ഹിമാർസിന് പിന്നാലെ എം270 - ശക്തി കൈവരിച്ച് യുക്രെയ്ൻ

m270-multiple-launch-rocket
Photo: Lockheed Martin
SHARE

യുക്രെയ്ൻ സേനയ്ക്ക് കരുത്തു പകർന്ന് പുതിയ ആയുധം ആവനാഴിയിൽ. യുഎസ് നിർമിതമായ എം270 എന്ന മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റമാണ് യുക്രെയ്‌ന് ലഭിച്ചിരിക്കുന്നത്. ഒരേസമയം തന്നെ ഒട്ടേറെ റോക്കറ്റുകൾ ശത്രുപാളയത്തിലേക്കു ഫയർ ചെയ്യാനുള്ള ശേഷി ഇതിനുണ്ട്.

നേരത്തെ ഹിമാർസ് അഥവാ എം142 ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം എന്ന റോക്കറ്റ് ലോഞ്ചറുകൾ യുഎസ് യുക്രെയ്‌ന് കൈമാറിയിരുന്നു. ഹിമാർസിൽ ഉപയോഗിക്കുന്ന അതേ റോക്കറ്റുകൾ തന്നെയാണ് എം270യും ഉപയോഗിക്കുന്നത്. എന്നാൽ ഒരു വ്യത്യാസം. ഹിമാർസിൽ നിന്നു ലോഞ്ച് ചെയ്യുന്നതിനേക്കാൾ ഇരട്ടി റോക്കറ്റുകൾ എം270യിൽ നിന്നു ലോഞ്ച് ചെയ്യാം.

തങ്ങൾക്ക് എം270 റോക്കറ്റുകൾ ലഭിച്ചെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രിയായ ഒലെക്‌സി റെസ്‌നിക്കോവാണ് കഴിഞ്ഞദിവസം അറിയിച്ചത്. യുഎസ് നിർമിതമാണ് എം270 എങ്കിലും ഏതു രാജ്യമാണ് യുക്രെയ്‌ന് ഈ ആയുധം നൽകിയെന്നത് ദുരൂഹതയായി തുടരുകയാണ്.

ബ്രിട്ടനോ നോർവെയോ ആയിരിക്കാം യുക്രെയ്‌ന് ഈ ആയുധങ്ങൾ നൽകിയതെന്ന് വിദഗ്ധരുടെ വിലയിരുത്തലുണ്ട്. ജർമൻ സർക്കാരും, തങ്ങളുടെ മാർസ് സെക്കൻഡ് എന്നറിയപ്പെടുന്ന എം270 വകഭേദം യുക്രെയ്‌നായി നൽകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഹിമാർസും എം270യും 227 എംഎം ആർട്ടിലറി റോക്കറ്റുകളാണ് പ്രധാനമായും ഫയർ ചെയ്യുന്നത്. ആർമി ടാക്ടിക്കൽ മിസൈലുകൾ എന്ന ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളും ഇവയ്ക്ക് തൊടുക്കാനാകും.പോഡുകൾ എന്ന പേരിൽ കൂട്ടമായിട്ടാണ് മിസൈലുകൾ ലോഡ് ചെയ്യാൻ എത്തുന്നത്.

എം270 ലോഞ്ചറുകൾ കവചിത വാഹനങ്ങളിലാണു ഘടിപ്പിക്കുന്നത്. ഒറ്റത്തവണ രണ്ട് അമ്യൂനിഷൻ പോഡുകൾ ഇവയിൽ ലോഡു ചെയ്യാം. പന്ത്രണ്ട് 227 എംഎം റോക്കറ്റുകൾ ഒറ്റത്തവണ എം270ൽ നിന്നു ഫയർ ചെയ്യാം. ആർമി ടാക്റ്റിക്കൽ മിസൈലുകളാണെങ്കിൽ രണ്ടെണ്ണം ഇതിൽ നിന്ന് ഒറ്റത്തവണ ഫയർ ചെയ്യാം.

ഹിമാർസിന് ഒറ്റത്തവണ ഒരു അമ്യൂനിഷൻ പോഡ് മാത്രമാണ് ലോഡ് ചെയ്യാൻ പറ്റുന്നത്. അതിനാൽ തന്നെ എം270 ഫയർ ചെയ്യുന്നതിന്റെ പകുതി എണ്ണം മിസൈലുകളെ ഇത് ഒറ്റത്തവണ ഫയർ ചെയ്യുകയുള്ളൂ. എന്നാൽ, എം270യെ അപേക്ഷിച്ച് പല വാഹനങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും ഇതു ഫിറ്റ് ചെയ്യാമെന്നതിനാൽ യുദ്ധത്തിൽ എവിടെയും എപ്പോഴും ഏതു വേഗത്തിലും ഇതു വിന്യസിക്കാനാകും.

ഇവയിലുപയോഗിക്കുന്ന 227 എംഎം റോക്കറ്റുകൾക്ക് 70 കിലോമീറ്ററിനുള്ളിലുള്ള ശത്രു സങ്കേതങ്ങളും ആയുധങ്ങളും തകർത്തെറിയാം. ആർമി ടാക്റ്റിക്കൽ മിസൈലുകളാണ് ഉപയോഗിക്കുന്നതെങ്കിൽ 300 കിലോമീറ്റർ വരെ ഇതിനു റേഞ്ച് ലഭിക്കും. 227 എംഎം റോക്കറ്റുകൾ യുഎസ് യുക്രെയ്‌ന് നൽകിയിട്ടുണ്ട്. എന്നാൽ റഷ്യയിലേക്ക് യുക്രെയ്ൻ ആക്രമണം നടത്താതിരിക്കാനുള്ള മുൻകരുതലെന്ന നിലയിൽ ആർമി ടാക്റ്റിക്കൽ മിസൈലുകൾ അവർക്ക് യുഎസ് നൽകിയിട്ടില്ല.

ഹിമാർസ് മിസൈലുകൾ പ്രധാനമായും റഷ്യ ഇതിനിടെ യുക്രെയ്‌നിൽ സ്ഥാപിച്ച ആയുധ സംഭരണ കേന്ദ്രങ്ങൾ, ലൊജിസ്റ്റിക്‌സ് സപ്ലേ റൂട്ടുകൾ തുടങ്ങിയവയെ തകർക്കാനായാണ് യുക്രെയ്ൻ ഉപയോഗിക്കുന്നത്. ഇതിൽ അവർ വിജയം കൈവരിക്കുന്നുണ്ടെന്നാണു യുക്രെയ്‌ന്‌റെ വാദം.

English Summary: Ukraine receives first batch of M270 rocket systems, says Defence Minister Oleksiy Reznikov

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS