റഷ്യ സൈബീരിയയിൽ അറസ്റ്റ് ചെയ്ത ഉന്നത ശാസ്ത്രജ്ഞൻ കസ്റ്റഡിയിൽ മരിച്ചു: വിവാദം

Dmitry-Kolker
Photo: tweeted by @igorsushko
SHARE

ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് സൈബീരിയയിൽ വച്ച് റഷ്യൻ അധികൃതർ അറസ്റ്റ് ചെയ്ത ശാസ്ത്രജ്ഞനായ ദിമിത്രി കോൾക്കർ (54) കസ്റ്റഡിയിലിരിക്കെ ഹോസ്പിറ്റലിൽ വച്ചു മരിച്ചു. പിത്താശയ കാൻസർ ബാധിതനായിരുന്നു കോൾക്കർ അവശ നിലയിൽ സൈബീരിയയിലെ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഭക്ഷണം പോലും ട്യൂബിലൂടെ കൊടുത്തുകൊണ്ടിരിക്കെയാണ് റഷ്യൻ അധികൃതർ അദ്ദേഹത്തെ അവിടെ വന്നു കസ്റ്റഡിയിലെടുത്ത് നാലുമണിക്കൂറോളം സമയമെടുത്ത് മോസ്കോയിലെത്തിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ലെഫോർട്ടോവ് പ്രിസൺ എന്ന തടവറയിലടച്ചെങ്കിലും സ്ഥിതി മോശമായതിനാൽ ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് അദ്ദേഹം മരിച്ചു.

റഷ്യയുടെ അതീവ ക്ലാസിഫിക്കേഷനുള്ള വിവരങ്ങൾ ചൈനയ്ക്ക് ചോർത്തിക്കൊടുത്തെന്നാണു ദിമിത്രി കോൾക്കർക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന കുറ്റം. എന്നാൽ ദിമിത്രിയുടെ ബന്ധുക്കൾ ഇതു വെറുതെയാണെന്നും കെട്ടിച്ചമയ്ക്കലാണെന്നും ആരോപിക്കുന്നു.

വിദേശരാജ്യങ്ങളിലെ വിവിധ സർവകലാശാലകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും ധാരാളം ക്ഷണങ്ങൾ ലഭിച്ച ഉന്നത ശാസ്ത്രജ്ഞനായിരുന്നു ദിമിത്രിയെന്ന് അദ്ദേഹത്തിന്റെ കസിൻ അന്റൺ ഡയനോവ് പറയുന്നു. എന്നാൽ റഷ്യയെ ഒരുപാട് സ്നേഹിച്ച ദിമിത്രി റഷ്യയിലെ നോവോസിബിർസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ തുടരുകയായിരുന്നെന്നും ആന്റൺ പറയുന്നു. നോവോസിബിർസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ക്വാണ്ടം ഒപ്റ്റിക്കൽ ടെക്നോളജീസ് ലബോറട്ടറിയുടെ മേധാവിയായിരുന്നു ദിമിത്രി.

ദിമിത്രി കോൾക്കറിന്റെ വീട്ടിലും റഷ്യൻ രഹസ്യാന്വേഷണവിഭാഗമായ എഫ്എസ്ബിയുടെ ഓഫിസർമാർ തിരച്ചിൽ നടത്തി. റഷ്യയിലെ മൂന്നാമത്തെ വലിയ നഗരവും സൈബീരിയയിലെ ഏറ്റവും വലിയ നഗരവുമാണ് നോവോസിബിർസ്ക്.

ദിമിത്രി കോൾക്കർ ഇടയ്ക്ക് ചൈന സന്ദർശിക്കവേ വിദ്യാർഥികളുമായി പ്രസംഗങ്ങൾ നടത്തിയിരുന്നു. ഇതാണ് അദ്ദേഹത്തെ കുറ്റകൃത്യത്തിന്റെ സംശയനിഴലിലാക്കിയതെന്ന് കരുതപ്പെടുന്നു. ഇരുപത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അദ്ദേഹത്തിനുമേൽ ചാർത്തിയിരുന്നത്. എന്നാൽ എഫ്എസ്ബി പുറത്തുപറയാമെന്ന് അംഗീകരിച്ചിട്ടുള്ള കാര്യങ്ങൾ മാത്രമാണ് കോൾക്കർ പ്രസംഗത്തിൽ പറഞ്ഞതെന്ന് കോൾക്കറിന്റെ ബന്ധുക്കൾ പറയുന്നു. എഫ്എസ്ബി ഉദ്യോഗസ്ഥർ അന്ന് അദ്ദേഹത്തിനൊപ്പം പോകുകയും ചെയ്തിരുന്നു. അപ്പോഴില്ലാത്ത കുഴപ്പം എന്തിനാണ് ഇപ്പോൾ ആരോപിക്കുന്നതെന്നാണു കുടുംബാംഗങ്ങൾ പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ച നോവോ സിബിർസ്കിൽ തന്നെ മറ്റൊരു ശാസ്ത്രജ്ഞനെയും റഷ്യൻ അധികൃതർ തടവിലാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി വിദേശ ചാരപ്രവർത്തനം ആരോപിച്ച് ഒട്ടേറെ ശാസ്ത്രജ്ഞരെ എഫ്എസ്ബി വേട്ടയാടുന്നുണ്ട്. സൈബീരിയയിൽ സ്ഥിതി ചെയ്യുന്ന റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ ശാഖയിൽ നിന്നു മാത്രം 12 ഉദ്യോഗസ്ഥർ പ്രോസിക്യൂഷൻ നടപടികൾ നേരിട്ടു.

English Summary: Russian Scientist Dies 2 Days After Being Arrested For Treason

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS