ADVERTISEMENT

കരിങ്കടലിലെ സ്നേക്ക് ഐലൻഡിൽ നിന്ന് സൈന്യത്തെ പിൻവലിച്ചതിനു തൊട്ടുപിന്നാലെ റഷ്യ ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുക്രെയ്ൻ സൈന്യം ആരോപിച്ചു. യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിൽ പുതിയ വിവാദമായിരിക്കുയാണ് ഇത്. നിരോധിതമായ വൈറ്റ് ഫോസ്ഫറസ് രാസായുധം റഷ്യ പ്രയോഗിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റഷ്യ നേരത്തേയും ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

 

ഫോസ്ഫറസ് ബോംബുകൾ വർഷിക്കുന്ന രണ്ട് റഷ്യൻ എസ്‌യു -30 യുദ്ധവിമാനങ്ങൾ ദ്വീപിന് മുകളിലൂടെ പറന്നതായി യുക്രെയ്ൻ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് വലേരി സലുഷ്നി പറഞ്ഞു. ‘ഇന്ന് ഏകദേശം 18.00 ന്... റഷ്യൻ വ്യോമസേനയുടെ എസ്‌യു-30 വിമാനങ്ങൾ രണ്ട് തവണ ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ച് ദ്വീപിൽ ആക്രമണം നടത്തി,’ എന്നാണ് യുക്രെയ്ൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞത്.

 

യുക്രെയ്ന്റെ പ്രസ്താവനയ്‌ക്കൊപ്പമുള്ള വിഡിയോ ഫൂട്ടേജിൽ ദ്വീപിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും വിമാനം ബോംബുകൾ പ്രയോഗിക്കുന്നതും തൊട്ടുപിന്നാലെ വെളുത്ത പുക ഉയരുന്നതും കാണാം. ഫോസ്ഫറസ് ആയുധങ്ങൾ ആകാശത്ത് വെളുത്ത പുക അവശേഷിപ്പിക്കുന്ന, തീപിടുത്തമുണ്ടാക്കുന്ന ആയുധങ്ങളാണ്. ഇവ ജനങ്ങൾക്കെതിരെ പ്രയോഗിക്കുന്നത് രാജ്യാന്തര ഉടമ്പടി പ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും സൈനിക ലക്ഷ്യങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്.

 

ഫെബ്രുവരി അവസാനത്തിൽ സിവിലിയൻ പ്രദേശങ്ങൾ ഉൾപ്പെടെ റഷ്യ ആക്രമിച്ചതിനു ശേഷം നിരവധി തവണ ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ചതായി യുക്രെയ്ൻ ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ മോസ്കോ നിഷേധിക്കുകയും ചെയ്തു. പീരങ്കികളുടെയും മിസൈലുകളുടെയും ശക്മായ ആക്രമണം കാരണമാണ് റഷ്യൻ സൈനികർ ദ്വീപിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതരായെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു.

 

റോം കൺവൻഷൻ പ്രകാരം വൈറ്റ് ഫോസ്ഫറസ് ജനവാസമേഖലയിൽ പ്രയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതു യുദ്ധ കുറ്റകൃത്യമാണെന്നും ഡെനിസോവ പറയുന്നു. യുക്രെയ്നിലെ ചില പ്രമുഖരും ഉദ്യോഗസ്ഥരും ഇതിന്റെ ചിത്രങ്ങളും വിഡിയോകളുമെന്ന ക്യാപ്ഷനുകളോടെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു.

 

പേരു സൂചിപ്പിക്കുന്നതു പോലെ ഫോസ്ഫറസാണ് ഈ ആയുധത്തിന്റെ പ്രധാനഭാഗം. കത്തിത്തുടങ്ങിയാൽ എണ്ണൂറു ഡിഗ്രിക്കുമേൽ ഉയർന്ന താപനിലയിൽ കത്താൻ ഇതിനു സാധിക്കും. നൂറുകണക്കിനു ചതുരശ്ര കിലോമീറ്റർ ഭാഗത്തു കത്താൻ വൈറ്റ് ഫോസ്ഫറസ് ഇടയൊരുക്കും. ഫോസ്ഫറസ് പെന്റോക്സൈഡ് പോലുള്ള രാസവസ്തുക്കൾ ഇതിന്റെ ഉപോൽപന്നമായി ഉടലെടുക്കാം. വളരെ വേദനാജനകമായ മരണവും അതിഗുരുതരമായ പരുക്കുകളും ഇതുമൂലം സംഭവിക്കാം. 

 

വൈറ്റ് ഫോസ്ഫറസിനെ ഒരു രാസായുധമായി രാജ്യാന്തര കെമിക്കൽ വെപ്പൺസ് കൺവൻഷൻ പരിഗണിച്ചിട്ടില്ല. ഇവയുടെ പ്രധാന ലക്ഷ്യം പുകപടലങ്ങൾ കൊണ്ട് ഒരു മേഘമൊരുക്കി താഴെയുള്ള ഗ്രൗണ്ട് ഫോഴ്സുകളെ വ്യോമാക്രമണങ്ങളുടെ ദൃഷ്ടിയിൽ നിന്നു സംരക്ഷിക്കുക എന്നതാണ്. ജനവാസമേഖലയിൽ ഇവ ഉപയോഗിക്കുന്നതിനെ ജനീവ കൺവൻഷനും വിലക്കിയിട്ടുണ്ട്.

 

വില്ലിപീറ്റർ എന്ന വിളിപ്പേരിലാണ് സൈനികർക്കിടയിൽ വൈറ്റ് ഫോസ്ഫറസ് അറിയപ്പെടുന്നത്. 1916ൽ ഒന്നാം ലോകയുദ്ധത്തിനിടെ ബ്രിട്ടിഷ് സൈന്യമാണ് വൈറ്റ് ഫോസ്ഫറസ് ഗ്രനേഡുകൾ ആദ്യമായി കൊണ്ടുവന്നത്. യുഎസ്, ജാപ്പനീസ് സേനകളും ഇക്കാലയളവിൽ ഇതുപയോഗിച്ചിരുന്നു. രണ്ടാം ലോകയുദ്ധ സമയത്ത് നാത്‌സി സേനയ്ക്കെതിരെ സഖ്യസേനകൾ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നു. നാത്‌സികൾ ഇവയെ കത്തുന്ന ഉള്ളി എന്നാണു വിശേഷിപ്പിച്ചത്.

 

പിൽക്കാലത്ത് കൊറിയ, വിയറ്റ്നാം യുദ്ധങ്ങളിലും ഇവ ഉപയോഗിക്കപ്പെട്ടിരുന്നു. വിയറ്റ്നാമിൽ, വിയറ്റ്കോങ് ഗറില്ലകൾ ഉപയോഗിച്ച ഭൂഗർഭ ടണലുകളിൽ ഇതിട്ടു കത്തിച്ച് ഓക്സിജൻ വലിച്ചെടുക്കുന്ന രീതി യുഎസ് സേനയ്ക്കുണ്ടായിരുന്നു. റഷ്യ, ചെച്നിയയിൽ നടത്തിയ രണ്ടു യുദ്ധങ്ങളിലും ഇതുപയോഗിക്കപ്പെട്ടു. യുഎസ് ഇറാഖിൽ നടത്തിയ യുദ്ധത്തിൽ ഈ ആയുധം ഉപയോഗിച്ചെന്ന് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും യുഎസ് സേന ഇതു നിഷേധിച്ചു. എന്നാ‍ൽ പിന്നീട് അവർ ഇതു സ്ഥിരീകരിച്ചു.

 

English Summary: Ukraine says Russia dropped phosphorus bombs on Snake Island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com