Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ ഹോം സ്മാർട് സ്പീക്കർ ഇന്ത്യയിൽ, ജിയോ വരിക്കാർക്ക് 200GB ഡേറ്റ ഫ്രീ!

jiofi-free

ഗൂഗിളിന്റെ സ്മാര്‍ട് സ്പീക്കര്‍ മോഡലുകളായ ഗൂഗിള്‍ ഹോം, ഹോം മിനി സ്മാര്‍ട് സ്പീക്കറുകള്‍ക്ക് ഇന്ത്യയില്‍ വൻ ജനപ്രീതി. ജിയോ ഓഫറുകൾക്കൊപ്പമാണ് ഗൂഗിൾ ഹോം സ്മാർട് സ്പീക്കർ വിൽക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് വിൽക്കുന്നത്. ഗൂഗിൾ ഹോം സ്മാർട് സ്പീക്കറിലെ ഫീച്ചറുകൾ പരിചയപ്പെടാം:

സ്മാര്‍ട് സ്പീക്കര്‍ രംഗം ഉണര്‍ന്നു വരുന്നതെയുള്ളു, പ്രത്യേകിച്ചും ഇന്ത്യയില്‍. ആമസോണ്‍ എക്കോ ആയിരുന്നു സ്മാര്‍ട് സ്പീക്കറുകളെ പ്രിയങ്കരമാക്കിയത്. എന്നാല്‍ ആമസോണിന്റെ കുതിപ്പിനു ശേഷം ആപ്പിളും ഗൂഗിളും എന്തിനു നമ്മുടെ ഫെയ്‌സ്ബുക്കും ഉൾപ്പടെ സ്മാര്‍ട് സ്പീക്കര്‍ നിര്‍മാണത്തിലേക്കു തിരിഞ്ഞു. ആമസോണ്‍ എക്കോ അമേരിക്കയിലും മറ്റും അത്രയധികം ജനപ്രീതി നേടിയിരുന്നു എന്നതാണ് വമ്പന്‍ കമ്പനികളെ ഈ വഴിക്കു തിരിയാന്‍ പ്രേരിപ്പിച്ചത്. 

സത്യത്തില്‍ എന്താണ് സാധാരണ സ്പീക്കറും സ്മാര്‍ട് സ്പീക്കറും തമ്മിലുള്ള വ്യത്യാസം?  

സ്മാര്‍ട് സ്പീക്കറുകളില്‍ ഓരോ കമ്പനിയുടെയും പേഴ്‌സണല്‍ അസിസ്റ്റന്റുകളെ കുടിയിരുത്തിയിരിക്കുന്നു എന്നതാണ് പ്രത്യേകത. ആമസോണ്‍ എക്കോയില്‍ അലക്‌സയും ഗൂഗിള്‍ ഹോമില്‍ ഗൂഗിളും ആപ്പിള്‍ ഹോം പോഡില്‍ സിറിയും തുടങ്ങി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്‍ബലമുള്ള ഓരോ അസിസ്റ്റന്റുമാരാണ് ഇവയെ നിയന്ത്രിക്കുന്നത്. വോയ്സ് കമാന്‍ഡുകളിലൂടെ ഉപയോക്താക്കള്‍ക്ക് ഇവയെ നിയന്ത്രിക്കാം. 

ഐഒഎസ് 9.1നു മുകളിലുള്ള ഉപകരണങ്ങള്‍ ഈ സ്പീക്കറുകള്‍ സപ്പോര്‍ട്ടു ചെയ്യുന്നു. ആന്‍ഡ്രോയിഡ് 5.0നു മുകളിലേക്കുള്ള വേര്‍ഷനുകളെയും സപ്പോര്‍ട്ടു ചെയ്യും. മുകളില്‍ പറഞ്ഞതു പോലെ ഇവ വോയ്‌സ്-എനേബിൾഡ് സ്പീക്കറായതിനാല്‍ ഇവ പൂര്‍ണ്ണമായും ഗൂഗിള്‍ അസിസ്റ്റന്റിനെ ആശ്രയിക്കുന്നു. 'Hey Google' അല്ലെങ്കില്‍ 'Ok Google'' എന്നു പറഞ്ഞ ശേഷം ഉപയോക്താവിന് വേണ്ടകാര്യങ്ങള്‍ ആജ്ഞാപിക്കാവുന്നതാണ്.

ഗൂഗിള്‍ ഹോമിന് ബാറ്ററിയില്ല. ഇതിനാല്‍ പവര്‍ സോക്കറ്റുമായി എപ്പോഴും ബന്ധിപ്പിച്ചുവയ്ക്കണം. ഈ രീതിയിലല്ലാതെ ഗൂഗിള്‍ ഹോം പ്രവര്‍ത്തിക്കില്ല. കൂടാതെ വൈ-ഫൈ കണക്ടിവിറ്റിയും ആവശ്യമാണ്. സ്മാര്‍ട് ബള്‍ബുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ ഗൂഗിള്‍ ഹോമുമായി കണക്ടു ചെയ്തിട്ടുണ്ടെങ്കില്‍, 'ഓക്കെ ഗൂഗിള്‍, സ്വിച് ഓണ്‍ ദി ലൈറ്റ്' എന്ന് ആജ്ഞാപിച്ചാല്‍ സ്പീക്കര്‍ സ്മാര്‍ട് ബള്‍ബ് ഓണ്‍ ചെയ്യും. 

