Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒപ്പം നടക്കാൻ ഒരു ഡോക്ടർ; സീരിസ് 4 ആപ്പിള്‍ വാച്ചുകള്‍ വിസ്മയിപ്പിക്കും

Apple-WAtch-Series-4

സെപ്റ്റംബർ 12ന് ഐപാഡ് പ്രോ, മാക്ബുക്ക് എയര്‍ തുടങ്ങി ആറോളം പുതിയ ഉൽപ്പന്നങ്ങൾ ആപ്പിള്‍ അവതരിപ്പിക്കുമെന്ന് കേട്ടിരുന്നെങ്കിലും പുതിയ ഐഫോണുകളും, ആപ്പിള്‍ വാച്ചുകളും മാത്രമാണ് കമ്പനി അവതരിപ്പിച്ചത്.

വാച്ച് സീരിസിന് ഇന്ത്യയില്‍ ഒരു പ്രത്യേകതയുണ്ട്- രാജ്യത്ത് ഏറ്റവുമധികം വിറ്റു പോകുന്ന സ്മാര്‍ട് വാച്ചാണിത്. ആപ്പിളിന് ഇന്ത്യയില്‍ ഏറ്റവുമധികം വിപണി സാധ്യതയുള്ളതും വാച്ചിനാണ്. ഇന്ത്യയില്‍ വിൽക്കുന്ന സ്മാര്‍ട് വാച്ചുകളില്‍ 35 ശതമാനവും ആപ്പിള്‍ വാച്ചാണത്രെ. എന്നാല്‍, ഇന്ത്യയില്‍ ഐഫോണിന്റെ സാന്നിധ്യം ഏകദേശം 2 ശതമാനം മാത്രമാണ്.

മുന്‍ വര്‍ഷത്തെക്കാള്‍ ബെസല്‍ കുറച്ചു നിര്‍മിച്ചിരിക്കുന്നു എന്നതാണ് പുതിയ സീരിസിന്റെ ഒരു പ്രത്യേകത. കൂടുതല്‍ വലുപ്പമുള്ള ഡിസ്‌പ്ലെയുമാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 30 ശതമാനം വലുപ്പമുള്ള സ്‌ക്രീന്‍ എന്നാണ് കമ്പനി പറയുന്നത്. സ്പീക്കറിന് 50 ശതമാനം ശബ്ദം കൂടുതലുണ്ടെന്നും പറയുന്നു. അതിനാല്‍ വിലയും മുന്‍വര്‍ഷങ്ങളിലേക്കാള്‍ കൂടുതലാണ്. ആപ്പിള്‍ തന്നെ സൃഷ്ടിച്ച പുതിയ S4 പ്രൊസസറാണ് വാച്ചിനു നല്‍കിയിരിക്കുന്നത്. വാച്ചിനു പുതിയ മുഖങ്ങള്‍ (faces) നല്‍കിയിട്ടുണ്ട്. അടുത്ത തലമുറയിലെ ആക്‌സലറോമീറ്ററും ജൈറോസ്‌കോപ്പും വാച്ചിനുണ്ട്. ചലനം എട്ടിരട്ടി കൂടുതല്‍ വ്യക്തമായി അളക്കാമെന്നതാണ് ഇതിന്റെ ഗുണം. വാച്ചണിഞ്ഞയാള്‍ വീണാല്‍ അതിന് തിരിച്ചറിയാന്‍ സാധിക്കും. വേണമെങ്കില്‍ എമര്‍ജന്‍സി കോള്‍ തനിയെ നടത്തുകയും ചെയ്യും.

apple-watch-launch

വാച്ചിന് ഇസിജി സപ്പോര്‍ട്ടും കിട്ടിയിരിക്കുന്നു. വാച്ചിന്റെ ഡിജിറ്റല്‍ ക്രൗണില്‍ വിരല്‍ വച്ചാല്‍ ഇസിജി അളക്കാന്‍ സാധിക്കും. ഹൃദയമിടിപ്പിന്റെ വൈദ്യുത ഇംപള്‍സ് അറിയാനുള്ള ശേഷി ഇതിനുണ്ട്. മൊത്തം 30 സെക്കന്‍ഡ് മാത്രമാണ് ഇതിനെടുക്കുക. അമേരിക്കയിലായിരിക്കും ഈ ഫീച്ചര്‍ ആദ്യമെത്തുക. ഈ വര്‍ഷം അവസാനം എത്തുമെന്നു പറയുന്ന ഈ ഫീച്ചര്‍ പിന്നീടു മാത്രമേ മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കു കിട്ടൂ.

മൈന്‍ഡ്ഫുള്‍നെസ് ആപ്പാണ് മറ്റൊരു സവിശേഷത. എട്ടു തരം മുഖങ്ങള്‍ വാച്ചിനു സ്വീകരിക്കാന്‍ സാധിക്കും. സ്വൈപ്പു ചെയ്താല്‍ ഓരോ മുഖവും കിട്ടും. ഒരാളുടെ സ്ഥലത്തെ അന്തരീക്ഷോഷ്മാവ് തുടങ്ങിയ കാര്യങ്ങള്‍ കാണാം. പുതിയ ചിപ്പ്, ഇരട്ട കോറുള്ള 64-ബിറ്റ് ശേഷിയുള്ളതാണ്. വളരെ പ്രതികരണശേഷി അനുഭവിക്കാവുന്ന രീതിയിലാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. കൈയ്യില്‍ കെട്ടിയാല്‍ ഭാരം തോന്നില്ല എന്നതും ഒരു നിര്‍മാണ മികവായി കാണാം.

ഇലക്ട്രോ കാര്‍ഡിയോഗ്രാം തന്നെയാണ് ഇതിന്റെ പ്രധാന പുതിയ ഫീച്ചര്‍. ഹൃദയത്തിന്റെ അവസ്ഥ ഉപയോക്താവിനു തന്നെ അറിയാം. ഹൃദയമിടിപ്പു താഴ്ന്നാലും ഉപയോക്താവിനെ അറിയിക്കും. ഹൃദയ സംബന്ധമായ കാര്യങ്ങള്‍ ഇങ്ങനെ ഉപയോക്താവിനെ നേരിട്ടറിയിക്കുന്ന ആദ്യ വാച്ചായിരിക്കാം ഇതെന്നാണ് കരുതുന്നത്. ഹൃദയ പ്രശ്‌നങ്ങള്‍ കാണിച്ചാല്‍ എമര്‍ജന്‍സി നമ്പറുകളില്‍ വിളിച്ചറിയിക്കാന്‍ പാകത്തിന് വാച്ച് സെറ്റു ചെയ്യാം. പ്രായമായവര്‍ക്ക് ഇതു പ്രയോജനപ്പെടുമെന്നു കരുതുന്നു.