ADVERTISEMENT

കഴിഞ്ഞ പതിറ്റാണ്ടുകളില്‍ അമേരിക്കയുടെ സൈനിക കരുത്തിനു പിന്‍ബലം പകര്‍ന്നിരുന്ന ഒരു ‘രഹസ്യായുധം’ അരങ്ങൊഴിഞ്ഞു. ദേശ സുരക്ഷയ്ക്കും ശത്രുസങ്കേത പരിശോധനയ്ക്കും (reconnaissance) അമേരിക്ക 1950 കള്‍ മുതല്‍ ഉപയോഗിച്ചു വന്ന ഒപ്ടിക്കല്‍ ബാര്‍ ക്യാമറ (ഒബിസി) വച്ചുള്ള നിരീക്ഷണ വിമാനമാണ് കഴിഞ്ഞ മാസം സേവനമവസാനിപ്പിച്ചത്. ഫിലിം ഫൊട്ടോഗ്രഫിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ് ഇപ്പോള്‍ അവസാനിച്ചതെന്നതും ശ്രദ്ധേയമാണ്.

∙ അല്‍പം ചരിത്രം

പതിറ്റാണ്ടുകള്‍ക്കു മുൻപ്, കൃത്യമായി പറഞ്ഞാല്‍ 1957 മുതല്‍ 1965 വരെ ഇടെക് (Itek) എന്ന പേരില്‍ ഒരു കമ്പനി അക്കാലത്തെ അത്യാധുനിക നിരീക്ഷണ ക്യാമറാ സംവിധാനം ഒരു കക്ഷിക്കു വേണ്ടി മാത്രമായി നിര്‍മിച്ചു. സിഐഎ ആയിരുന്നു ആ കക്ഷി! ഇടെക് കമ്പനിക്ക് ആവേശോജ്വലമായ ഒരു ചരിത്രമാണുള്ളത്. അവരുടെ ക്യാമറകളാണ് പിന്നീട് അപ്പോളോ, വൈക്കിങ് ദൗത്യങ്ങളിലും ഉപയോഗിച്ചത്. കറക്കാവുന്ന (spin) ഒരു ക്യാമറ, എന്നാല്‍ കറക്കുമ്പോള്‍ ഉണ്ടാകുന്ന കുലുക്കം സ്റ്റബിലൈസ് ചെയ്ത് വിശാലദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ പാകത്തിന് സൃഷ്ടിക്കുക എന്ന ആശയം മെര്‍ട്ടണ്‍ഡേവിസ് എന്ന ഗവേഷകന്റെ മനസില്‍ ഉദിച്ചതാണെന്നാണ് കരുതപ്പെടുന്നത്. അദ്ദേഹം തന്റെ ആശയം ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ വാള്‍ട്ടര്‍ ലെവിന്‍സണ് കൈമാറി. വാള്‍ട്ടര്‍ അത് അല്‍പം പരിഷ്‌കരിക്കുകയും പിന്നീട് ഇടെക് കമ്പനി ഇതിനെ ആസ്പദമാക്കി ക്യമറ നിര്‍മിക്കുകയും ആയിരുന്നു. ആദ്യ കാലത്ത് ഇവ ബലൂണുകളില്‍ ഉയര്‍ത്തിയാണ് രഹസ്യ നിരീക്ഷണം നടത്തിയിരുന്നത്.

∙ സിഐഎ രംഗത്തെത്തുന്നു

ക്യാമറയുടെ സാധ്യത മനസ്സിലാക്കിയ സിഐഎ തങ്ങളുടെ ആദ്യ ചാര ഉപഗ്രഹത്തിൽ ഇത്തരം ക്യാമറ പിടിപ്പിക്കുന്നതു സംബന്ധിച്ച് ഇടെക്കുമായി ചര്‍ച്ച ചെയ്യാന്‍ എത്തി. ഇടെക് നിർമിച്ചുക്കൊടുത്ത കറക്കാവുന്ന വിശാലദൃശ്യ ക്യാമറകളും വഹിച്ചാണ് അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് ചുറ്റിയത്. ആദ്യ കാല ക്യാമറകള്‍ കെഎച്-4എ, കെഎച്-4ബി എന്ന പേരുകളിലായിരിക്കാം അറിയപ്പെട്ടത് എന്ന് ആംബിവലെന്റ് എൻജിനീയറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഇത്തരം ക്യാമറാ സിസ്റ്റം അമേരിക്കയുടെ യു-2, എസ്ആര്‍-71 വിമാനങ്ങള്‍ക്കു വേണ്ടിയും ഇടെക് ഉണ്ടാക്കി. ഈ പുതിയ മാതൃകയ്ക്ക് ഇട്ട പേരാണ് ഒബിസി.

