ADVERTISEMENT

ഇന്ന് ഹിരോഷിമാ ദിനം. 77 വർഷം മുൻപ് ഇതേ ദിനത്തിലാണ് ജപ്പാനിലെ ഹിരോഷിമാ നഗരത്തിൽ ആദ്യ അണുബോംബ് വീണത്. പിന്നീട് 3 ദിനങ്ങൾക്കു ശേഷം നാഗസാക്കിയിലും അണുബോംബ് വർഷിക്കപ്പെട്ടു. ഒരു മനുഷ്യ നിർമിത ആയുധത്തിന് എത്രത്തോളം പ്രഹരശേഷി കൈവരിക്കാനാകുമെന്ന് ലോകം മനസ്സിലാക്കിയ ദിനങ്ങളായിരുന്നുവത്. ഇനിയൊരിക്കലും ഹിരോഷിമകളും നാഗസാക്കികളും ലോകത്ത് ആവർത്തിക്കാതിരിക്കട്ടെയെന്ന് സമാധാനകാംക്ഷികൾ ലോകത്ത് ആവശ്യമുയർത്തുന്നു.

 

യുഎസിന്റെ അണുബോംബ് വികസനം മുതൽ ജപ്പാനിൽ അതിന്റെ വർഷിക്കൽ വരെയുള്ള സംഭവങ്ങളിൽ വളരെ പ്രശസ്തരായ വ്യക്തികളും ഏടുകളും ധാരാളമുണ്ട്. അക്കൂട്ടത്തിലൊന്നാണ് ഇനോള ഗേ. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ (കുപ്രസിദ്ധവും) യുദ്ധവിമാനമാണ് ഇനോള ഗേ. യുഎസ് എയർഫോഴ്‌സിന്റെ ബി-29 ബോംബർ യുദ്ധവിമാനങ്ങളിലൊന്നായ ഇനോള ഗേയാണ് ഹിരോഷിമയെ നാശക്കൂമ്പാരമാക്കിയ അണുബോംബുമായ ലിറ്റിൽ ബോയിയുമായി ജപ്പാനിലേക്കു പറന്നത്. പിന്നീട് നാഗസാക്കിയിൽ ബോംബ് വർഷിച്ചത് ബോക്‌സ്‌കാർ എന്ന ബി29 വിമാനമാണെങ്കിലും ഇനോള ഗേ ഈ ദൗത്യത്തിലും കാലാവസ്ഥാ നീരീക്ഷണ വിമാനമെന്ന നിലയിൽ പ്രവർത്തിച്ചു.

 

പ്രശസ്ത വിമാനനിർമാണ കമ്പനിയായ ബോയിങ്ങാണ് ഇനോള ഗേ ഉൾപ്പെടുന്ന ബി29 വിമാനങ്ങൾ രൂപകൽപന ചെയ്തതും നിർമിച്ചതും. ഉയരത്തിൽ നിന്നും താഴ്ചയിൽ നിന്നും ബോംബ് വർഷിക്കാനും മൈനുകൾ വിതറാനും ശേഷിയുള്ള സൂപ്പർഫോർട്രസ് ഗണത്തിൽപെടുന്ന വിമാനമായിരുന്നു ഇത്.

 

യുഎസ് എയർഫോഴ്‌സിന്‌റെ 509 കോംപസിറ്റ് ഗ്രൂപ്പിന്‌റെ കമാൻഡറായിരുന്ന കേണൽ പോൾ ഡബ്ല്യു ടിബ്ബെറ്റ്‌സ് ജൂനിയർ ഈ വിമാനം സ്വന്തം വിമാനമെന്ന നിലയിൽ തിരഞ്ഞെടുക്കുകയായിരുന്നു. 509 കോംപസിറ്റ് ഗ്രൂപ്പിനായിരുന്നു ഹിരോഷിമ, നാഗസാക്കി സ്‌ഫോടനങ്ങൾ നടത്താനുള്ള ചുമതല.

 

1945 ഓഗസ്റ്റ് അഞ്ചിന് ബി29 ബോംബറിന്റെ കമാൻഡ് കേണൽ ടിബ്ബെറ്റ്‌സ് ഏറ്റെടുത്തു. ഇനോള ഗേ ടിബ്ബറ്റ്‌സ് എന്നത് കേണൽ ടിബ്ബെറ്റ്‌സിന്റെ അമ്മയുടെ പേരായിരുന്നു. ഈ പേര് ടിബ്ബെറ്റ്‌സ് വിമാനത്തിനും നൽകി. അങ്ങനെയാണ് ഇനോള ഗേ എന്ന പേരിൽ ഈ ബി29 വിമാനം അറിയപ്പെട്ടത്. പേരു നൽകിയതിനു പുറമേ ആ പേര് ഒരു പെയിന്റിങ് തൊഴിലാളിയെക്കൊണ്ട് വിമാനത്തിൽ ആ പേര് എഴുതിവയ്പിക്കുകയും ചെയ്തു ടിബ്ബെറ്റ്‌സ്.

