നിർമിത ബുദ്ധിയുടെ കരുത്തിൽ മുന്നേറാൻ ഇന്ത്യൻ വ്യോമസേന: പുതിയ കേന്ദ്രം തുറന്നു

Rafale-1248-22
റഫാലെ യുദ്ധവിമാനങ്ങൾ (ഫയൽ ചിത്രം) Photo: Indian Air force
SHARE

നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– Artificial intelligence) അനന്തസാധ്യതങ്ങൾ യുദ്ധരംഗത്തുപയോഗിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ നീക്കം. ജൂലൈ പത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായുള്ള വ്യോമസേനയുടെ കേന്ദ്രം ന്യൂഡൽഹിയിലെ രാജോക്രിയിലുള്ള എയർഫോഴ്സ് സ്റ്റേഷനിൽ എയർ മാർഷൽ സന്ദീപ് സിങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സേനാവിഭാഗങ്ങളിൽ വ്യോമസേനയാണ് ആദ്യമായി ഇത്തരമൊരു ശ്രമം തുടങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.

മെഷീൻ ലേണിങ്, നാച്ചുറൽ ലാംഗ്വിജ് പ്രോസസിങ്, ന്യൂറൽ നെറ്റ്‌വർക്സ്, ഡീപ് ലേണിങ് അൽഗോരിതം തുടങ്ങിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുദ്ദേശിച്ചുള്ളതാണ് ഈ കേന്ദ്രം. അതീവ ശക്തിയുള്ള ഗ്രാഫിക്കൽ പ്രോസസിങ് യൂണിറ്റ് ശക്തി പകരുന്ന സെർവറുകളാകും ഇവിടെ ഉപയോഗിക്കുക.

ഇന്ത്യയിലെ വിവിധ പൊതുമേഖലാസ്ഥാപനങ്ങൾ, മൈക്രോ, മീഡിയം, സ്മോൾ സ്കെയിൽ സ്ഥാപനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വിദഗ്ധർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കേന്ദ്രം തുടങ്ങുന്നത്. വ്യോമസേനയുടെ പ്രവർത്തന മികവിന്റെ മൂർച്ചകൂട്ടുന്നതാകും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യങ്ങൾ. അതിവേഗവിമാനങ്ങളും മറ്റും പറത്തുന്ന ഫൈറ്റർ പൈലറ്റുമാർക്ക് പൊടുന്നനെ ഒട്ടേറെ ഭീഷണികൾ നേരിടേണ്ടി വരും. ബിഗ് ഡേറ്റ, മെഷീൻ ലേണിങ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഈ ഭീഷണികൾ ലഘൂകരിച്ച് പ്രവർത്തനം കൂടുതൽ സുഗമമാക്കും.

ആകാശദൗത്യങ്ങളിൽ പൈലറ്റിനെ പൂർണമായും മാറ്റി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ കാര്യങ്ങൾ നിയന്ത്രിക്കുന്ന രീതിയല്ല ഫൈറ്റർ വിമാനങ്ങളിൽ വ്യോമസേന നടപ്പാക്കാനുദ്ധേശിക്കുന്നത്. പൈലറ്റുമാർ തന്നെയാകും ദൗത്യങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. എന്നാൽ ദൗത്യനിർവഹണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ പൈലറ്റുമാർക്ക് വലിയ സഹായം നൽകും. ആകാശ യുദ്ധത്തിൽ നിസ്സാര പിഴവുകൾ പോലും യുദ്ധഗതിയെ സ്വാധീനിക്കാറുണ്ട്. അതിനാൽ തന്നെ പിഴവുകൾ കഴിയുന്നത്ര കുറയ്ക്കുക എന്നതിലായിരിക്കും എഐ സംവിധാനങ്ങൾ നൽകുന്ന ശ്രദ്ധ.

പുതുതലമുറ ഡിസ്റപ്ടീവ് ടെക്നോളജിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുംകാല യുദ്ധരംഗത്തെ പ്രധാന സാങ്കേതികവിദ്യകളിലൊന്നായി മാറുമെന്ന് ഉറപ്പാണ്. യുഎസ്, ചൈന എന്നിവർ തങ്ങളുടെ വ്യോമ, നാവിക സേനാസംവിധാനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യകൾ ഉൾപ്പെടുത്താനായി വലിയ ഗവേഷണങ്ങൾ നടത്തുന്നുണ്ട്. ഇസ്രയേലിലെ പ്രതിരോധ സ്ഥാപനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രതിരോധ സംവിധാനങ്ങളിലേക്ക് ഉയർന്ന തോതിൽ ഉൾപ്പെടുത്തുന്നുണ്ട്.

English Summary: Indian Air Force Joins The Artificial Intelligence Race

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS