പാക്ക് സേനയെ ഓടിച്ചത് ഇസ്രയേൽ ആയുധം! അന്ന് കാർഗിലിൽ സംഭവിച്ചതെന്ത്?

kargil-wa
Photo: IAF
SHARE

കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ െഎതിഹാസിക പോരാട്ടത്തിന്റെ ഓർമദിനം ഇന്ന് ‘കാർഗിൽ വിജയ് ദിവസ്’ ആയി ആചരിക്കും. 1999 ലെ ശൈത്യകാലത്ത് പാക്ക് പട്ടാളം കശ്മീർ തീവ്രവാദികളുടെയും മറ്റും സഹായത്തോടെ കാർഗിലിലെ ഉയർന്ന പോസ്റ്റുകൾ പിടിച്ചടക്കി. 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുളള മലനിരകളിൽ നിലയുറപ്പിച്ച അക്രമികളെ തുരത്താനായി ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക നടപടികൾ രണ്ടരമാസത്തോളം നീണ്ടു. ജൂലൈ 26ന് ഇന്ത്യ കാർഗിലിൽ വിജയം പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. 527 സൈനികരെ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു നഷ്ടമായി. ദ്രാസ് സെക്ടറിലാണു കാർഗിൽ യുദ്ധസ്മാരകം. എ.ബി.വാജ്പേയിയായിരുന്നു അന്ന് പ്രധാനമന്ത്രി. ജോർജ് ഫെർണാണ്ടസ് പ്രതിരോധമന്ത്രിയും.

∙ പാക്കിസ്ഥാനെ ചാമ്പലാക്കിയത് ഇസ്രയേൽ ആയുധം

22 വർഷങ്ങൾ മുൻപ് കാർഗിൽ യുദ്ധത്തിനിടെ അത്യാധുനിക ടെക്നോളജി തേടി ഇന്ത്യ അലയാത്ത ഇടങ്ങളുണ്ടായിരുന്നില്ല. മുൻനിര പ്രതിരോധ ടെക്നോളജി കൈവശമുള്ള അമേരിക്ക സഹായിക്കില്ലെന്ന് പറഞ്ഞ് കൈവിട്ടതോടെ വേണ്ട സഹായങ്ങളെല്ലാം നൽകി ഇന്ത്യയ്ക്ക് വിജയം വാങ്ങിത്തരാൻ മുന്നിൽ നിന്നത് ഇസ്രയേലാണ്.

ഇന്ത്യന്‍ വ്യോമസേനയുടെ പോർവിമാനങ്ങളായ മിഗ്-27, മിഗ്-21 കാര്‍ഗിലിന്റെ ഉയരമുള്ള സ്ഥലങ്ങളില്‍ നിക്ഷേപിച്ച ബോംബുകള്‍ ലക്ഷ്യത്തിലെത്താതെ ഏറെ വിഷമിച്ചു. കൂടുതല്‍ താഴേക്കു പറന്നു ബോംബിടാൻ ശ്രമിച്ചാൽ പാക്ക് സൈന്യത്തിന്റെ മിസൈലുകളുടെ പരിധിക്കുള്ളിലാകുമായിരുന്നു. ഇത്തരത്തിൽ അശ്രദ്ധയോടെ പറന്ന ഒരു മിഗ്-21 പോർവിമാനവും മറ്റൊരു എംഐ-17 ഹെലികോപ്ടറും പാക്കിസ്ഥാന്‍ വെടിവച്ചിടുകയും ചെയ്തിരുന്നു. ആ ദുരന്തത്തിൽ അഞ്ച് എയര്‍ ഫോഴസ് ഉദ്യോഗസ്ഥരെയാണ് ഇന്ത്യക്ക് നഷ്ടമായത്. ഇതോടെയാണ് ഇന്ത്യൻ വ്യോമസേന മറ്റു വഴികളെ കുറിച്ച് ആലോചിക്കുന്നത്. ഇനി എന്ത് എന്ന ചിന്തയിലാണ് മിറാഷ് പോർ വിമാനങ്ങളില്‍ ഇസ്രയേലിന്റെ രഹസ്യ ‘ടെക് കിറ്റ്’ ഘടിപ്പിക്കാൻ തീരുമാനിക്കുന്നത്.