∙ പ്രവര്‍ത്തനം നിർത്തുന്നത് 2022 ല്‍

ഒബിസിയുടെ സേവനം 1960 കള്‍ മുതല്‍ 2022 വരെ അമേരിക്ക പ്രയോജനപ്പെടുത്തി. നീണ്ട ബാര്‍ പോലെയുള്ള ഒന്നാണ് വിമാനങ്ങളുടെ അടിയില്‍ പിടിപ്പിച്ചിരുന്നത്. ഇതില്‍ നിന്നാണ് ഒപ്ടിക്കല്‍ ബാര്‍ ക്യാമറ എന്ന പേരു വന്നതെന്നും കരുതപ്പെടുന്നു. ഈ സമയത്ത് അമേരിക്കയുടെ നാഷനല്‍ റികൊണെസെന്‍സ് ഓഫിസ് (എന്‍ആര്‍ഒ) തങ്ങള്‍ക്കും ഇത്തരം ഒരു ക്യാമറാ സിസ്റ്റം വേണമെന്നു പറഞ്ഞ് ഇടെക്കിനെ സമീപിക്കുന്നു. തുടക്കത്തില്‍ സിഐഎയുടെയും എന്‍ആര്‍ഒയുടെയും ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കാനായിരുന്നു ഇടെക് ശ്രമിച്ചത്. എന്നാല്‍ പിന്നീട് ഇടെക് സിഐഎയുടെ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങി. അതോടെ, എന്‍ആര്‍ഒയും സിഐഎയും അമേരിക്കന്‍ സർക്കാരിന്റെ കയ്യിലുള്ള ഡേറ്റയുമായി പെര്‍ക്കിന്‍-എല്‍മറെ സമീപിച്ചു. പെര്‍ക്കിന്‍-എല്‍മറാണ് കെഎച്-9 ഒപ്ടിക്കല്‍ ബാര്‍ ക്യാമറ നിര്‍മിച്ചത്. ഇതിന് ഇടെക്കിന്റെ രൂപകല്‍പനാരീതി ആയിരുന്നില്ല താനും. ഇടെക്കിന്റെ ഡിസൈന്‍ നല്ലതല്ലെന്നു തോന്നിയതിനാല്‍ സ്വന്തം രീതിയിലാണ് പെര്‍ക്കിന്‍-എല്‍മര്‍ ക്യാമറ ഉണ്ടാക്കിയത്.

∙ മൊത്തം സോവിയറ്റ് യൂണിയന്റെയും പടം പിടിച്ച് തിരിച്ചെത്തി

ഇടെക്കിന്റെ ഒബിസികള്‍ പിടിപ്പിച്ചാണ് യു-2, എസ്ആര്‍-71, അപ്പോളോ സ്‌പെയ്‌സ്‌ക്രാഫ്റ്റ് എന്നിവ പ്രവര്‍ത്തിച്ചത്. അതില്‍ ഒരു റോളര്‍ കേജ് ഉണ്ടായിരുന്നു. ഈ കേജും കറക്കാവുന്ന മടക്കുന്ന കണ്ണടയും (rotating fold mirror) ഇല്ലാതെയാണ് കെഎച്-9ന്റെ രൂപകല്‍പന. പകരംഒരു സേര്‍വോ നിയന്ത്രിത പ്ലാറ്റെന്‍ ആയിരുന്നു പിടിപ്പിച്ചത്. ബൃഹത്തായ രാജ്യമായിരുന്നു യുഎസ്എസ്ആര്‍. കെഎച്-9ല്‍ ഘടിപ്പിച്ച ഒരോ നാലു ഫിലിം റീ-എന്‍ട്രി ക്യാപ്‌സ്യൂളുകളും മൊത്തം യുഎസ്എസ്ആറും സ്റ്റീരിയോ ആയി പകര്‍ത്തി തിരിച്ചെത്തിയിരുന്നു! അവ മികച്ച റെസലൂഷനിലുള്ളവയായിരുന്നു. (പുതിയ കാല റെസലൂഷന്‍ വച്ചു പറഞ്ഞാല്‍ 20-30 ഗിഗാപിക്‌സല്‍ ചിത്രങ്ങള്‍ എന്നു വേണമെങ്കില്‍ കരുതാം. ഇത് ശരിയായിരിക്കണമെന്നില്ല.)

