സവാഹിരിയെ വധിച്ചു: ആരാകും അൽ ഖായിദയുടെ പുതിയ തലവൻ?

al-Zawahiri-and-Osama-bin-Laden
Photo: AP
SHARE

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഭീകരസംഘടനയായ അൽ ഖായിദയുടെ തലവൻ അയ്മൻ അൽ സവാഹിരി കൊല്ലപ്പെട്ടു. ഈജിപ്തിൽ നിന്നുള്ളയാളും നേരത്തേ ഡോക്ടറുമായിരുന്ന സവാഹിരിക്ക് 71 വയസ്സായിരുന്നു. അൽ ഖായിദയുടെ പുതിയ നേതാവ് ആരായിരിക്കും എന്നതിനെക്കുറിച്ച് രാജ്യാന്തര പ്രതിരോധ വൃത്തങ്ങളിൽ ചർച്ചകൾ ഉയരുന്നുണ്ട്.

അൽ ഖായിദ ഇൻ ഇസ്‌ലാമിക് മഗ്‌രെബ് എന്ന ഭീകര സംഘടനയുടെ നേതാക്കളായ സെയ്ഫ് അൽ അദേൽ, അബ്ദാൽ റഹ്‌മാൻ, യാസിദ് മെബ്‌റാക് എന്നിവരിലാരെങ്കിലും അൽ ഖായിദയുടെ തലപ്പത്തേക്കു വന്നേക്കാമെന്ന് വിദഗ്ധർ കണക്കുകൂട്ടുന്നു. അൽ ഷബാബ് എന്ന ഭീകരസംഘടനയുടെ നേതാവായ അഹമ്മദ് ഡിരിയേക്കും സാധ്യതയുണ്ട്.

ഈജിപ്തിൽ നിന്നുള്ള അൽ ഖായിദ ഭീകരനായ സെയ്ഫ് അൽ അദേൽ മുൻപ് ഈജിപ്ഷ്യൻ സൈന്യത്തിൽ കേണലായിരുന്നു. അൽ ഖായിദയുടെ ആയുധ പരിശീലന പദ്ധതികളിലെല്ലാം വലിയ റോൾ 62 വയസ്സുകാരനായ അദേൽ വഹിക്കുന്നുണ്ട്. ഈജിപ്ഷ്യൻ സൈന്യത്തിന്റെ ഭാഗമായി സോവിയറ്റ് യൂണിയനിൽ പരിശീലനം നേടിയിട്ടുള്ള അദേൽ സ്‌ഫോടകവസ്തുക്കളുടെ നിർമാണത്തിൽ വിദഗ്ധനാണ്. 1994ലാണ് ബിൻലാദനെ അദേൽ പരിചയപ്പെടുന്നത്. 1998ൽ കെനിയയിലെ അമേരിക്കൻ എംബസി ആക്രമിച്ച സംഭവത്തിൽ അദേലിനെ യുഎസ് ഇന്നും തേടിക്കൊണ്ടിരിക്കുകയാണ്.

മൊറോക്കയിൽ ജനിച്ച അബ്ദാൽ റഹ്‌മാൻ സവാഹിരിയുടെ മരുമകൻ കൂടിയാണ്. ജർമനിയിൽ സോഫ്‌റ്റ്‌വയർ എൻജിനീയറിങ് പഠിച്ചെന്നു കരുതപ്പെടുന്ന റഹ്‌മാൻ അൽ ഖായിദയുടെ മാധ്യമവിഭാഗമായ അൽ സഹാബിനെ നേരത്തേ നിയന്ത്രിച്ചിരുന്നു. യുഎസ് 70 ലക്ഷം ഡോളർ അബ്ദാൽ റഹ്‌മാന്റെ തലയ്ക്ക് വിലയിട്ടിട്ടുണ്ട്. അബു ഉബൈദാഹ് യൂസുഫ് അൽ അനാബി എന്ന് യഥാർഥ പേരുള്ള യാസിദ് മെബ്രാക്കും യുഎസ് തേടുന്ന ഭീകരനാണ്. അൾജീരിയക്കാരനായ മെബ്‌റാക്ക് ആഫ്രിക്കയിലാണ് തന്റെ ഭീകരപ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.

സൊമാലിയയിലെ പ്രമുഖ ഭീകര സംഘടനയായ അൽ ഷബാബിന്റെ നേതാവായ അഹമ്മദ് ഡിരിയേ, അഹമ്മദ് ഉമർ എന്ന പേരിലാണ് അറിയപ്പെടുന്നത്. അൽ ഖായിദയുമായും ബൊക്കോ ഹറാമുമായും അടുത്ത ബന്ധം പുലർത്തുന്ന സംഘടനയാണ് അൽ ഷബാബ്. 2015ൽ ഡിരിയെയെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ച യുഎസ് ഇയാളെ കാട്ടിക്കൊടുക്കുന്നവർക്ക് 60 ലക്ഷം യുഎസ് ഡോളർ ഇനാമും പ്രഖ്യാപിച്ചു.

നിലവിൽ അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ ഖായിദ വലിയ ഭീഷണി തങ്ങൾക്കുയർത്തുന്നില്ലെന്നാണു യുഎസിന്റെയും മറ്റു ലോകരാജ്യങ്ങളുടെയും വിലയിരുത്തൽ. എന്നാൽ അഫ്ഗാനിസ്ഥാനിൽ ഭരണം കയ്യാളുന്ന താലിബാനുമായും അൽ ഖായിദ വീണ്ടും ബന്ധം പുലർത്തുന്നുണ്ട്. താലിബാന്റെ ഉപദേശകരെന്ന നിലയിലും അൽ ഖായിദ പ്രവർത്തിക്കുന്നുണ്ടെന്ന് അഭ്യൂഹമുണ്ട്. അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കിയിരിക്കുന്ന ഐഎസ് വിഭാഗവും അൽ ഖായിദയുമായി മത്സരത്തിലാണ്. ഇക്കാര്യങ്ങൾ യുഎസ് ഉൾപ്പെടെ ലോകരാജ്യങ്ങൾ സസൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നു വിദഗ്ധർ പറയുന്നു.

English Summary: Al-Qaeda leader Ayman al-Zawahiri killed: Who is next in line to succeed him?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}