ADVERTISEMENT

അമേരിക്കയിലെ പ്രമുഖ ഡമോക്രാറ്റ് നേതാവും യുഎസ് പ്രതിനിധിസഭാ സ്പീക്കറുമായ നാൻസി പെലോസിയുടെ ത‌യ്‌വാനിലേക്കുള്ള വരവ് ലോകമെമ്പാടും ചർച്ചയായിരുന്നു. അസംഖ്യം യുഎസ് എയർഫോഴ്സ് വിമാനങ്ങളുടെയും യുദ്ധക്കപ്പലുകളുടെയുമൊക്ക അകമ്പടിയോടെയാണ് പെലോസിയുടെ വിമാനം തയ്പേയിയിലെ വിമാനത്താവളത്തിൽ ഇറങ്ങിയത്. ചൈന ആക്രമണനീക്കങ്ങളെന്തെങ്കിലും നടത്തിയാൽ അനുവാദം കാക്കാതെ തിരിച്ചടിക്കാനായിരുന്നു യുഎസ് എയർഫോഴ്സിനു നൽകിയ നിർദേശം.

 

പെലോസിയുടെ വരവ് മൂന്നാം ലോകയുദ്ധത്തിനുള്ള നാന്ദികുറിക്കലാകുമെന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച നടന്നിരുന്നു. ആണവരാജ്യങ്ങളും പ്രബലശക്തികളുമായ യുഎസും ചൈനയും നേ‍ർക്കുനേർ ഏറ്റുമുട്ടിയാൽ യുദ്ധം അത്യന്തം വിനാശകരമായ അവസ്ഥയിലേക്കു മാറുമെന്ന് സമൂഹമാധ്യമങ്ങളിൽ പലരും കമന്റുകൾ ചെയ്തിരുന്നു.

 

നാൻസിയുടെ വരവ് യാതൊരു സൈനിക നടപടിയിലേക്കും നീങ്ങിയില്ല. എന്നാൽ ഏറെ നാളായി ചൈന പയറ്റുന്ന പരോക്ഷ പ്രതിരോധ യുദ്ധനയം തയ്‌വാനു മേൽ വീണ്ടും പ്രയോഗിച്ചെന്നും തയ്‌വാനെ സമ്മർദ്ദത്തിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

തയ്‌വാനെ വളയുന്ന മട്ടിൽ ചൈനീസ് കപ്പലുകൾ പുറപ്പെട്ടു. ചൈന അടുത്ത കാലത്ത് നടത്തുന്ന ഏറ്റവും വലിയ നാവിക അഭ്യാസത്തിനായായിരുന്നു ഇത്. നാവികമായി തയ്‌വാനെ പ്രതിരോധത്തിലാക്കാനാണ് ചൈന ഈ നാവികാഭ്യാസം ഉപയോഗിക്കുന്നതെന്ന് ആരോപണമുണ്ട്. 

 

മിസൈലുകളും അവർ പരിശീലനത്തിന്റെ ഭാഗമായി തൊടുത്തു. സമുദ്രാതിർത്തി കടന്ന് ചൈനീസ് യാനങ്ങൾ പ്രവേശിച്ചാൽ വെടിവയ്ക്കുകയല്ലാതെ തങ്ങൾക്ക് വേറെ മാർഗമില്ലെന്നും ആക്രമിക്കുമെന്നും തയ്‌വാൻ വ്യക്തമാക്കിയിട്ടുണ്ട്. ചൈന തയ്‌വാനിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങൾക്ക് ഉപരോധമേർപ്പെടുത്തി സാമ്പത്തിക സമ്മർദ്ദ തന്ത്രവും തയ്‌വാനുമേൽ പരീക്ഷിച്ചിട്ടുണ്ട്. വിപുലമായ തങ്ങളുടെ ഹാക്കിങ് വൃത്തത്തെയുപയോഗിച്ച് തയ്‌വാനിൽ ചൈന വൻതോതിൽ സൈബർ അറ്റാക്ക് നടത്തിയെന്നും ആരോപണം ഉയരുന്നു.

 

തയ്‌വാന്റെ അധീനതയിലുള്ള ഏതെങ്കിലും ചെറുദ്വീപുകൾ പിടിക്കാൻ ചൈന ഒരുങ്ങുമോയെന്നതാണ് ഇപ്പോൾ രാജ്യാന്തര പ്രതിരോധവിദഗ്ധർ ഉറ്റുനോക്കുന്ന സംഗതി. മുൻപ് കിൻമെൻ ദ്വീപുകൾ പോലെയുള്ള ത‌യ്‌വാന്റെ പ്രദേശങ്ങളിൽ ചൈന ബോംബിങ് നടത്തിയിട്ടുണ്ട്. എന്നാൽ തയ്‌വാൻ നിയന്ത്രിത ഭൂമിയിൽ ഏതെങ്കിലും ആക്രമണങ്ങൾ നടത്തുന്നത് അധിനിവേശമായി തങ്ങൾ കണക്കാക്കുമെന്ന യുഎസ് നിലപാട് നിലനിൽക്കുന്നുണ്ട്.

 

English Summary: Pelosi's Taiwan trip leaves Asian countries nervously awaiting China's response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com