ചൈനയിൽ സ്മാർട് ചവറ്റുകൊട്ടയുമായി ഷവോമി

റെഡ്മി സ്മാർട്ഫോൺ ഷോമി ചൈനയിൽ പുതിയ ചവറ്റുകൊട്ട അവതരിപ്പിക്കുന്നു. കൈതൊടാതെ മാലിന്യമിടാനും നിറഞ്ഞുകഴിയുമ്പോൾ കൈതൊടാതെ തന്നെ എടുത്തുകൊണ്ടു പോകാനും കഴിയുന്ന ഈ സ്മാർട്ബിൻ അതിനുള്ളിലെ പ്ലാസ്റ്റിക് ബാഗ് നിറയുമ്പോൾ ഓട്ടമാറ്റിക്കായി അത് സീൽ ചെയ്ത് അടുത്തത് സ്വയം എടുത്തുവയ്ക്കും. 

സാധനം വാങ്ങി വീട്ടിൽ കൊണ്ടുപോയി വച്ചാൽ പിന്നെ അതിൽ തൊടുകയേ വേണ്ട. ഓരോ തവണയും മാലിന്യം ഇടാൻ ഇത് തുറക്കാൻ മിനക്കെടേണ്ട.  മാലിന്യമിടാൻ അടുത്തെത്തുമ്പോൾ തന്നെ സ്മാർട്ബിന്നിലെ പ്രോക്സിമിറ്റി സെൻസർ അതു തിരിച്ചറിഞ്ഞ് സ്വയം തുറക്കും. മാലിന്യമിട്ടു കഴിയുമ്പോൾ സ്വയം അടയുമെന്നു മാത്രമല്ല, അകത്തുനിന്നുള്ള ദുർഗന്ധം പുറത്തുവരാതെ എയർ ടൈറ്റായി സൂക്ഷിക്കുകയും ചെയ്യും. 

സ്മാർട് ബിന്നിലെ ഗാർബേജ് ബാഗ് നിറഞ്ഞു കഴിഞ്ഞാൽ അത് സീൽ ചെയ്ത് നീക്കം ചെയ്യാൻ തയാറാക്കി വയ്ക്കും. അത് എടുത്തുമാറ്റിയാൽ അപ്പോൾ തന്നെ അടുത്ത ബാഗ് ഉപയോഗത്തിനായി വയ്ക്കും. അതിനായി സ്മാർട്ബിന്നിന്റെ അടിയിൽ കാലിബാഗുകൾ വയ്ക്കാൻ ചെറിയ അറയുണ്ട്. 

ഷോമിയുടെ ചൈനീസ് ക്രൗഡ്ഫണ്ടിങ് സൈറ്റായ യുപിന്നിലാണ് സ്മാർട്ബിൻ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 2000 രൂപയാണ് വില. മി ഇലക്ട്രിക് ടൂത്ത് ബ്രഷ്, മി റോബട് ബിൽഡർ തുടങ്ങിയവയാണ് ഏറ്റവുമൊടുവിൽ ഷോമി അവതരിപ്പിച്ച ഉൽപന്നങ്ങൾ.