Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു ലക്ഷത്തിന്റെ സര്‍ഫസ് ലാപ്‌ടോപ്പുകളുമായി മൈക്രോസോഫ്റ്റ്

surface-book

വിന്‍ഡോസ് കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന ബിസിനസുകാരെയും സാധാരണ ഉപയോക്താക്കളെയും ലക്ഷ്യമിട്ട് സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് പുതിയ സര്‍ഫസ് ശ്രേണിയിലുള്ള ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി. കംപ്യൂട്ടിങ് ശക്തിയിലുള്ള വര്‍ധനയും കൂടുതല്‍ സുരക്ഷയുമാണ് കമ്പനി പുതിയ പിസികളിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്. ആപ്പിളിന്റെ മാക്ബുക്കുകള്‍ക്ക് പൈസ മുടക്കാൻ വിഷമമില്ലാത്ത ഉപയോക്താക്കളെയാണ് പുതിയ മോഡലുകളിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. സര്‍ഫസ് ശ്രേണി മൈക്രോസോഫ്റ്റിന് താരതമ്യേന വിജയകരമായി ഒരു പ്രൊഡക്ട് ലൈനപ്പാണ്. ഇന്നലെ ഇന്ത്യയില്‍ പുറത്തിറക്കിയ സര്‍ഫസ് ബുക്ക് 2, ഈ ശ്രേണിയില്‍ ഇന്നേവരെ പുറത്തിറക്കിയവയില്‍ വച്ച് ഏറ്റവും ശക്തമായ മോഡലാണ്. ഇതിനൊപ്പം ഒരു സര്‍ഫസ് പ്രോ മോഡലും പുറത്തിറക്കിയിട്ടുണ്ട്.

തങ്ങളുടെ സര്‍ഫസ് ശ്രേണിയിലെ ലാപ്‌ടോപ്പുകള്‍ക്ക് ഇന്ത്യയിലും ലോകമെമ്പാടും ആരാധകരുടെ എണ്ണം അതിവേഗം കൂടുന്നതായി മൈക്രോസോഫ്റ്റ് ഇന്ത്യയുടെ മേധാവി ആനന്ദ് മഹേശ്വരി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കംപ്യൂട്ടിങ് ശക്തി എത്തിക്കാനുള്ള ശ്രമമാണ് ഈ ശ്രേണിയിലുള്ള ലാപ്‌ടോപ്പുകളെന്നും അദ്ദേഹം പറഞ്ഞു. മനോഹരമായി നിര്‍മിച്ച സര്‍ഫസ് ലാപ്‌ടോപ്പുകള്‍ സാധാരണക്കാര്‍ക്കും ബിസിനസുകാര്‍ക്കും അത്യന്തം ആകര്‍ഷകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കംപ്യൂട്ടിങ് സ്പീഡിലും സുരക്ഷയിലും മകിവു പ്രകടിപ്പിക്കുന്ന ഇവ ഉപയോക്താക്കളുടെ സര്‍ഗാത്മകത വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. ഏറ്റവും പുതിയ സര്‍ഫസ് ബുക്ക് 2, ടെക് വിദഗ്ധരുടെ ശ്രദ്ധ പിടിച്ചു പറ്റിയ മുന്‍ മോഡലിനെക്കാള്‍, അഞ്ചു മടങ്ങ് ശക്തിയുള്ളതാണെന്ന് ആനന്ദ് മഹേശ്വരി അവകാശപ്പെട്ടു. ഈ മോഡലിന്റെ പിക്‌സല്‍സെന്‍സ് ഡിസ്‌പ്ലെ ഇതിനെ ഒരു ബഹുവിഷയ സിദ്ധിയുള്ള ലാപ്‌ടോപ്പാക്കുന്നു. ഒരേസമയം അതിന് ലാപ്‌ടോപ് ആയും ടാബ്‌ലറ്റ് ആയും മാറാനാകും. കൂടാതെ ഒരു പോര്‍ട്ടബിൾ സ്റ്റുഡിയോ ആയും ഉപയോഗിക്കാനാകും.

ഇന്റലിന്റെ എട്ടാം തലമുറയിലെ പുതുപുത്തന്‍ പ്രോസസറുകളാണ് ഈ മോഡലുകള്‍ക്കു പിന്നില്‍. ഇവ ഇരട്ട കോറുള്ളവയോ നാലു കോര്‍ ഉള്ളവയോ ആണ്. ഒപ്പം ന്വിഡിയ ഗ്രാഫിക്‌സ് പ്രൊസസറുകളും (NVIDIA GeForce GPU) ഇവയ്ക്കുണ്ട്. നാലു വ്യത്യസ്ത മോഡുകളാണ് സര്‍ഫസ് 2 മോഡലുകള്‍ക്കുള്ളത് - സ്റ്റുഡിയോ മോഡ്, ലാപ്‌ടോപ് മോഡ്, വ്യൂ മോഡ്, ടാബ്‌ലറ്റ് മോഡ് എന്നിവയാണ് അവ. ടാബ് മോഡില്‍ സ്‌ക്രീന്‍ മാത്രം അടര്‍ത്തിയെടുത്ത് ഇഷ്ടാനുസരണം ഉപയോഗിക്കാം.

13.5-ഇഞ്ച് അല്ലെങ്കില്‍ 15-ഇഞ്ച് സ്‌ക്രീന്‍ സൈസുകളിലുള്ളവയാണ് ഇവ. 17-മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന തരത്തിലാണ് ബാറ്ററിയെന്നും കമ്പനി പറഞ്ഞു. കൂടെ ഇറങ്ങിയിരിക്കുന്ന സര്‍ഫസ് ലാപ്‌ടോപ്പിന് ഏഴാം തലമുറയിലെ ഇന്റല്‍ കോര്‍ പ്രൊസസറുകളാണ് ശക്തി പകരുന്നത്. ഇവയ്ക്ക് 14.5-മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. കേവലം 1.25 കിലോയാണു ഭാരമെന്നത് എവിടെയും കൊണ്ടുപോകാമെന്നത് ഉറപ്പാക്കുന്നു. സവിശേഷമായ കീബോർഡും ഇതിനുണ്ട്.

Surface-Book2

ഈ മോഡലുകള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ക്രോമാ റീറ്റെയ്ല്‍, റിലയന്‍സ്, വിജയ് സെയിൽസ് എന്നീ ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രങ്ങളിലും മൈക്രോസോഫ്റ്റ് സ്റ്റോറുകളിലും മൈക്രോസോഫ്റ്റ് അംഗീകരിച്ച വില്‍പ്പനക്കാരിലൂടെയും ലഭിക്കും. സര്‍ഫസ് ലാപ്‌ടോപ്പിന്റെ തുടക്ക മോഡലിന്റെ വില 86,999 രൂപയാണ്. സര്‍ഫസ് ബുക്ക് 2ന്റെ തുടക്ക വില 1,37,999 രൂപയാണ്. എന്നാല്‍, ബിസിനസുകാര്‍ക്കും പവര്‍ യൂസര്‍മാര്‍ക്കും താത്പര്യജനകമായ സര്‍ഫസ് ബുക്ക് 2ന്റെ വില 2,95,999 രൂപയാണ്.

related stories