേഡ് പാളിയിലോ തകർന്ന യുദ്ധ ടാങ്കുകളുടെ ലോഹത്തകിടിലോ നിങ്ങൾ ആവശ്യപ്പെടുന്ന സന്ദേശം പതിച്ചു കൈമാറാം. റഷ്യയ്ക്കു മുന്നിൽ മുട്ടുമടക്കാതെ പോരാടുന്ന യുക്രെയ്നിൽ നിന്നാണ് യുദ്ധഫണ്ട് സമാഹരണത്തിനായി പുതിയ ആശയം പൊട്ടിമുളച്ചിരിക്കുന്നത്. യുക്രെയ്ൻ സേനയ്ക്കൊപ്പം പോരാട്ടത്തിലുറച്ചുനിൽക്കുന്ന പൗരന്മാരാണ് യുക്രെയൻ യുദ്ധഫണ്ട് സമാഹരണത്തിന് ഈ രീതി അവലംബിച്ചിരിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാലക്കമുള്ള തുക സംഭാവന ചെയ്താൽ തകർന്നുവീണ റഷ്യൻ ഹെലികോപ്റ്റർ പാളിയിലോ ഫൈറ്റർ ജെറ്റിന്റെ തകിടിലോ സന്ദേശമെഴുതി തരുമത്രേ. യൂറോപ്യൻ യൂണിയന്റെ സഹകരണം ലഭിക്കുമെന്നു പ്രതീക്ഷയിലിരിക്കുന്ന യുക്രെയ്നിന്റെ പ്രതിരോധ രംഗത്ത് കഴിയുംവിധം സഹായമെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. വെബ് സൈറ്റുകളിലും ടെലഗ്രാം പോലെയുള്ള മെസേജിങ് ആപ്പുകളിലുമെല്ലാം യുദ്ധഫണ്ട് സമാഹരണത്തിനായി യുക്രെയ്ൻ പൗരന്മാർ വിവിധ പരിപാടികൾ നടത്തുന്നുണ്ട്. യുദ്ധരംഗത്തുള്ള സൈനികർക്ക് വേണ്ട ആയുധമുൾപ്പെടെയുള്ളവ വാങ്ങാൻ ഈ ഫണ്ട് ഉപയോഗിക്കുന്നുവെന്നാണ് അവകാശവാദം.

താരതമ്യേന ദുർബലരെന്നു ലോകം വിലയിരുത്തിയ യുക്രെയ്ൻ യുദ്ധത്തിന്റെ നവീന സാധ്യതകളാണ് പ്രതിരോധത്തിന് ഉപയോഗിക്കുന്നതത്രേ. റഷ്യൻ ബ്ലാക് സീ ഫ്ലീറ്റിലുണ്ടായ മോസ്കാവ എന്ന യുദ്ധക്കപ്പൽ കപ്പൽവേധ മിസൈൻ ഉപയോഗിച്ച് യുക്രെയ്ൻ തകർത്തത് രാജ്യാന്തര തലത്തിൽ തന്നെ വലിയ വാർത്തയായി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആദ്യമായാണ് റഷ്യയ്ക്ക് യുദ്ധക്കപ്പൽ ഇത്തരത്തിൽ നഷ്ടമാകുന്നത്. ഡ്രോണുകളുടെ സൂക്ഷ്മമായ ഉപയോഗം, ആർട്ടിലറിയുടെയും ടാങ്കുകളുടെയും കണിശമായ ഉപയോഗം തുടങ്ങി പല മേഖലകളിലും പ്രതിരോധത്തിന്റെ പുത്തൻ രീതികൾ തീർത്ത യുക്രെയ്ൻ പക്ഷേ റഷ്യയെ മാനസികമായി തകർത്തത് മറ്റൊരു രീതിയിലാണെന്നു വിദഗ്ധർ വിലയിരുത്തുന്നു. യുക്രെയ്നിലെ യുദ്ധരംഗത്തു നിന്ന് തുടർച്ചയായി യുദ്ധദൃശ്യങ്ങൾ സേന മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. കരുത്തരായ റഷ്യയുടെ ഫൈറ്റർ ജെറ്റുകൾ തകർക്കുന്നതും ഒറ്റപ്പെട്ടു പോയ റഷ്യൻ സൈനികനെ യുക്രെയ്ൻ ഡ്രോൺ പിന്തുടർന്നു തുരത്തുന്നതും ഹെലികോപ്റ്ററും റഷ്യയുടെ അചഞ്ചലമായ ടാങ്കുകൾ നിഷ്പ്രഭമാകുന്നതുമെല്ലാം ഇന്നു സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഈ അപമാനം റഷ്യ പോലെയൊരു രാജ്യത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണെന്നാണ് വിലയിരുത്തൽ. വിവിധ രാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽപന നടത്തുന്ന റഷ്യയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടി ഇതാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണവുമുണ്ട്.

റഷ്യ പോലൊരു സാമ്പത്തിക ശക്തിയോട് പോരടിക്കുന്ന യുക്രെയ്ൻ യുദ്ധ ഫണ്ട് സമാഹരണത്തിനും നവീന രീതികൾ അവലംബിച്ചിരിക്കുകയാണ്. യുദ്ധ ഫണ്ടിലേക്ക് ഏത് രാജ്യത്തിരുന്ന് ആർക്കും സംഭാവന ചെയ്യാൻ സ്വാതന്ത്ര്യം നൽകി. ഇതിനു വേണ്ട അനുമതി യുഎസിന്റെ അനുമതിയോടെ വിവിധ സമൂഹമാധ്യമ സ്ഥാപനങ്ങൾ ചെയ്തു നൽകുകയും ചെയ്തു. യുദ്ധഫണ്ട് സമാഹരിക്കാൻ പ്രത്യേക അക്കൗണ്ട് ആരംഭിച്ച യുക്രെയ്ൻ, ഈ അക്കൗണ്ട് ഗൂഗിൾ പേയിലേക്ക് ലിങ്ക് ചെയ്യുകയും ചെയ്തു. യുക്രെയൻ സെൻട്രൽ ബാങ്കിൽ ആരംഭിച്ചിരിക്കുന്ന ഈ അക്കൗണ്ടിലേക്ക് ഏതു രാജ്യക്കാർക്കും നേരിട്ട് പണം അയക്കാം. യുഎസ് ഡോളർ, പൗണ്ട്, യൂറോ തുടങ്ങിയ കറൻസികളിലാണ് പണമയക്കാൻ കഴിയുക.

യുക്രെയ്ൻ യുദ്ധ ഫണ്ട് സമാഹരണത്തിനായി പ്രവർത്തിക്കുന്ന മദർബോർഡ് എന്ന ടെലഗ്രാം അക്കൗണ്ടിലാണ് ആദ്യം യുദ്ധസന്ദേശം സുവനീർ ആയി നൽകാം, യുദ്ധത്തിന് ഫണ്ട് നൽകൂ എന്ന സന്ദേശം പ്രചരിച്ചു തുടങ്ങിയത്. ആ രാജ്യത്ത് ഫണ്ട് സമാഹരത്തിന്റെ കോഓർഡിനേഷൻ നിർവഹിക്കുന്നട് മദർബോർഡ് എന്ന ഗ്രൂപ്പാണത്രേ. പണ്ട് രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമൻ സേനയ്ക്കു നേരെ തൊടുത്തിരുന്ന മിസൈലുകളിലും ഷെല്ലുകളിലും ഇത്തരം സന്ദേശം എഴുതി അയച്ചിരുന്നു സൈനികർ. ഹിറ്റ്ലർക്കുള്ള ഈസ്റ്റർ മുട്ട എന്ന സന്ദേശമെല്ലാം പ്രചാരം നേടിയത് ഇങ്ങനെയാണ്. ഈ ആശയമാണ് ഇപ്പോൾ ഫണ്ട് സമാഹരിക്കാൻ മദർബോർഡ് ഇത്തരത്തിൽ ഉപയോഗിക്കുന്നത്. വലിയ തുക നൽകിയാൽ യുക്രെയ്ൻ സേന റഷ്യൻ അധിനിവേശ സൈനികർക്കു നേരെ തൊടുക്കുന്ന ഷെല്ലുകളിലും മിസൈലുകളിലും ഇത്തരം സന്ദേശമെഴുതാമെന്ന വാഗ്ദാനവും ഇവർ മുന്നോട്ട് വയ്ക്കുന്നു. 5.9 ബില്യൺ ഡോളർ മാത്രം പ്രതിരോധ ബജറ്റ് ഉള്ള രാജ്യമാണ് യുക്രെയ്ൻ. റഷ്യയുടേത് 65.9 ബില്യണും. ഈ അന്തരമാണ് യുക്രെയ്ൻ പ്രതിരോധ സംഘങ്ങൾ ഫണ്ട് സമാഹരണത്തിൽ ഉയർത്തിക്കാണിക്കുന്നതും. 

നിങ്ങൾ പണമയച്ചതിന്റെ തെളിവ് അയക്കൂ.. ഷെല്ലിൽ എഴുതേണ്ട സന്ദേശവും നൽകൂ. ഇതെഴുതിയ ചിത്രവും തൊടുക്കുന്ന ദൃശ്യവും ഇൻസ്റ്റഗ്രാം ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കൂ എന്നെല്ലാമാണ് ‘ഓഫർ’. സന്ദേശം മോശമായാൽ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനാകില്ലെന്നും അക്കൗണ്ടിന് വിലക്ക് കിട്ടുമെന്ന ഉപദേശവും ഈ ഗ്രൂപ് പങ്കുവയ്ക്കുന്നുണ്ട്. ഉടനെ പണമെടുത്ത് അയച്ച് സോഷ്യൽ മീഡിയയിൽ പടമിടാൻ കാത്തിരിന്നിട്ടു കാര്യമില്ലെന്നും അവർ പറയുന്നു. കാരണമിതാണ്– യുദ്ധത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഞങ്ങൾ. ഓൺലൈൻ ഷോപിങ് പോലെ കൃത്യ സമയത്ത് ഡെലിവറി പ്രതീക്ഷിക്കരുത്. പക്ഷേ, വൈകിയാണെങ്കിലും സംഗതി കയ്യിൽ കിട്ടുമെന്ന ഉറപ്പുമാത്രം നൽകുന്നൂ.’ ഇതാണ് സംഘങ്ങൾ പറയുന്ന കാരണം. പണമൊഴുക്കാൻ തയാറുണ്ടെങ്കിൽ വെടിവച്ചിട്ട സുഖോയ് എസ്‌യു– 34 ഫൈറ്റർ ജെറ്റുകളുടെ ഭാഗങ്ങളിൽ നിന്ന് തയാറാക്കിയ കീചെയിൻ നൽകാനും ഇവർ തയാറാണ്. ഇതിനായി പക്ഷേ, ആഴ്ചകൾ കാത്തിരിക്കേണ്ടി വരുമെന്നു മാത്രം. ഇതേ ഓഫർ ഹെലികോപ്റ്റർ ആരാധകർക്കുമുണ്ട്. കമോവ് കെഎ–34 കോപ്റ്ററുകളുടെ ഭാഗമാണ് നിങ്ങൾക്കുള്ള ഓഫർ. എന്തായാലും സമൂഹമാധ്യമകാലത്ത് യുദ്ധതന്ത്രങ്ങൾക്കും ഫണ്ട് സമാഹരണത്തിനുമെല്ലാം പുതിയ വഴി കാണിക്കുകയാണ് യുക്രെയ്ൻ പ്രതിരോധക്കൂട്ടായ്മകൾ.

English Summary: Ukraine fundraiser through Social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com