∙ എന്തുകൊണ്ടാണ് ഒബിസി വിടവാങ്ങുന്നത്?

കാലഹരണപ്പെട്ടു എന്നതിനാലാണ് ഒബിസി പടിയിറങ്ങുന്നത്. ഇത്തരം ക്യാമറകളില്‍ ഫിലിമാണ് ഉപയോഗിച്ചിരുന്നത്. അവ നേരിയ പിശകു പോലും ഇല്ലാതെ ഉപയോഗിച്ചില്ലെങ്കില്‍ ഗുണം നല്‍കില്ല. (ഇതൊക്കെയാണെങ്കിലും അടുത്തിടെ വരെ ഫിലിം തന്നെയായിരുന്നു ഇലക്ട്രോണിക് സെന്‍സറുകളെക്കാള്‍ മികവു പുലര്‍ത്തിയിരുന്നതെന്നും നിരീക്ഷിക്കപ്പെടുന്നു.) ഫിലിമിന്റെ അലൈന്‍മെന്റ് അല്‍പമെങ്കിലും തെറ്റിയാല്‍ മികച്ച ഫോട്ടോ ലഭിക്കില്ല തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കിടയിലും അമേരിക്കയ്ക്ക് തല ഉയര്‍ത്തിപ്പിടിക്കാവുന്ന തരത്തിലുള്ള പ്രകടനം നല്‍കിവന്ന സിസ്റ്റമാണ് ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നത്. 

∙ ഫൊട്ടോഗ്രഫി മാറി, പക്ഷേ ഒബിസി മാറിയില്ല

ഫൊട്ടോഗ്രഫിയില്‍ ഫിലിം യുഗത്തെ അപേക്ഷിച്ച് വിപ്ലവകരമായ മാറ്റം വന്നു എങ്കിലും കലിഫോര്‍ണിയയിലെ എയര്‍ഫോഴ്‌സ് ബെയ്‌സില്‍ ഉള്ള ചില ഉദ്യോഗസ്ഥര്‍ കുന്നുകണക്കിന് ഫിലിം പ്രോസസ് ചെയ്‌തെടുക്കുന്ന ജോലിയില്‍ കഴിഞ്ഞ മാസം വരെ ഏര്‍പ്പെടുമായിരുന്നു. എന്തായാലും, ഇപ്പോള്‍ അവസാനത്തെ ഒബിസി ക്യാമറയും അഴിച്ചു മാറ്റിയിരിക്കുകയാണ്. അര നൂറ്റാണ്ടിലേറെ നല്‍കിവന്ന സ്തുത്യര്‍ഹമായ സേവനം അവസാനിപ്പിച്ചാണ് ഒബിസി സിസ്റ്റം വിടവാങ്ങുന്നത്. ജൂണ്‍ 24ന് താഴ്ന്നിറങ്ങിയ വിമാനത്തില്‍ നിന്ന് വിവിധ ചടങ്ങുകളോടെയാണ് ഉദ്യോഗസ്ഥര്‍ ഒബിസി ക്യാമറകള്‍ അഴിച്ചുമാറ്റിയതെന്ന് ദ് ഡ്രൈവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ ഇമേജിങ് കാലഘട്ടത്തിലേക്ക് കടക്കുകയാണ് അമേരിക്കന്‍ പ്രതിരോധ മേഖല എന്നതിനാലാണ് ഒബിസിയെ പിന്‍വലിക്കുന്നത്. 

