ADVERTISEMENT

കോംഗോയിൽ സ്ഥാപിച്ച ഇന്ത്യൻ സമാധാന സേനയുടെ സൈനികബേസ് കൊള്ളയടിക്കാനുള്ള സായുധ കൊള്ളക്കാരുടെ ശ്രമം ഇന്ത്യൻ സേന തകർത്തു. സൈനിക ക്യാംപും ആശുപത്രിയും അടങ്ങുന്ന സേനാബേസ് ആക്രമിച്ചു കൊള്ളയടിക്കാനാണ് ആയുധധാരികൾ ശ്രമിച്ചത്.

 

കോംഗോയിലെ യുഎൻ സമാധാനദൗത്യമായ മോനസ്‌കോയുടെ ഭാഗമായാണ് ഇന്ത്യൻ സമാധാന സേന ഇവിടെ നിലയുറപ്പിച്ചത്. ഐക്യരാഷ്ട്രസഭയുടെ ചില ഓഫിസുകളും കൊള്ളയടിക്കാനായി ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതെക്കുറിച്ച് ശക്തമായ നിരീക്ഷണം നടത്തിവരികയാണെന്നും സേനാവൃത്തങ്ങൾ അറിയിച്ചു. വിന്യസിച്ചിരിക്കുന്ന മേഖലകളിൽ യുഎൻ ഉദ്യോഗസ്ഥരുടെയും വസ്തുവകകളുടെയും സംരക്ഷണം ഇന്ത്യൻ സേനാംഗങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

 

കോംഗോയിൽ ഉടലെടുത്തിരിക്കുന്ന സായുധ സംഘർഷങ്ങളെ നേരിടാനാണ് വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ മോനസ്‌കോ ദൗത്യം യുഎൻ ആവിഷ്‌കരിച്ചിരിക്കുന്നത്. മേയ് 22ന് കോംഗോ ദേശീയ ആർമിയെയും മോനസ്‌കോയെയും ലക്ഷ്യമിട്ട് നടന്ന സായുധസംഘങ്ങളുടെ ആക്രമണം ഇന്ത്യൻ ആർമി ഉൾപ്പെട്ട സമാധാന സേന പരാജയപ്പെടുത്തിയിരുന്നു.

യുഎൻ സമാധാനസേനയിൽ ശക്തമായ പങ്കാളിത്തം ഇന്ത്യൻ സേനയ്ക്കുണ്ട്. ലോകമാകെ യുഎൻ നടപ്പിലാക്കിയിരിക്കുന്ന 14 സമാധാന സേനകളിൽ എട്ടിലും ഇന്ത്യൻ സേനയുടെ സാന്നിധ്യമുണ്ട്. 

 

5400ൽ അധികം ഇന്ത്യൻ സൈനികർ ഇതിന്റെ ഭാഗമായി ലോകത്ത് വിവിധയിടങ്ങളിൽ സേവനം അനുഷ്ഠിക്കുന്നു. കോംഗോ, ലബനൻ, സൗത്ത് സുഡാൻ, സിറിയ, സഹാറാ മേഖല, സൈപ്രസ് മേഖല തുടങ്ങിയവ ഇതിൽ ഉൾപ്പെടും. 15 കമാൻഡിങ് ഓഫിസർമാർ, 2 സൈനിക ഉപദേഷ്ടാക്കൾ, ഒരു ഡപ്യൂട്ടി സൈനിക ഉപദേഷ്ടാവ്, 2 ഡിവിഷൻ കമാൻഡർമാർ, എട്ട് ഡപ്യൂട്ടി കമാൻഡിങ് ഓഫിസർമാർ എന്നിവരെ ഇന്ത്യ സമാധാന സേനയിലേക്ക് സേവനത്തിനായി അയച്ചിട്ടുണ്ട്.

 

അടുത്തിടെ ഇന്ത്യൻ സമാധാന സേനയിലെ വെറ്ററിനറി വിഭാഗം, സൗത്ത് സുഡാനിൽ വലിയ മൃഗചികിത്സാ പദ്ധതി ഏറ്റെടുത്തു നടത്തിയിരുന്നു. പ്രധാനമായും കാർഷികരംഗത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയുള്ള സൗത്ത് സുഡാനിൽ ഈ നീക്കം തദ്ദേശീയരുടെ ഇന്ത്യൻ സേനയോടുള്ള ആദരവിനു കാരണമായിരുന്നു. നിരവധി ഇന്ത്യൻ സമാധാന സേനാംഗങ്ങൾക്ക് യുഎൻ മെഡലുകളും കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ചു.

 

English Summary: Indian peacekeepers thwarted attempts by protesters to ransack UN offices in DR Congo: Army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com