യാത്ര പോകാനിരിക്കുകയാണെങ്കില്‍ പ്രധാന നഗരങ്ങളിലെയും മറ്റും ട്രാഫിക് ഇപ്പോള്‍ എങ്ങനെയാണെന്നു ചോദിക്കാം. ഗൂഗള്‍ പ്ലെ, ഗാനാ തുടങ്ങിയ സോഴ്‌സുകളിലുള്ള പാട്ടുകള്‍ ആവശ്യപ്പെടാം. രണ്ടു തമാശ പറയൂ എന്നു പറയാം. ഗൂഗിള്‍ സേര്‍ച്ചുകള്‍ നടത്താം.

ഷോപ്പിങ്ങിനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കാം. ഗൂഗിള്‍ ഹോം ആപ്പിലൂടെ ഇവ ട്രാക്കു ചെയ്യാം. കാലാവസ്ഥ എങ്ങനെയാണെന്നു ചോദിക്കാം. ക്രോംകാസ്റ്റ് തുടങ്ങിയ ഉപകരണങ്ങള്‍ ഗൂഗിള്‍ ഹോമുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അവയെ വോയ്‌സ് കമാന്‍ഡിലൂടെ നിയന്ത്രിക്കാം. വോളിയം വരെ നിയന്ത്രിക്കാം. ക്രോംകാസ്റ്റിലൂടെയും മറ്റും യുട്യൂബ് വിഡിയോകളും കാണാം. കൂടാതെ പല സോഴ്‌സുകളില്‍ നിന്നുമുള്ള വാര്‍ത്തകള്‍ കേള്‍പ്പിക്കാന്‍ പറയാം. സിനിമയെ കുറിച്ചോ കളികളെ കുറിച്ചോ ഉള്ള വാര്‍ത്തകള്‍ കേള്‍പ്പിക്കാനും പറയാം. അലാമുകളും മറ്റും സെറ്റു ചെയ്യാം. 

ഇനി ഇവ ഗൂഗിള്‍ ഹോമിന്റെ മാത്രം ഫീച്ചറുകളാണോ എന്നു ചോദിച്ചാല്‍ അല്ലേ അല്ല. ഇവയൊക്കെ മറ്റു സ്മാര്‍ട് സ്പീക്കറുകളും ചെയ്യുമെന്നു പറയാം. ആമസോണ്‍ എക്കോ ബ്രാന്‍ഡിലുള്ള രണ്ടു സ്പീക്കറുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. ആമസോണ്‍ എക്കോയ്ക്ക് 9,999 രൂപയാണു വില. അതേ വിലയാണ് ഗൂഗിള്‍ ഹോമിനും. ആമസോണ്‍ എക്കോ ഡോട്ടിന് 4,499 രൂപയാണു വില. അതു തന്നെയാണ് ഗൂഗിള്‍ ഹോം മിനിയുടെയും വില.

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഗൂഗിള്‍ ഹോം മിനി ഇവയില്‍ ഏതെങ്കിലും വാങ്ങുന്നവര്‍ക്ക് ജിയോഫൈ റൗട്ടര്‍ ഫ്രീയായി കിട്ടും. എന്നാല്‍ റിലയന്‍സ് ഔട്ടലെറ്റുകളില്‍  നിന്ന് ഗൂഗിള്‍ സ്പീക്കറുകള്‍ വാങ്ങിയാല്‍ റൗട്ടറിനൊപ്പം ഫ്രീ 4G ഡേറ്റയും ഉണ്ട്. പ്രൈം മെമ്പര്‍ഷിപ്പും എടുത്താല്‍ 200GB ഡേറ്റ വരെ ലഭിക്കും.

സ്മാര്‍ട് സ്പീക്കറുകള്‍ നിങ്ങള്‍ക്കു വേണോ? 

ഇന്ത്യക്കാരുടെ ഉച്ചാരണരീതി എത്രമാത്രം സ്മാര്‍ട് സ്പീക്കറുകള്‍ മനസിലാക്കുമെന്ന കാര്യം തീര്‍ച്ചയായും പരിഗണിക്കണം. പിന്നീടുള്ള മറ്റൊരു പ്രധാന കാര്യം സ്വകാര്യതയാണ്. എപ്പോഴും ഓണ്‍ ചെയ്തിരിക്കുന്ന ഇത്തരം സ്പീക്കറുകള്‍ വീട്ടിലെ സംഭാഷണം വരെ ചോര്‍ത്തുമെന്ന ആരോപണമുണ്ട്. എന്നാല്‍, സ്വകാര്യതയെ കുറിച്ച് നിങ്ങള്‍ 'ഒരു ചുക്കും' പേടിക്കുന്നില്ല എങ്കില്‍ ഇത്തരം സ്പീക്കറുകള്‍ വാങ്ങുന്ന കാര്യം പരിഗണിക്കാം. സ്വകാര്യതയെ കുറിച്ച് പേടിയുണ്ട്, എന്നാല്‍ സ്മാര്‍ട് സ്പീക്കര്‍ വാങ്ങാന്‍ ആഗ്രഹവും ഉണ്ടെങ്കില്‍ ഒരു പക്ഷേ, ആപ്പിള്‍ ഹോംപോഡ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതു വരെ കാത്തിരിക്കുന്നതായിരിക്കും നല്ലത്. 

ഗൂഗിള്‍ ഹോം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം മുഴുവന്‍ ആമസോണ്‍ എക്കോ സ്പീക്കറുകള്‍ക്കും വിലക്കുറവു നല്‍കുന്നുണ്ട്. ഇവ ആമസോണില്‍ മാത്രമായിരിക്കും ലഭിക്കുക.