ADVERTISEMENT

തങ്ങളുടെ അധീനതയിലുള്ള ഗ്രേറ്റർ കോക്കസസ് മലനിരകളിൽ വമ്പൻ ഉപഗ്രഹവേധ ലേസർ പദ്ധതി റഷ്യ ഒരുക്കുന്നതായി റിപ്പോർട്ട്. റഷ്യയുടെ മുകളിലൂടെ കടന്നുപോകുന്ന ഉപഗ്രഹങ്ങളെ വേണമെങ്കിൽ തകരാർവരുത്തി നിർവീര്യമാക്കാൻ അനുവദിക്കുന്ന സ്‌പേസ് ലേസർ പദ്ധതി ഇലക്ട്രോ- ഒപ്റ്റിക്കൽ വാർഫെയർ എന്ന നവീനയുദ്ധത്തിനായാകും റഷ്യ ഉപയോഗിക്കുകയെന്നു റിപ്പോർട്ടുണ്ട്. ബഹിരാകാശ മേഖലയിലെ പുതിയ ഗവേഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സ്‌പേസ് റിവ്യൂ എന്ന പോർട്ടലാണ് ഇക്കാര്യം പുറത്തുവിട്ടത്.

 

വിവിധ രേഖകളുടെ വെളിച്ചത്തിൽ, റഷ്യയിലെ ക്രോണ ചാപൽ പർവതത്തിലെ ക്രോണ സ്‌പേസ് സർവെയ്‌ലൻസ് കോംപ്ലക്‌സിലാണു കലീന എന്നു പേരുള്ള ബഹിരാകാശ ലേസർ പദ്ധതി റഷ്യ ഒരുക്കിയിരിക്കുന്നത്. ലേസറുകൾ ഉപയോഗിച്ച് ഉപഗ്രഹത്തിന്റെ വൈദ്യുത, ഒപ്റ്റിക്കൽ സംവിധാനങ്ങൾ നിർവീര്യമാക്കാൻ അനുവദിക്കുന്നതാണു പദ്ധതി. റഷ്യൻ പ്രതിരോധ മന്ത്രാലയം നൽകിയ കരാർപ്രകാരം, റഷ്യൻ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ കോർപറേഷനാണു പദ്ധതി രൂപീകരിച്ചത്.

 

2011ൽ തുടങ്ങിയ പദ്ധതി വിവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു. ഇതിന്റെ നവീന ഒപ്റ്റിക്‌സ് സിസ്റ്റം വികസിപ്പിക്കാനായി കരാർ ഏറ്റെടുത്ത ഫെംറ്റോയെന്ന കമ്പനി ഇടയ്ക്കു പാപ്പരായിപ്പോയതും പദ്ധതി താമസിക്കാനിടയാക്കി. 2014ൽ ക്രൈമിയ പിടിച്ചെടുത്ത റഷ്യൻ സൈനിക നടപടിയെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ വലിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതും പദ്ധതിക്കു തിരിച്ചടിയായി.

 

പ്രത്യേകം നിർമിച്ച ഒരു കെട്ടിടസമുച്ചയത്തിലാണു കലീന സ്‌പേസ് ലേസർ റഷ്യ സ്ഥാപിക്കുന്നത്. 7 വരെ തീവ്രതയുള്ള ഭൂചലനങ്ങളും മറ്റും നേരിടാൻ തക്കവണ്ണം ശക്തിയുള്ള കെട്ടിടമാണ് ഇത്. ഇവിടെ നിന്നു സ്‌പേസ് ലേസറിനു ഉപഗ്രഹങ്ങളെ കൃത്യമായി ലക്ഷ്യമിടാനും നിർവീര്യമാക്കാനും സാധിക്കും. പദ്ധതി ദ്രുത ഗതിയിൽ പൂർത്തീകരിച്ചു വരുന്നതായാണു സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ എത്രത്തോളം ഹാർഡ്‌വേർ വികസനം ഈ പദ്ധതിയിൽ നടത്തിയിട്ടുണ്ടെന്നത് ഇപ്പോഴും അറിവാകാത്ത ഒരു വസ്തുതയാണ്.

 

സ്‌പേസ് ലേസർ ആയുധ പദ്ധതിയിലെ ആദ്യ റഷ്യൻ സംരംഭമല്ല കലീന. പെരെസ്വെറ്റ് എന്ന പേരിൽ മറ്റൊരു പദ്ധതിയും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ 2018ൽ പ്രഖ്യാപിച്ചിരുന്നു. ഉപഗ്രഹങ്ങളെയും ഡ്രോണുകളെയും ലക്ഷ്യമിടുന്ന പദ്ധതിയാണ് ഇത്.

 

English Summary: How much of a gamechanger is potential Russia space laser?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com