Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എവിടെ എയര്‍പവര്‍‍: ആപ്പിള്‍ എന്‍ജനീയര്‍മാർ പരാജയപ്പെട്ടോ?

apple-airpower

കഴിഞ്ഞ വര്‍ഷമാണ് ആപ്പിള്‍ ആദ്യമയി അവരുടെ ഐഫോണുകള്‍ക്ക് വയര്‍ലെസ് ചാര്‍ജിങ് ഫീച്ചര്‍ കൊണ്ടുവന്നത്. എന്നാല്‍ അന്നവര്‍ സ്വന്തം വയര്‍ലെസ് ചാര്‍ജര്‍ അവതരിപ്പിച്ചില്ല. വയര്‍ലെസ് ചാര്‍ജിങ്ങുള്ള ഐഫോണ്‍ X, ഐഫോണ്‍ 8 തുടങ്ങിയ ഫോണുകള്‍ അവതരിപ്പിക്കുമ്പോള്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഫില്‍ ഷിലര്‍ പറഞ്ഞത് തങ്ങള്‍ക്ക് നിലവിലുള്ള വയര്‍ലെസ് ചാര്‍ജിങ് അനുഭവം ഇനിയും മെച്ചപ്പെടുത്താനാകുമെന്നും അത് മൊത്തം സ്മാര്‍ട് ഫോണ്‍ വ്യവസായത്തെയും മുന്നോട്ടു നയിക്കുക പോലും ചെയ്യുമെന്നാണ്. എയര്‍പവര്‍ ( AirPower) എന്നാണ് അവരുടെ വരാനിരിക്കുന്ന വയര്‍ലെസ് ചാര്‍ജറിന്റെ പേരായി പറഞ്ഞത്.

ഈ വര്‍ഷത്തെ ഐഫോണ്‍ അവതരണത്തിനു ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് മാധ്യമപ്രവര്‍ത്തകര്‍ ആപ്പിള്‍ വാഗ്ദാനം ചെയ്ത വയര്‍ലെസ് ചാര്‍ജര്‍ അവതരിപ്പിച്ചില്ലല്ലോ എന്ന് ഓര്‍ത്തെടുത്തത്. പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത് ആപ്പിള്‍ വയര്‍ലെസ് ചാര്‍ജര്‍ നിര്‍മിക്കാനുള്ള ശ്രമം പാടെ ഉപേക്ഷിച്ചിരിക്കാമെന്നാണ്. വയര്‍ലെസ് ചാര്‍ജിങ്ങിനെ കുറിച്ച് ഈ വര്‍ഷത്തെ ഐഫോണ്‍ അവതരണ സമയത്ത് ഒന്നും മിണ്ടിയില്ല.

എന്താണ് വയര്‍ലെസ് ചാര്‍ജിങ്? 

വയര്‍ലെസ് ചാര്‍ജര്‍ ഒരു ചെറിയ പാഡ് ആണ്. ഇതില്‍ ഐഫോണും ആപ്പിള്‍ വാച്ചും എയര്‍പോഡുമൊക്കെ വെറുതെ വച്ചാല്‍ മതി ചാര്‍ജാകും. ചാര്‍ജിങ് കേബിള്‍ കണക്ടു ചെയ്യാന്‍ നില്‍ക്കേണ്ട. കഴിഞ്ഞ വര്‍ഷം ആപ്പിള്‍ തേഡ്പാര്‍ട്ടി ചാര്‍ജറുകള്‍ അവരുടെ ഫോണുകള്‍ക്കും മറ്റും ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയാണ് ചെയ്തത്. സ്വന്തം എയര്‍പവര്‍ ഈ വര്‍ഷം അവതരിപ്പിക്കുമെന്നുമാണ് പറഞ്ഞത്. ഈ വര്‍ഷം തീരാന്‍ ഇനിയും മാസങ്ങളുണ്ട്. പക്ഷേ, ഇത്തരമൊരു ചാര്‍ജറിനെക്കുറിച്ച് ഒരു പരാമര്‍ശം പോലും ഐഫോണ്‍ അവതരണ വേദിയില്‍ നടത്താതിരുന്നതാണ് സംശയത്തിനു വഴിവച്ചത്. 

ഇതു വാര്‍ത്തയായതോടെ ടെക് എഴുത്തുകാര്‍ ആപ്പിളിന്റെ വെബ്‌സൈറ്റ് പരിശോധന തുടങ്ങി. അവിടെയും എയര്‍പവറിന്റെ പൊടി പോലുമില്ലെന്ന് അവര്‍ക്കു മനസിലായി. എല്ലായിടത്തും നിന്ന് എയര്‍പവര്‍ എന്ന വാക്ക് നീക്കം ചെയ്തിരിക്കുകയാണ്. നേരത്തെ ഉണ്ടായിരുന്ന എയര്‍പവറിന്റെ ചിത്രങ്ങളോ പരാമര്‍ശമോ ഒരിടത്തുമില്ല. എന്നാല്‍, എയര്‍പവറിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു പ്രതികരിക്കാന്‍ ആപ്പിളും തയാറായില്ല. 

ആപ്പിള്‍ സ്‌പെഷ്യല്‍ ടെക് ജേണലിസ്റ്റായ ജോണ്‍ ഗ്രബര്‍ ഊഹിക്കുന്നത് ആപ്പിള്‍ ചാര്‍ജര്‍ നിര്‍മാണത്തില്‍ ആപ്പിള്‍ ഗുരുതരമായ എൻജിനീയറിങ് പ്രശ്‌നങ്ങള്‍ നേരിട്ടിരിക്കാമെന്നാണ്. അതുകൊണ്ടാണ് ആപ്പിള്‍ വയര്‍ലെസ് സചാര്‍ജിങ്ങിന്റെ കാര്യം ഈ വര്‍ഷത്തെ ഐഫോണുകളുടെ അവതരണ സമയത്ത് മിണ്ടാതിരുന്നതെന്ന് അദ്ദേഹം പറയുന്നു. ഈ വര്‍ഷത്തെ മോഡലുകളായ, ഐഫോണ്‍ Xs, Xs മാക്‌സ്, XR എന്നിവ കഴിഞ്ഞ വര്‍ഷത്തെ മോഡലായ ഐഫോണ്‍ Xനെക്കാള്‍ വേഗത്തില്‍ വയര്‍ലെസ് ചാര്‍ജിങ് സാധിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. അതേക്കുറിച്ചു പോലും അവര്‍ ഒരു വാക്കും ഒരിടത്തും പറഞ്ഞില്ലെന്നതും ടെക് ജേണലിസ്റ്റുകള്‍ക്ക് കൂടുതല്‍ ഊഹാപോഹങ്ങള്‍ നടത്താന്‍ അനുവദിച്ചു.

കഴിഞ്ഞ വര്‍ഷം ആപ്പിള്‍ എൻജിനീയര്‍മാര്‍ സ്‌ക്രീനില്‍ തന്നെ ഒരു ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പിടിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, വിവോ തുടങ്ങിയ കമ്പനികള്‍ ഈ ഫീച്ചര്‍ കൊണ്ടുവരികയും ചെയ്തിരുന്നു. അടുത്ത വര്‍ഷത്തെ (2019) ഐഫോണുകളില്‍ ഇന്‍-സ്‌ക്രീനായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തിരിച്ചെത്തുമെന്നും വാര്‍ത്തകളുണ്ട്.