ADVERTISEMENT

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വധിക്കാൻ കഴിഞ്ഞ ദിവസം ശ്രമം നടന്നതായുള്ള ‘യൂറോ വീക്ക‍്‍ലി’ റിപ്പോർട്ട് തരംഗമായി. പ്രസിഡന്റ് പുട്ടിൻ തന്റെ ഔദ്യോഗിക വസതിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അദ്ദേഹം സഞ്ചരിച്ചിരുന്ന ആഡംബര കാറിന്റെ മുൻവശത്തെ ഇടതു ടയറിനു വെടിയേറ്റെന്നാണ് റിപ്പോർട്ട് പറയുന്നത്. അവിടെനിന്ന് പുക ഉയരുന്നതുകണ്ട് വേഗം കാര‍് ഓടിച്ചുമാറ്റി പുട്ടിനെ രക്ഷപ്പെടുത്തിയെന്നാണു റിപ്പോർട്ട്. എന്നാൽ, സംഭവം എപ്പോൾ നടന്നുവെന്നും എവിടെ നടന്നുവെന്നും പറയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

 

5 തവണ തനിക്കെതിരെ വധശ്രമം നടന്നതായി  പുട്ടിൻ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതു കൂടിയാകുമ്പോൾ ഇത് ആറാം തവണയാകും പുട്ടിനെതിരെ വധശ്രമം നടക്കുന്നത്.

യുക്രെയ്ൻ– റഷ്യ യുദ്ധം കൊടുമ്പിരി കൊണ്ട മേയ് മാസത്തിൽ, യുക്രെയ്ൻ സൈനിക ഇന്റലിജൻസ് മേധാവിയായ കിറിലോ ബുഡാനോവ് പുട്ടിനെതിരെ ഒരു വധശ്രമം നടന്നതായി തനിക്ക് വിവരം ലഭിച്ചെന്ന് പ്രസ്താവിച്ചിരുന്നു. എന്നാൽ എവിടെയാണിത് നടന്നതെന്നോ ആരായിരുന്നു ഇതിന്റെ പിന്നിലെന്നോ തുടങ്ങിയ കാര്യങ്ങളിൽ യാതൊരു വിവരങ്ങളും സ്ഥിരീകരണങ്ങളും ലഭിച്ചില്ല.

 

2002 പുട്ടിനെ സംബന്ധിച്ച് കലുഷിതമായ കാലഘട്ടമായിരുന്നു. അധികാരത്തിലേറി അധികനാളായിട്ടില്ല. സർക്കാരിന്റെയും സൈന്യത്തിന്റെയും മേൽ ഇന്നുള്ളത്ര നിയന്ത്രണവും സ്വാധീനവുമില്ല. വ്ലാഡിമിർ പുട്ടിന് ഏറ്റവും വലിയ തലവേദനയുയർത്തിയത് റഷ്യയുടെ കോക്കസസിനു സമീപമുള്ള മേഖലയായ ചെച്നിയയിൽ ഉയർന്ന വിഘടനവാദമാണ്.

2002ൽ പുട്ടിൻ അയൽരാജ്യമായ അസർബൈജാൻ സന്ദർശിച്ചു. ഇതിനിടെ അസർബൈജാനിൽ ഒരു ഇറാഖ് പൗരനെ അറസ്റ്റ് ചെയ്തു. പുട്ടിനെ വധിക്കാനായാണ് താൻ എത്തിയതെന്ന് ഇറാഖുകാരൻ സമ്മതിച്ചു. ചെച്നിയയിലെ വിഘടനവാദ സംഘടനകളോട് ബന്ധമുള്ളയാളായിരുന്നു ഇയാൾ. പുട്ടിനെ ബോംബെറിഞ്ഞു കൊല്ലാനായിരുന്നു പ്ലാൻ.

അതേവർഷം നവംബറിൽ റഷ്യയിൽ വച്ച് പുട്ടിൻ സന്ദർശിക്കുന്ന റോഡിൽ ബോംബ് വയ്ക്കാൻ ശ്രമം നടന്നു. റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നവരെന്ന വ്യാജേന എത്തിയവരാണ് ബോംബ് വച്ചത്. എന്നാൽ അധികാരികൾക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് ഇത് എടുത്തുമാറ്റപ്പെട്ടു.

 

2003ൽ പുട്ടിനെതിരെ വധശ്രമത്തിനു പദ്ധതിയിട്ടതിന് രണ്ട് പേരെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2012ൽ റഷ്യൻ സ്പെഷൽ ഫോഴ്സസ് ആഡം ഒസ്മയേവ് എന്നയാളെ യുക്രെയ്നിയൻ തീരമായ ഒഡേസയിലെ തുറമുഖത്തുവച്ചു പിടിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം പുട്ടിനെ വധിക്കാൻ താൻ പദ്ധതിയിട്ടതായി ഒസ്മയേവ് സമ്മതിച്ചു.

 

English Summary: Russian President Vladimir Putin's car 'attacked in assassination attempt', says report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com