∙ അമ്പരപ്പിക്കുന്ന പ്രകടനമികവ്

കാലം കുറെയായി എങ്കിലും ഒബിസി നല്‍കിയത് അമ്പരപ്പിക്കുന്ന പ്രകടന മികവായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒബിസി ക്യാമറയ്ക്ക് 362,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിന്റെ ദൃശ്യങ്ങൾ വരെ പിടിച്ചെടുക്കാനുള്ള ശേഷിയാണ് ഉണ്ടായിരുന്നത്. ഓരോ ഒബിസി ഫിലിമും 5-ഇഞ്ച് വീതിയുള്ളതായിരുന്നു. ഒരു റോളില്‍ 10,500 അടി നീളത്തില്‍ ഫിലിം ഉണ്ടായിരുന്നു. ഇത്തരം സിസ്റ്റം ഒരു ദൗത്യത്തില്‍ 1,600 ഫ്രെയിം വരെ പകര്‍ത്തിയാണ് തിരിച്ചെത്തിയിരുന്നത്. ഓരോ ഫ്രെയിമിലും പതിഞ്ഞത് 110 ചതുരശ്ര നോട്ടിക്കല്‍ മൈല്‍ പനോരമിക് ഹൊറൈസണ്‍-ടു-ഹൊറൈസണ്‍ ചിത്രങ്ങളായിരുന്നു. ഒരു റോള്‍ ഉപയോഗിച്ച് മൊത്തം കൊളറാഡോയും ചിത്രീകരിക്കാമായിരുന്നു എന്ന് അമേരിക്കന്‍ സേന ഇറക്കിയ കുറിപ്പില്‍ പറയുന്നു. എസ്ആര്‍-71ന് 1.7 സെക്കന്‍ഡില്‍ ഒരു ഫ്രെയിം വച്ച് ഷൂട്ടു ചെയ്യാന്‍ സാധിക്കുമായിരുന്നു. അതേസമയം, ചെറിയ പ്രശ്‌നങ്ങൾ സംഭവിച്ചാൽ പോലും ഫിലിം നശിക്കാമെന്നത് ഒരു പോരായ്മ ആയിരുന്നു. ഫിലിം എല്ലാം ഡവലപ് ചെയ്യുക എന്നത് മറ്റൊരു കടമ്പയായിരുന്നു. നിരവധി ദൗത്യങ്ങള്‍ നിറവേറ്റിയ ശേഷമാണ് ഒബിസി വിടവാങ്ങുന്നത്.

∙ അഫ്ഗാനിസ്ഥാന്റെ ചിത്രം പകര്‍ത്തിയത് 90 ദിവസത്തിനുള്ളില്‍

കത്രീന കൊടുങ്കാറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍, ഫുകുഷിമ ആണവ പ്ലാന്റ് അത്യാഹിതം, ഇറാഖ് യുദ്ധം, കംബൈന്‍ഡ് ടാസ്‌ക് ഫോഴ്‌സ് ഹോണ്‍ ഓഫ് ആഫ്രിക്ക തുടങ്ങി നിരവധി ദൗത്യങ്ങളിലാണ് ഒബിസി കാര്യമായും പ്രവർത്തിച്ചത്. മൊത്തം അഫ്ഗാനിസ്ഥാന്റെ ചിത്രവും 90 ദിവസം കൊണ്ട് പകര്‍ത്തി നല്‍കി. അവിടെ നിര്‍ണായക നീക്കങ്ങള്‍ നടത്താന്‍ ഇത് സൈന്യത്തിനു സഹായകമായി. 

∙ സാങ്കേതികവിദ്യ നിലനിര്‍ത്തും

പ്രവര്‍ത്തനം അവസാനിപ്പിച്ചു എങ്കിലും വേണ്ടിവന്നാൽ വീണ്ടും ഉപയോഗിക്കാനായി ഒബിസി സാങ്കേതികവിദ്യ സൂക്ഷിക്കുമെന്ന് യുഎസ് സൈന്യം പറയുന്നു. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ അറിയാവുന്നവരുടെ സേവനവും ഉറപ്പാക്കും.

English Summary: The U-2 Dragon Lady Finally Says Goodbye To Film Cameras At Beale AFB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com