Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്യുഗ്രൻ മാക്ബുക്ക് പ്രോ മോഡലുകള്‍ പുറത്തിറങ്ങി, വിലയോ?

Macbook-Pro-2018

കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഏറ്റവും പുതിയ 13-ഇഞ്ച്, 15-ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള മാക്ബുക്ക് പ്രോ മോഡലുകളാണ് ഇതുവരെ ഇറങ്ങിയിരിക്കുന്ന മാക്ബുക്കുകളില്‍ ഏറ്റവും ആധുനികമെന്ന് ആപ്പിള്‍ പറഞ്ഞു. എട്ടാം തലമുറിയിലെ ഇന്റല്‍ കോര്‍ പ്രൊസസറുകളിൽ ഇറങ്ങിയ ഇവ വേഗത്തില്‍ കേമന്മാരായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ആറു കോർ പ്രോസസറുള്ള 15-ഇഞ്ച് മോഡല്‍, അതിന്റെ മുന്‍ തലമുറയിലെ മാക്ബുക്ക് പ്രോയെക്കാള്‍ 70 ശതമാനം ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു എന്നാണ് ആപ്പിളിന്റെ ആവകാശവാദം. 13-ഇഞ്ച് മോഡലാകട്ടെ 4-കോറുളള പ്രൊസസറുമായാണ് എത്തുന്നത്. ഇപ്പോള്‍ വിപണിയിലുള്ള 13-ഇഞ്ച് മാക്ബുക്ക് പ്രോയെക്കാള്‍ 50 ശതമാനം വരെ സ്പീഡ് ഇതിനു കൂടുതലുണ്ടത്രെ.

15-ഇഞ്ചിന്റെ റാം 32-ജിബി ആയിരിക്കും. 4TB വരെയുള്ള SSD ആയിരിക്കും ഇതു സ്വീകരിക്കുക. 13-ഇഞ്ച് മോഡലിന്റെ ഇന്റേണല്‍ ഡ്രൈവിന്റെ കപ്പാസിറ്റി പരമാവധി 2TB SSD ആയിരിക്കും. രണ്ടു മോഡലുകള്‍ക്കും 500-നിറ്റ് (500-nit) റെറ്റിനാ സ്‌ക്രീന്‍ ആണ് നല്‍കിയിരിക്കുന്നത്. ഇതും മുൻപൊരു മോഡലിനും കിട്ടാത്ത അത്ര നല്ല തെളിമയും കാഴ്ചാ സുഖവും നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇവയ്ക്ക് P3 വൈഡ് ഗമുട്ട് കളര്‍ സ്‌പെയ്‌സ് (P3 wide gamut color space) ആണുള്ളത്. ഫോട്ടോ, വിഡിയോ എഡിറ്റര്‍മാര്‍ക്കു ഏറെ ഉപകാരപ്രദമായിരിക്കും ഇവ.

ഈ മോഡലുകളുടെ വില:

13-ഇഞ്ച് തുടക്ക മോഡല്‍- 1799 ഡോളർ

15-ഇഞ്ച് തുടക്ക മോഡല്‍- 2399 ഡോളർ

മാക്ബുക്ക് മോഡലുകള്‍ക്ക് ബ്ലാക്മാജിക് എക്‌സ്‌റ്റേണല്‍ ഗ്രാഫിക്‌സ് പ്രൊസസര്‍

ലാപ്‌ടോപ്പുകള്‍ കൊണ്ടു നടക്കുന്നത് എളുപ്പമാണ്. എന്നാല്‍ വളരെ പ്രൊസസിങ് ശേഷി വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍, അവയുടെ പ്രകടനം ഡെസ്‌ക്ടോപ് കംപ്യൂട്ടറുകളുടേതിന് അടുത്തു വരാറില്ല. അതിനും ഒരു പരിഹാരം വരുന്നു. സുപ്രശസ്ത കമ്പനിയായ ബ്ലാക്മാജിക് (Blackmagic) ആപ്പിളുമൊത്ത് ഒരു എക്‌സ്റ്റേണല്‍ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റ് (GPU) നിര്‍മിച്ചിരിക്കുന്നു. ഇവ പുതിയ മാക്ബുക്ക് പ്രോ ലാപ്ടാപ്പുകള്‍ക്ക് 'ഡെസ്‌ക്ടോപ്പുകളുടെ കാര്യക്ഷമത' നല്‍കാന്‍ കെല്‍പ്പുള്ളവയാണെന്നു പറയുന്നു.

ബ്ലാക്മാജിക് ഇജിപിയു (Blackmagic eGPU) എന്നു വിളിക്കുന്ന ഈ യൂണിറ്റില്‍ എഎംഡി റാഡിയോണ്‍ പ്രോ 580 ( AMD Radeon Pro 580) ഗ്രാഫിക്‌സ് പ്രൊസസറും, 8-ജിബി GDDR5 ഗ്രാഫിക്‌സ് മെമ്മറിയും ഒരു HDMI 2.0 പോര്‍ട്ടും നാലു യുഎസ്ബി പോര്‍ട്ടും രണ്ടു തണ്ടര്‍ബോള്‍ട്ട് 3 പോര്‍ട്ടുമുണ്ട്. തണ്ടര്‍ബോള്‍ട്ട് 3 യിലൂടെ സെക്കന്‍ഡില്‍ 40 ജിബി കണക്‌ഷന്‍ ലഭ്യമാക്കും. ഒറ്റ കേബിളാണ് ഉപയോഗിക്കുന്നത്. അതിവേഗം മാക്ബുക്ക് പ്രോയും ഗ്രാഫിക്‌സ് പ്രൊസസറും തമ്മില്‍ ഡേറ്റാ കൈമാറ്റം നടക്കുന്നുവെന്ന് ഇത് ഉറപ്പാക്കും.

എന്നാല്‍ പ്രകടനത്തില്‍ വരുന്ന മാറ്റം മാക്ബുക്ക് പ്രോ മോഡലുകളെ ആശ്രയിച്ചിരിക്കും. 13-ഇഞ്ച് മാക്ബുക്ക് പ്രോ മോഡലിന് എട്ടിരട്ടി ശക്തി കിട്ടിയതായി റപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ 15-ഇഞ്ച് മോഡലിന് ഏകദേശം 2.8 ഇരട്ടി വേഗം വര്‍ധിച്ചതായേ കാണുന്നുള്ളു.

ഈ പ്രൊസസര്‍ ഉപയോഗിക്കണമെങ്കില്‍ മാക് ഒഎസ് 10.13.6 (macOS 10.13.6 High Sierra) അല്ലെങ്കില്‍ അതിനു ശേഷമുള്ള ഏതെങ്കിലും വേര്‍ഷന്‍ വേണം. ഇജിപിയുവിന്റെ വില 699 ഡോളറാണ്.