Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദമ്പതികളുടെ സ്വകാര്യ സംഭാഷണം അലക്സ ചോർത്തി

amazon-echo-alexa

ആമസോണിന്റെ ഡിജിറ്റല്‍ അസിസ്റ്റന്റ് അലക്സ വ്യക്തികളുടെ സ്വകാര്യ സംസാരം ചോർത്തി മറ്റൊരാൾ അയച്ചു നൽകിയെന്ന് റിപ്പോർട്ട്. നേരത്തെ തന്നെ നിരവധി വിവാദങ്ങളില്‍ കുടുങ്ങിയിട്ടുള്ള ആമസോൺ അലക്സ ദമ്പതികളുടെ ബെഡ്റൂം സംസാരം രഹസ്യമായി ചോർത്തി മറ്റൊരാൾക്ക് അയച്ചുകൊടുത്തു. സംഭവം ഓൺലൈനില്‍ വൻ ചർച്ചയായിട്ടുണ്ട്.

യുഎസിലെ ഒറീഗണിലെ പോര്‍ട്ട്ലാന്റ് സ്വദേശികളാണ് ആമസോണ്‍ അലക്സയ്ക്കെതിരെ ആരോപണം ഉന്നിയിച്ചിരിക്കുന്നത്. ഹോം ഡിവൈസുകൾ പ്രവര്‍ത്തിപ്പിക്കാൻ ആമസോണ്‍ അലക്സ സ്പീക്കര്‍ ബെഡ്റൂമിൽ  സ്ഥാപിച്ചിരുന്നു. ഇതാണ് പ്രശ്നമായത്. ഇവർ സംസാരിക്കുന്നതെല്ലാം റെക്കോഡ് ചെയ്ത് ഇവരുടെ കൊണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവർക്ക് അയക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ കൂടെ ജോലി ചെയ്യുന്ന വ്യക്തിക്കാണ് റെക്കോർഡ് ചെയ്ത വോയ്സ് ഫയൽ കൈമാറിയത്. അദ്ദേഹം സംഭവം ഉടനെ ദമ്പതികളെ അറിയിക്കുകയായിരുന്നു. തെറ്റു സംഭവിച്ചതായി ആമസോണും സ്ഥിരീകരിച്ചു. എന്നാൽ അലക്സ ചാരപ്പണി നടത്തുന്നില്ലെന്നും ആമസോൺ വ്യക്തമാക്കി.