ലൈറ്റെനിങ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ് (Litening laser designator pod) എന്ന ഉപകരണമാണ് മിറാഷ് പോർ വിമാനങ്ങളില്‍ ഇണക്കിയത്. കൃത്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ഈ സംവിധാനത്തിലെ ലേസർ ബീമുകൾക്ക് സാധിക്കും. ലേസർ ബീമുകൾ തെളിച്ച പാതയിലൂടെ ഗൈഡഡ് ബോംബുകൾ കുതിച്ച് ആക്രമണം നടത്തും. കാർഗിൽ കുന്നുകളിൽ ബുദ്ധിമുട്ടേറിയ സ്ഥലങ്ങളിൽ പോലും അതിസൂക്ഷ്മതയോടെ ബോംബുകള്‍ വർഷിക്കാൻ ഇതുവഴി ഇന്ത്യൻ വ്യോമസേനക്ക് സാധിച്ചു.

ജൂണ്‍ 24, 1999ന് മിറാഷ് 2000ല്‍ ഇരുന്ന് ടൈഗര്‍ ഹില്ലിൽ പാക്കിസ്ഥാന്‍ സേനകൾ തമ്പടിച്ച പ്രദേശത്തിനു മേല്‍ കമാന്‍ഡര്‍ രഘുനാഥ് നമ്പ്യാര്‍ ലൈറ്റെനിങ് പോഡ് ഉപയോഗിച്ച് അദൃശ്യ അടയാളമിട്ടു. പിന്നാലെ പാഞ്ഞ ബോംബ് നിമിഷങ്ങള്‍ക്കകം സൈനിക താവങ്ങൾ തകര്‍ത്തു തരിപ്പണമാക്കി. ഇന്ത്യന്‍ വ്യോമസേന ആദ്യമായി നടത്തിയ ലേസര്‍ നിയന്ത്രിത ബോംബിങ് ആയിരുന്നു അത്.

പോർ വിമാനത്തില്‍ ലൈറ്റെനിങ് പോഡും ലേസറിനെ പിന്തുടരുന്ന 1000 പൗണ്ട് വരുന്ന ബോംബും പിടിപ്പിക്കാന്‍ 12 ദിവസമാണ് എടുത്തത്. കാര്‍ഗില്‍ യുദ്ധത്തിന് രണ്ടു വര്‍ഷം മുൻപ് ഇസ്രയേലി പോഡുകള്‍ വാങ്ങാനുള്ള സമ്മതപത്രത്തില്‍ ഒപ്പുവച്ചിരുന്നു. ആദ്യമെത്തിയ 15 എണ്ണം ജാഗ്വാറുകളില്‍ പിടിപ്പിക്കാനുള്ളതും അഞ്ചെണ്ണം മിറാഷ് 2000ന് ഉള്ളവയുമായിരുന്നു. ഇവ അമേരിക്ക നല്‍കിയ പേവ്‌വേ ലേസര്‍ നിയന്ത്രിത ബോംബ് കിറ്റുമായി ബന്ധപ്പിക്കുകയായിരുന്നു ചെയ്തത്. പോഖ്‌റാന്‍ ആണവ പരീക്ഷണത്തെ തുടര്‍ന്ന് ‘പേവ്‌വേ' സ്മാര്‍ട് ബോംബുകള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ വേണ്ട ടെക്നോളജി അമേരിക്ക കൈമാറിയിരുന്നുമില്ല. ബോംബ് വർഷിക്കാൻ വേണ്ട മിറാഷ് 2000ലെ സോഫ്റ്റ്‌വെയര്‍ 1985നു ശേഷം അപ്‌ഗ്രേഡു ചെയ്തിരുന്നില്ല.

എന്നാല്‍ നിർണായക സമയത്താണ് ഇന്ത്യക്ക് ഇസ്രയേലിന്റെ സഹായം ലഭിച്ചത്. ഇസ്രയേലിന്റെ സാങ്കേതികവിദഗ്ധരും ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ക്രാഫ്റ്റ് ആന്‍ഡ് സിസ്റ്റംസ് ടെസ്റ്റിങ് എസ്റ്റാബ്ലിഷ്‌മെന്റും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാണ് കാര്‍ഗിലില്‍ കൃത്യമായി ബോംബ് വീഴ്ത്തിയത്. എന്നാല്‍, കുറഞ്ഞ സമയത്തിനുള്ളിൽ വിമാനങ്ങളില്‍ ഈ സിസ്റ്റം പിടിപ്പിക്കാന്‍ ഏറെ വെല്ലുവിളികൾ നേരിട്ടു. ഒന്നാമതായി ഇതിനു മുൻപ് ലൈറ്റെനിങ് പോഡ് ഇണക്കിയിരുന്നില്ല. അമേരിക്കയുടെ പേവ്‌വേ സംവിധാനം ഉപയോഗ സജ്ജമായിരുന്നിമില്ല. കൂടാതെ ഇവയ്ക്കു വേണ്ട ഫ്യൂസുകള്‍ ഇല്ലായിരുന്നുതാനും. 

കാർഗിൽ യുദ്ധം നടക്കുമ്പോൾ വിമാനങ്ങളുടെ അപ്‌ഗ്രേഡു ചെയ്യല്‍ ഒരു ദിവസം പോലും വൈകിക്കൂടായിരുന്നു. ആ ദിവസങ്ങളിൽ പാക്ക് സൈന്യം ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതിന്റെ ആഹ്ലാദത്തിലുമായിരുന്നു. അന്ന് മിറാഷ് 2000 പോർവിമാനങ്ങൾ ബെംഗളൂരിലാണ് അപ്‌ഗ്രേഡു ചെയ്തത്. ഇവ പിന്നെ ഗ്വാളിയറിലെത്തിച്ചു. ജൂണ്‍ 24ന് മൂന്നു മിറാഷ് 2000 വിമാനങ്ങള്‍ രാവിലെ 6.39ന് പഞ്ചാബിലെ അഡംപൂരില്‍ നിന്ന് കുതിച്ചുയര്‍ന്നു. ടൈഗര്‍ ഹില്‍ 50 കിലോമീറ്റര്‍ അകലെ ലൈറ്റെനിങ് പോഡിലൂടെ ലക്ഷ്യം രേഖപ്പെടുത്തി. അന്നത്തെ ദിവസം ടൈഗർ ഹില്ലിൽ കാഴ്ച മറക്കുന്ന ഒരു മേഘത്തുണ്ടു പോലും ഇല്ലായിരുന്നു. ഇത് ദൗത്യം കൃത്യമായി നടപ്പിലാക്കാൻ സഹായിച്ചു. 

ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ ആദ്യത്തെ ലേസർ നിയന്ത്രിത ബോംബിട്ടത് എയര്‍ മാര്‍ഷന്‍ നമ്പ്യാര്‍ ആയിരുന്നു. മിറാഷ് പോർ വിമാനങ്ങള്‍ 28,000 അടി ഉയരത്തിൽ പറന്നു. എന്നാല്‍ അമിതമായ കാറ്റ് ഉണ്ടായിരുന്നതിനാല്‍ 26,000 അടിയിലേക്കു താഴേണ്ടി വന്നു. പാക്ക് സൈനികരുടെ കൈവശമുള്ള സര്‍ഫസ് ടു എയര്‍ മിസൈലുകളുടെ പരിധിക്കുള്ളിലായിരുന്നു അപ്പോൾ വിമാനങ്ങള്‍ പറന്നിരുന്നത്.

ഏറെ വൈകാതെ ആക്രമിച്ചു തുടങ്ങി. 28 കിലോമീറ്റര്‍ മുകളില്‍ നിന്ന് ആദ്യമായി പാക്ക് സൈനിക കേന്ദ്രത്തിലേക്ക് ലേസർ ബീമുകൾ അയച്ചു. ഇതോടെ ലൈറ്റ്‌നിങ് പോഡ് ലക്ഷ്യത്തിലേക്കുള്ള ദൂരം വളരെ കൃത്യമായി രേഖപ്പെടുത്തി. എന്നാല്‍ വീണ്ടും വീണ്ടും അതു ഉറപ്പുവരുത്തി. പിന്നീട് ബോംബുകൾ വിനാശകാരിയായി പതിക്കാനുള്ള താഴ്ചയിലേക്ക് വിമാനങ്ങള്‍ താഴ്ന്നിറങ്ങി. ബോംബിടാനുള്ള ബട്ടണമര്‍ത്തി. വിമാനം പൊടുന്നനെ തെറിച്ചുയര്‍ന്നു. 600 കിലോ ഭാരമുള്ള ബോംബ് വിമാനത്തില്‍ നിന്നു വേര്‍പെട്ടതിന്റെ ആഘാതമായിരുന്നു അത്.

ബോംബ് പതിക്കാന്‍ വേണ്ട സമയം 30 സെക്കന്‍ഡില്‍ താഴെ ആയിരുന്നു. എന്നാല്‍ കോക്പിറ്റിലുണ്ടായിരുന്നവര്‍ക്ക് ആ സമയം കൂടുതലായി തോന്നിപ്പിച്ചു. എന്നാല്‍ തങ്ങളുടെ സന്തോഷത്തിന് അതിരില്ലാത്തതായിരുന്നു തുടര്‍ന്നുള്ള കാഴ്ചകൾ. ഒരു ചെറിയ ശബ്ദം പോലുമില്ലാതെ പാക്ക് സൈനിക കേന്ദ്രങ്ങൾ തീഗോളമായി മാറി. പേവ്‌വേ ബോംബുകളുമായി ലൈറ്റെനിങ് ‌പോഡ് സംയോജിപ്പിച്ചത് മികച്ച വിജയമായിരുന്നു. കാർഗിൽ യുദ്ധത്തിനിടെ വ്യോമസേന പ്രയോഗിച്ചത് എട്ട് ലേസർ ഗൈഡഡ് ബോംബുകളാണ്.

പാക്കിസ്ഥാൻ സേനയ്‌ക്കെതിരെ ലേസർ ബോംബുകൾ ഉപയോഗിക്കുന്ന അവസാനത്തെ സംഭവമായിരുന്നില്ല അത്. പിന്നീട് നിരവധി തവണ ഇന്ത്യ ലേസർ ബോംബുകൾ പ്രയോഗിച്ചിട്ടുണ്ട്. കാർഗിൽ യുദ്ധം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം 2002 ഓഗസ്റ്റ് 2 ന്, ജമ്മു കശ്മീരിലെ കെൽ സെക്ടറിലെ പാക്കിസ്ഥാൻ സൈനിക പോസ്റ്റിലേക്ക് വ്യോമസേന ലേസർ ബോംബാക്രമണം നടത്തി. എന്നാല്‍, പില്‍ക്കാലത്ത് ലൈറ്റെനിങ് പോഡ് അടക്കുമള്ള എല്ലാം ഇന്ത്യന്‍ വ്യോമസേന അപ്‌ഗ്രേഡു ചെയ്തു.

English Summary: Kargil Vijay Diwas 2022: How India defeated Pakistan in Operation Vijay

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}