കരയില്‍ നിന്നും തൊടുക്കാവുന്ന ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിച്ച് ചൈന. ചൈനീസ് പ്രതിരോധ മന്ത്രാലയം തന്നെയാണ് മിസൈല്‍ പരീക്ഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ചൈന ആന്റി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തുന്നത്.
ചൈനയിലെ ഷാന്‍സിയിലെ ടായുവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്. ഇതിനെ ആകാശത്തുവച്ച് തകര്‍ത്ത മിസൈല്‍ സിന്‍ജിയാങ്ങിലെ കൊര്‍ലയില്‍ നിന്നും തൊടുത്തു. ആകാശത്തുവച്ച് ബാലിസ്റ്റിക് മിസൈലിനെ പ്രതിരോധ മിസൈല്‍ തകര്‍ക്കുകയായിരുന്നു. ഏതെങ്കിലും രാജ്യത്തെ ലക്ഷ്യംവെച്ചുള്ളതല്ല തങ്ങളുടെ പരീക്ഷണമെന്നും സ്വയം പ്രതിരോധത്തിന് വേണ്ടിയാണെന്നും ചൈന അറിയിച്ചു.
ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയമാണെന്നും ചൈന അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷവും സമാനമായ മിസൈല്‍ പ്രതിരോധ സംവിധാനം ചൈന പരീക്ഷിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ചൈന രണ്ട് പരീക്ഷണം നടത്തുന്നത് ആദ്യമായാണ്. നേരത്തെ 2010, 2013, 2018, 2021 വര്‍ഷങ്ങളിലാണ് ചൈന നേരത്തെ ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പരീക്ഷണം നടത്തിയത്.
പ്രതിരോധിക്കാനായി വളരെക്കുറച്ച് സമയം മാത്രമേ ലഭിക്കൂ എന്നതാണ് ബാലിസ്റ്റിക് മിസൈലുകളെ കൂടുതല്‍ അപകടകാരികളാക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് അധികം വൈകാതെ തന്നെ പ്രതിരോധ മിസൈലും സജീവമാവേണ്ടതുണ്ട്. പലപ്പോഴും എതിരാളികളുടെ പ്രദേശത്തുവച്ചായിരിക്കും പ്രതിരോധ മിസൈല്‍ ബാലിസ്റ്റിക് മിസൈലിനെ തകര്‍ക്കുക.
അതേസമയം ചൈനയുടെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങള്‍ മാത്രമേ പുറം ലോകത്തിന് അറിവുള്ളൂവെന്ന് ദ വാര്‍ സോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. 2021ല്‍ പെന്റഗണ്‍ പ്രസിദ്ധീകരിച്ച ചൈനീസ് സൈനിക ശേഷിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇതില്‍ പ്രധാനം. പ്രാദേശികമായി നിര്‍മിച്ച CH-AB-X-02 (HQ-19) മിസൈലിന് ബാലിസ്റ്റിക് പ്രതിരോധ ശേഷിയുണ്ടെന്നും കരുതപ്പെടുന്നു.
ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് ട്രീറ്റി അഥവാ ഐഎൻഎഫില്‍ നിന്നും ചൈനയും റഷ്യയും 2019ല്‍ പിന്‍മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈന കൂടുതല്‍ പ്രദേശങ്ങളിലേക്ക് തങ്ങളുടെ പ്രതിരോധ ആയുധങ്ങള്‍ വ്യാപിപ്പിച്ചത്. ഏഷ്യയില്‍ നിന്നും സമീപകാലത്ത് ഉയര്‍ന്നു വരുന്ന ഭീഷണികളും ചൈനയുടെ മിസൈല്‍ പരീക്ഷണങ്ങളെ പ്രചോദിപ്പിക്കുന്നുണ്ട്.
ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണം സംയുക്തമായി പുനരാരംഭിക്കാന്‍ അമേരിക്കയും ദക്ഷിണകൊറിയയും തീരുമാനിച്ചത് അടക്കം ചൈനയെ പ്രകോപിപ്പിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. തങ്ങളുടെ പുതിയ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പരീക്ഷണത്തിലൂടെ കൈയ്യും കെട്ടിയിരിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് എതിരാളികള്‍ക്ക് ചൈന നല്‍കുന്നത്.
English Summary: China Conducts Midcourse Missile Defense Test One Year After Last