ADVERTISEMENT

തങ്ങളുടെ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതൽ കാലമിരുന്ന ഷിൻസോ അബെ വെടിയേറ്റു മരിച്ചതിന്റെ ഷോക്ക് ജപ്പാനിൽ പലർക്കും വിട്ടുമാറിയിട്ടില്ല. തോക്കുകൾ മറ്റേതൊരു സാധനങ്ങൾ പോലെയും വിപണിയിൽ സുലഭമായ യുഎസിലും മറ്റും വെടിവയ്പുകൾ നിത്യസംഭവമായി മാറിയിട്ടുണ്ടെങ്കിലും ജപ്പാനിൽ ഇതല്ല സ്ഥിതി. തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ ലോകത്ത് ഏറ്റവും കുറവായ രാജ്യങ്ങളിലൊന്നാണു ജപ്പാൻ. തോക്കുനിയന്ത്രണത്തിനായി ശക്തമായ നിയമങ്ങളുള്ളതാണു കാരണം.

2018ൽ ജപ്പാനിൽ എടുത്ത ക്രൈം കണക്കെടുപ്പിൽ 9 പേർ മാത്രമാണ് തോക്കുപയോഗിച്ചുള്ള ആക്രമണത്താൽ മരണപ്പെട്ടതെന്ന് വെളിവാക്കപ്പെട്ടിരുന്നു.12.5 കോടി ജനസംഖ്യയുള്ള രാജ്യമാണ് ജപ്പാൻ. എന്നാൽ അതേവർഷം തന്നെ യുഎസി‍ൽ 39,740 പേർ വെടിവയ്പുകളിൽ കൊല്ലപ്പെട്ടെന്നത് ഇരുരാജ്യങ്ങളും തമ്മിൽ ആയുധ നിയന്ത്രണത്തിലുള്ള അന്തരം വെളിവാക്കുന്ന കാര്യമാണ്.

പ്രതീകാത്മക ചിത്രം.
പ്രതീകാത്മക ചിത്രം.

ഷോട്ഗണുകൾ, എയർഗണുകൾ എന്നീ തോക്കുകൾ മാത്രമേ ജപ്പാനിൽ സാധാരണ പൗരൻമാർക്ക് വാങ്ങാൻ അധികാരമുള്ളൂ.കൈത്തോക്കുകളുടെ വ്യാപാരം പൂർണമായി നിരോധിച്ചിരിക്കുകയാണ്. ഷോട്ഗണുകൾ വാങ്ങിക്കുക എന്നതു തന്നെ ധാരാളം സമയമെടുക്കുന്ന ശ്രമകരമായ കാര്യമാണ്. നല്ല ക്ഷമയുള്ളവർക്ക് മാത്രം പറ്റുന്ന കാര്യം എന്നാണു ജപ്പാൻകാർ തന്നെ ഇതെക്കുറിച്ച് അഭിപ്രായപ്പെടുന്നത്.

തോക്കിനായുള്ള ലൈസൻസിനായി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ക്ലാസുകളിൽ പൗരൻമാർ പങ്കെടുക്കണം. എഴുത്തുപരീക്ഷയും വെടിവയ്പു പരീക്ഷയ്ക്കും പങ്കെടുക്കുകയും വേണം. 95 ശതമാനം കൃത്യതയോടെ വെടിവയ്ക്കാൻ സാധിക്കുന്നവർക്ക് മാത്രമേ ജപ്പാനിൽ തോക്ക് അനുവദിക്കയുള്ളൂ. തോക്ക് ലൈസൻസ് കിട്ടിയാലും ഈ പരിശോധന ഓരോ മൂന്നുവർഷവും ഉണ്ടാകും.

തോക്കിന്റെ ലൈസൻസിനായി അപേക്ഷിക്കുന്നയാളുടെ മാനസികാരോഗ്യം സർക്കാർ അധികൃതർ കണിശവും നിശിതവുമായി പരിശോധിക്കും. ഇവർ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരാണോ എന്നും വിലയിരുത്തും. ഉപയോഗിക്കുന്നതായി തെളിഞ്ഞാൽ തോക്ക് നൽകില്ല. ക്രിമിനൽ റെക്കോർഡ്, മറ്റുള്ളവരുമായുള്ള ഇടപഴകൽ രീതികൾ തുടങ്ങിയവയെല്ലാം പരിഗണിച്ചശേഷമാണ് ഒടുവിൽ തോക്കിന്റെ ലൈസൻസ് നൽകുന്നവർ. ഇതു നേടിയ ശേഷം തോക്കു വാങ്ങുന്നവർ ആയുധം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യണം. വീട്ടിലെവിടെയാണു തോക്കു സൂക്ഷിക്കുന്നതെന്ന് കൃത്യമായി പൊലീസിനെ അറിയിക്കണം. സുരക്ഷിതമായതും അടച്ചുറപ്പുള്ളതുമായ കാബിനറ്റുകളിൽ തോക്ക് വയ്ക്കണമെന്നാണു ചട്ടം.

എല്ലാവർഷവും പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി തോക്കു പരിശോധിക്കും. ഇതിനാൽ തന്നെ ജപ്പാനിൽ തോക്കുകളുടെ എണ്ണം വളരെ കുറവാണ്. 377000 തോക്കുകളാണ് ജാപ്പനീസ് പൗരൻമാരുടെ കൈവശം ആകെയുള്ളതെന്നാണു കണക്ക്. 100 ആളുകൾക്ക് 0.25 തോക്കുകൾ എന്ന നിലയിൽ. യുഎസിൽ 100 ആളുകൾക്ക് 120 തോക്കുകൾ എന്നാണ് അനുപാതം.

2007ലാണ് ഇതിനു മുൻപ് തോക്കുപയോഗിച്ചുള്ള രാഷ്ട്രീയ കൊലപാതകം ജപ്പാനിൽ നടന്നത്. അന്നത്തെ നാഗസാക്കി മേയറായ ഇചോ ഇറ്റോയെ ഒരു മാഫിയ അംഗം വെടിവച്ചു കൊന്നതാണ് ഇത്.

English Summary: Japan's strict gun laws make shootings rare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com