 

ഓഗസ്റ്റ് ആറിന് യുഎസിന്റെ നിയന്ത്രണത്തിലുള്ള പസിഫിക് ദ്വീപുകളായ നോർത്തേൺ മരിയാന ദ്വീപുകളിൽ നിന്ന് ഇനോള ഗേ പറന്നുയർന്ന്. അകമ്പടിയായി രണ്ട് ബി-29 വിമാനങ്ങൾ കൂടിയുണ്ടായിരുന്നു. ജപ്പാന്റെ ഐവോ ജിമ ദ്വീപുകളിലെത്തിയ ശേഷം പ്രധാനദ്വീപുകൾ ലക്ഷ്യം വച്ച് ഇനോള ഗേയും മറ്റ് രണ്ട് വിമാനങ്ങളും പറന്നു. ടിബ്ബെറ്റ്‌സിനെ കൂടാതെ വിമാനത്തിനുള്ളിലുണ്ടായിരുന്ന ക്യാപ്റ്റൻ വില്യം ഡീക്കും മോറിസ് ജെപ്‌സണും അണുബോംബിനെ വിമാനത്തിനുള്ളിൽ വച്ചു സജീവമാക്കി.

 

രാവിലെ എട്ടേകാലോടെ ഹിരോഷിമയ്ക്കു മുകളിലെത്തിയ വിമാനത്തിൽ നിന്നു ലിറ്റിൽ ബോയ് ബോംബ് പുറന്തള്ളപ്പെട്ടു. ഭൗമനിരപ്പിൽ നിന്ന് 9.47 കിലോമീറ്റർ പൊക്കത്തിലായിരുന്നു അപ്പോൾ വിമാനം. വെറും 53 സെക്കൻഡുകൾക്കുള്ളിൽ ലിറ്റിൽബോയ് സർവനാശമൊരുക്കാനായി ഹിരോഷിമയിലേക്ക് ഊളിയിട്ടിറങ്ങി. ഈ സമയം കൊണ്ട് ഇനോള ഗേ 18.5 കിലോമീറ്റർ അകലത്തേക്കു യാത്ര നടത്തിക്കഴിഞ്ഞിരുന്നു. ഹിരോഷിമയിലുണ്ടായ സ്‌ഫോടനത്തിന്റെ ഷോക്ക്തിരകൾ വിമാനത്തിൽ എന്നിട്ടും വന്നടിച്ചു. എന്നാൽ ഇനോള ഗേയ്ക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല.

 

ദൗത്യം നിർവഹിച്ച ശേഷം മണിക്കൂറുകൾക്കുള്ളിൽ നോർത്തേൺ മരിയാന ദ്വീപിലെ ടിനിയൻ എയർബേസിലേക്ക് ഇനോള ഗേ തിരിച്ചെത്തി. വിമാനത്തിന്റെ ചിത്രങ്ങളെടുക്കാൻ വൻ മാധ്യമസംഘം അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വിമാനം പറപ്പിച്ച കേണൽ ടിബ്ബെറ്റ്‌സിന് ഉടൻ തന്നെ സവിശേഷ സേവനത്തിനുള്ള മെഡൽ നൽകപ്പെട്ടു.

 

യുദ്ധത്തിനു ശേഷം ഇനോള ഗേ തിരിച്ച് യുഎസിലെത്തി. ചില്ലറ ദൗത്യങ്ങളിലൊക്കെ ഭാഗഭാക്കായ വിമാനത്തിനെ കുറച്ചുവർഷങ്ങൾക്കുള്ളിൽ സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റിയൂഷനു കൈമാറി. നിലവിൽ നാഷനൽ എയർ ആൻഡ് സ്‌പേസ് മ്യൂസിയത്തിന്റെ പ്രദർശന ശാലയിലാണ് ഈ വിമാനമുള്ളത്. ഇനോള ഗേ ഒരു ഭീകരസംഭവത്തിനു തിരികൊളുത്തിയ വിമാനമാണെന്നും അതിനാൽ തന്നെ അതു പ്രദർശിപ്പിക്കരുതെന്നും യുദ്ധ- ആണവ വിരുദ്ധ പ്രവർത്തകർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്.

 

English Summary: What Happened to the Enola Gay After Hiroshima?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT