റഷ്യക്കെതിരായ യുക്രെയ്‌ന്റെ പോരാട്ടത്തില്‍ അമേരിക്ക നല്‍കിയ മിസൈലുകള്‍ നിര്‍ണായകമാവുന്നു. അമേരിക്കയുടെ ആന്റി റേഡിയേഷന്‍ മിസൈലുകളുടെ സഹായത്തോടെ റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം പലതവണ തകര്‍ത്ത് മുന്നേറാന്‍ യുക്രെയ്‌നായി. ഇത് റഷ്യക്ക് അപ്രതീക്ഷിത തിരിച്ചടികള്‍ നല്‍കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുക്രെയ്ന്‍ വ്യോമസേന അമേരിക്കയുടെ ആന്റി റേഡിയേഷന്‍ മിസൈലുകള്‍ ഉപയോഗിക്കുന്നുവെന്ന് ജ്യൂസ് എന്ന രഹസ്യ പേരില്‍ അറിയപ്പെടുന്ന യുക്രെയ്ന്‍ പൈലറ്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഡിഫന്‍സ് അണ്ടര്‍ സെക്രട്ടറി കോളിന്‍ കാള്‍ തന്നെ ഈ മിസൈലുകള്‍ യുക്രെയ്‌ന് നല്‍കിയ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രെയ്‌ന്റെ കൈവശമുള്ള ഏറ്റവും ആധുനിക ആയുധങ്ങളിലൊന്നാണിത്.
അതേസമയം, എത്ര ആന്റി റേഡിയേഷന്‍ മിസൈലുകള്‍ അമേരിക്ക യുക്രെയ്‌ന് നല്‍കിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എജിഎം 88 ഹൈ സ്പീഡ് ആന്റി റേഡിയേഷന്‍ മിസൈലുകളാണ് അമേരിക്ക നല്‍കിയതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. 30 മൈല്‍ അകലെ നിന്നു പോലും വ്യോമ പ്രതിരോധ സംവിധാനത്തെ കബളിപ്പിച്ചുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിവുണ്ട് ഈ മിസൈലുകള്‍ക്ക്.
റഷ്യയുടെ അഞ്ച് വിമാനവേധ ആയുധ സംവിധാനം, നാല് എസ്–300 ദീര്‍ഘദൂര കരയില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന മിസൈല്‍ സംവിധാനം, പാന്റ്‌സിര്‍ എസ്1 മിസൈല്‍ സംവിധാനം എന്നിവ യുക്രെയ്ന്‍ തകര്‍ത്തതിന് പിന്നില്‍ അമേരിക്കന്‍ മിസൈലാണെന്നാണ് കരുതപ്പെടുന്നത്. കീവ് പോസ്റ്റാണ് ഈ വിവരം റിപ്പോര്‍ട്ടു ചെയ്തത്.
റഷ്യയെ നേരിടാന്‍ കൂടുതല്‍ രാജ്യാന്തര സഹായം അഭ്യര്‍ഥിച്ച് പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തിയിട്ടുണ്ട്. ശൈത്യകാലം അവസാനിക്കും മുൻപ് റഷ്യന്‍ സൈന്യത്തിന്റെ യുക്രെയ്‌നിലേക്കുള്ള അവശ്യ സാധന ആയുധ വിതരണ ശൃംഖല തകര്‍ക്കുക യുക്രെയ്‌നെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇപ്പോള്‍ തന്നെ അമേരിക്കന്‍ നിര്‍മിത ഹൈ മൊബിലിറ്റി റോക്കറ്റ് സംവിധാനങ്ങളും റോക്കറ്റ് സിസ്റ്റങ്ങളും ഉപയോഗിച്ച് റഷ്യന്‍ സേനയുടെ അവശ്യ സാധന വിതരണ സംവിധാനം പലയിടത്തും തകര്‍ക്കാന്‍ യുക്രെയ്‌ന് സാധിച്ചിട്ടുണ്ട്.
അമേരിക്കയുടെ എഫ് 15, എഫ് 16 പോര്‍വിമാനങ്ങള്‍ യുക്രെയ്‌ന് നല്‍കണമെന്നത് അവരുടെ വളരെക്കാലമായ ആവശ്യമാണ്. ഇതും നിര്‍ണായകഘട്ടത്തില്‍ അമേരിക്ക പരിഗണിച്ചേക്കാം. യുക്രെയ്ന്‍ വ്യോമസേനക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ആധുനിക പോര്‍വിമാനങ്ങള്‍ പറത്താന്‍ വേണ്ട പരിശീലനം നല്‍കുമെന്നും അമേരിക്ക അറിയിച്ചിരുന്നു. ഇത് പോര്‍വിമാനങ്ങള്‍ യുക്രെയ്‌ന് കൈമാറുന്നതിന്റെ സൂചനയാണെന്നും കരുതാവുന്നതാണ്.
English Summary: US missiles credited as key in Ukraine fight with Russia