ADVERTISEMENT

സൈബർ ആക്രമണത്തെയും ബങ്കർ ബ്ലാസ്റ്റർ ബോംബുകളെയും പ്രതിരോധിക്കുന്ന അതീവ സുരക്ഷയുള്ള ഭൂഗർഭ ആണവകേന്ദ്രമാണു നാതാൻസിൽ ഇറാൻ നിർമിക്കുന്നെന്ന് റിപ്പോർട്ടുകൾ. ഇറാനിലെ പ്രശസ്തമായ നതാൻസ് ആണവനിലയത്തിനു തെക്കുള്ള മലനിരകളുടെ അടിവശത്തായാണു പുതിയ കേന്ദ്രം ഇറാൻ നിർമിക്കുന്നത്. ഇസ്രയേലി, യുഎസ് വൃത്തങ്ങളാണു റിപ്പോർട്ട് പുറത്തുവിട്ടത്. ഈ മേഖലയിൽ ഉപഗ്രഹനിരീക്ഷണം ഉപയോഗിച്ചു ശേഖരിച്ച ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിവരം. 2020ൽ തന്നെ ഇവിടെ പുതിയ ഭൂഗർഭനിലയം നിർമിക്കുന്നുണ്ടെന്ന് രാജ്യാന്തര ആണവോർജ ഏജൻസി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതിന്റെ ഭാഗമായി വലിയ തുരങ്ക ശൃംഖലകൾ പണിയുന്നുണ്ടെന്നാണു പുതിയ വെളിപ്പെടുത്തൽ.

ആയിരത്തോളം സവിശേഷ സെൻട്രിഫ്യൂജുകൾ ഈ നിലയത്തിൽ ഇറാൻ തയാറാക്കുന്നുണ്ടെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു. ജൂലൈയിൽ ബൈഡൻ മധ്യപൂർവദേശ മേഖല സന്ദർശിക്കാനിരിക്കെയാണു പുതിയ സംഭവവികാസങ്ങൾ. ഇസ്രയേൽ ഉൾപ്പെടെ ഇറാന്റെ എതിർപക്ഷത്തു നിൽക്കുന്ന രാജ്യങ്ങൾ ബൈഡൻ ഈ വരവിൽ സന്ദർശിക്കുന്നുണ്ട്.

ആണവപദ്ധതികൾ വികസിപ്പിക്കാനുള്ള ഇറാന്റെ നീക്കം രാജ്യാന്തര ആണവോർജ ഏജൻസിയുമായുള്ള ഉരസലുകളിൽ കലാശിക്കുന്നുണ്ട്. തങ്ങളുടെ പ്രധാനപ്പെട്ട ആണവ കേന്ദ്രങ്ങളിൽ 27 നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാക്കുമെന്ന് ഇറാൻ പറഞ്ഞതിനെ ആണവോർജ ഏജൻസി നിശിതമായി വിമർശിച്ചിരുന്നു. ഇസ്രയേൽ ചാരസംഘടനയായ മൊസാദ് ഇറാനിൽ നിരവധി ദൗത്യങ്ങൾ നടത്തിയെന്നും ഇതിന്റെ ഭാഗമായി ഒട്ടേറെ ഇറാനിയൻ ശാസ്ത്രജ്ഞരും ആണവ സാങ്കേതികവിദ്യാ വിദഗ്ധരും കൊല്ലപ്പെട്ടെന്നും അഭ്യൂഹങ്ങളും ആരോപണങ്ങളും നിലനിൽക്കുന്നതിനിടെയാണു ഇറാന്റെ പുതിയ നീക്കം.

ഇറാനിലെ ഇസ്ഫാഹാൻ പ്രവിശ്യയിലാണ് നാതാൻസ് ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം 19000 സെൻട്രിഫ്യൂജുകൾ ഇവിടെയുണ്ടെന്നാണു കണക്ക്. യുറേനിയം സമ്പുഷ്ടീകരണം 2004ൽ, യൂറോപ്യൻ രാജ്യങ്ങളുമായുള്ള ചർച്ചകൾക്കു ശേഷം ഇറാൻ നി‍ർത്തിവച്ചിരുന്നു. 2007 മുതൽ 2010 വരെയുള്ള കാലയളവിൽവലിയ സൈബർ ആക്രമണ പരമ്പരകൾ ഈ ന്യൂക്ലിയർ പവർ പ്ലാന്റിൽ സംഭവിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. ജർമൻ, ഫ്രഞ്ച്, ബ്രിട്ടിഷ്, യുഎസ്, ഇസ്രയേലി ഇന്റലിജൻസ് സംഘടനകളുടെ പങ്ക് ഇതിൽ ആരോപിക്കപ്പെട്ടിരുന്നു. സ്റ്റക്സ്നെറ്റ് എന്നറിയപ്പെടുന്ന വേമിനെ പ്ലാന്റിന്റെ സൈബർ ശൃംഖലയിലേക്കു കടത്തിവിട്ടാണ് ഈ ആക്രമണം നടത്തിയത്. തുടർന്ന് നിലയത്തിലെ സെൻട്രിഫ്യൂജുകൾ പ്രവർത്തനരഹിതമായി.

English Summary: Iran ready to ramp up nuclear enrichment at underground plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT